'വിന്‍ഡീസ് അവസാനമായി ഇന്ത്യയെ തോല്‍പിക്കുമ്പോള്‍ ധോണി അരങ്ങേറുകയോ ടി-20 കണ്ടുപിടിക്കുകയോ ചെയ്തിട്ടില്ല'
Sports News
'വിന്‍ഡീസ് അവസാനമായി ഇന്ത്യയെ തോല്‍പിക്കുമ്പോള്‍ ധോണി അരങ്ങേറുകയോ ടി-20 കണ്ടുപിടിക്കുകയോ ചെയ്തിട്ടില്ല'
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 12th July 2023, 6:32 pm

ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ ടെസ്റ്റ് പരമ്പരക്ക് തുടക്കമാവുകയാണ്. ഡൊമനിക്കയിലെ വിന്‍ഡ്‌സര്‍ പാര്‍ക്കില്‍ വെച്ചാണ് രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മാച്ച് നടക്കുന്നത്. ഇരുടീമിന്റെയും വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25 സൈക്കിളിലെ ആദ്യ പരമ്പര കൂടിയാണിത്.

20 വര്‍ഷത്തിലധികമായി ഇന്ത്യയോടെ ടെസ്റ്റ് പരമ്പര നേടാന്‍ സാധിച്ചിട്ടില്ല എന്ന നാണക്കേടുമായാണ് വിന്‍ഡീസ് കളത്തിലിറങ്ങുന്നത്. പരമ്പര നേടുന്നതിലുമുപരി 2002ന് ശേഷം ഇന്ത്യയോടെ ഒരു ടെസ്റ്റ് മത്സരത്തില്‍ പോലും വിജയിക്കാന്‍ സാധിച്ചിട്ടില്ല എന്ന മോശം റെക്കോഡും വിന്‍ഡീന്റെ ചുമലിലുണ്ട്. ഇതെല്ലാം മറികടക്കണമെന്ന ഉദ്ദേശം ഒന്നുമാത്രമാകും ബ്രാത്‌വെയ്റ്റിനുണ്ടാവുക.

 

2002ല്‍ ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലാണ് കരീബിയന്‍ പട അവസാനമായി ഇന്ത്യയോട് ഒരു ടെസ്റ്റ് മത്സരമോ ടെസ്റ്റ് പരമ്പരയോ വിജയിക്കുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 2-1നാണ് കാള്‍ ഹൂപ്പറും സംഘവും വിജയിക്കുന്നത്. അവിടുന്നിങ്ങോട്ട് ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് മത്സരത്തില്‍ മെന്‍ ഇന്‍ ബ്ലൂവിന്റെ ടോട്ടല്‍ ഡോമിനേഷനായിരുന്നു ക്രിക്കറ്റ് ലോകം കണ്ടത്.

അവസാനമായി വെസ്റ്റ് ഇന്‍ഡീസ് ഇന്ത്യക്കെതിരെ ടെസ്റ്റ് മത്സരം വിജയിക്കുമ്പോള്‍,

– മഹേന്ദ്ര സിങ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയിട്ടില്ല

– സൗരവ് ഗാംഗുലിയായിരുന്നു ഇന്ത്യന്‍ ടീമിന്റെ നായകന്‍

– സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ പേരില്‍ 60 അന്താരാഷ്ട്ര സെഞ്ച്വറികള്‍ മാത്രം

– ടി-20 ഫോര്‍മാറ്റ് ഇനിയും രൂപപ്പെടുത്തിയിട്ടില്ല

– ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരം അലന്‍ ബോര്‍ഡര്‍

– 1983യിലെ ലോകകപ്പല്ലാതെ ഇന്ത്യയുടെ പേരില്‍ ഒറ്റ കിരീടമില്ല

– വെസ്റ്റ് ഇന്‍ഡീസിനെ രണ്ട് തവണ ലോകചാമ്പ്യനാക്കിയ ഡാരന്‍ സമ്മിക്ക് 18 വയസ്, വിന്‍ഡീസിനായി അരങ്ങേറ്റവും നടത്തിയിരുന്നില്ല – ഇങ്ങനെ പോകുന്ന രസകരമായ വസ്തുതകള്‍.

1948ലാണ് ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും ലോങ്ങര്‍ ഫോര്‍മാറ്റില്‍ ആദ്യമായി പരമ്പര കളിക്കുന്നത്. അന്ന് തൊട്ട് ഇന്നോളം 24 ടെസ്റ്റ് പരമ്പരകളാണ് ഇരു ടീമും കളിച്ചത്. ഇതില്‍ 12 പരമ്പരകള്‍ വിന്‍ഡീസ് സ്വന്തമാക്കിയപ്പോള്‍ പത്തെണ്ണത്തില്‍ ഇന്ത്യ വിജയിച്ചു. രണ്ട് പരമ്പരകള്‍ സമനിലയില്‍ അവസാനിക്കുകയും ചെയ്തു.

ഈ 24 പരമ്പരകളില്‍ നിന്നുമായി 98 മത്സരത്തിലാണ് ഇരു ടീമുകളും ഏറ്റുമുട്ടിയത്. ഇതില്‍ 30 മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് വിജയിച്ചപ്പോള്‍ 22 മത്സരത്തില്‍ ഇന്ത്യയും വിജയിച്ചു. 46 മത്സരങ്ങളാണ് സമനിലയില്‍ കലാശിച്ചത്.

കുറച്ചുകാലമായി ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിന് മേല്‍ പുലര്‍ത്തുന്ന സമാഗ്രാധിപത്യത്തിന് സമാനമായിരുന്നു കരീബിയന്‍ പടയുടെ ഗോള്‍ഡന്‍ ഏജില്‍ ഇന്ത്യന്‍ ടീമിന്റെയും അവസ്ഥ. 1970 സീരീസിലാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനോട് ആദ്യമായി ഒരു മത്സരം വിജയിക്കുന്നത്. അഞ്ച് പരമ്പരകളില്‍ തുടര്‍ച്ചയായ പരാജയം നേരിട്ട ഇന്ത്യ ഒറ്റ ടെസ്റ്റടങ്ങിയ ഈ മത്സരം വിജയിച്ചതോടെ ആദ്യമായി പരമ്പരയും സ്വന്തമാക്കിയിരുന്നു.

തങ്ങളുടെ മുന്‍ഗാമികള്‍ പുലര്‍ത്തിയ ഡോമിനേഷന്‍ തുടരാന്‍ രോഹിത് ശര്‍മയും സംഘവും ഒരുങ്ങുമ്പോള്‍ പരാജയഭാരം ഇറക്കിവെക്കാനാണ് ബ്രാത്‌വെയ്റ്റും ടീമും ഇറങ്ങുന്നത്.

 

Content Highlight: India vs West Indies test history