ഇന്ത്യയുടെ സിംബാബ്‌വന്‍ പര്യടനത്തിലെ ടി-20 പരമ്പരക്ക് ഇന്ന് തുടക്കം. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരത്തിനാണ് ഹരാരെ അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ തുടക്കമാകുന്നത്.
ലോകകപ്പ് വിജയത്തിന് ശേഷം ഇന്ത്യയുടെ ആദ്യ പരമ്പരയാണിത്. സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയ പരമ്പരയില്‍ ഐ.പി.എല്ലില്‍ തിളങ്ങിയ യുവതാരങ്ങളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. സൂപ്പര്‍ താരങ്ങളായ റിയാന്‍ പരാഗ്, അഭിഷേക് ശര്‍മ തുടങ്ങിയവര്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കും.
അതേസമയം, സഞ്ജു സാംസണ്‍ അടക്കമുള്ള ലോകകപ്പ് ജേതാക്കള്‍ സിംബാബ്‌വന്‍ ടൂറിനെത്തിയിട്ടില്ല. ഇവരുടെ യാത്ര വൈകുമെന്നതിനാല്‍ ജിതേഷ് ശര്‍മ, സായ് സുദര്‍ശന്‍, ഹര്‍ഷിത് റാണ എന്നിവരെ ബി.സി.സി.ഐ പകരക്കാരായി പ്രഖ്യാപിച്ചിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിലാണ് ഇവര്‍ ഇന്ത്യക്കായി കളിക്കുക.
അതേസമയം, ഇന്ത്യയുടെ മറ്റൊരു മത്സരം കൂടി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്‌സ് 2024ല്‍ പാകിസ്ഥാന്‍ ചാമ്പ്യന്‍സിനെയാണ് യുവരാജ് സിങ്ങിന്റെ നേതൃത്വത്തിലിറങ്ങുന്ന ഇന്ത്യ ചാമ്പ്യന്‍സ് നേരിടാനൊരുങ്ങുന്നത്.
ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് നടത്തുന്ന ടൂര്‍ണമെന്റാണിത്. ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണാണ് വേദി.
ഇതുവരെ കളിച്ച മത്സരങ്ങളില്‍ പരാജയമറിയാതെയാണ് ഇന്ത്യയും പാകിസ്ഥാനും ടൂര്‍ണമെന്റില്‍ മികച്ച മുന്നേറ്റം നടത്തുന്നത്. ഇരു ടീമുകളും നാല് പോയിന്റ് വീതമാണ് നേടിയതെങ്കിലും പോയിന്റ് പട്ടികയില്‍ ഇന്ത്യയാണ് മുമ്പില്‍. മികച്ച റണ്‍ റേറ്റാണ് ഇതിന് കാരണം.
ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട് ചാമ്പ്യന്‍സിനെയും കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ചാമ്പ്യന്‍സിനെയും പരാജയപ്പെടുത്തിയാണ് ഇന്ത്യ മൂന്നാം മത്സരത്തിനിറങ്ങുന്നത്.