കാര്യവട്ടത്ത് വീണ്ടും കളിയാരവം മുഴങ്ങും; ഇത്തവണ ഇന്ത്യ-വിന്‍ഡീസ് ട്വന്റി-20
Cricket
കാര്യവട്ടത്ത് വീണ്ടും കളിയാരവം മുഴങ്ങും; ഇത്തവണ ഇന്ത്യ-വിന്‍ഡീസ് ട്വന്റി-20
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 3rd June 2019, 10:30 pm

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം. ഡിസംബറില്‍ നടക്കുന്ന ഇന്ത്യ-വെസ്റ്റിന്‍ഡീസ് ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരമാണ് ഇവിടെ നടക്കുക. ഡിസംബര്‍ എട്ടിനാണു മത്സരം.

നേരത്തേ ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിന മത്സരത്തിനും കാര്യവട്ടം സ്റ്റേഡിയം വേദിയായിട്ടുണ്ട്. അന്ന് കൊച്ചിയില്‍ മത്സരം നടത്താനാണ് താത്പര്യമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെ.സി.എ) നിലപാട് സ്വീകരിച്ചിരുന്നു. പിന്നീട് ഫിഫ ലോകകപ്പിനായി നിര്‍മിച്ച ടര്‍ഫ് ക്രിക്കറ്റ് നടത്താനായി നശിപ്പിക്കരുതെന്ന തരത്തില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു.

ഇതോടെയാണ് പിന്നീട് വേദി തിരുവനന്തപുരത്തേക്ക് മാറ്റിയത്. അന്നത്തെ മത്സരത്തില്‍ ഇന്ത്യ ഒമ്പത് വിക്കറ്റിന് വിന്‍ഡീസിനെ പരാജയപ്പെടുത്തുകയായിരുന്നു. ഇന്ത്യ- ന്യൂസിലന്‍ഡ് ട്വന്റി 20 മത്സരത്തിനാണ് കാര്യവട്ടം ആദ്യമായി വേദിയൊരുക്കിയത്. അന്ന് മഴ പകുതിയും കൊണ്ട് പോയ മത്സരത്തിലും ഇന്ത്യക്കായിരുന്നു വിജയം. കഴിഞ്ഞവര്‍ഷം നവംബറിലായിരുന്നു മത്സരം.

പിന്നീട് ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരവും കാര്യവട്ടത്ത് നടന്നു. ഈ കളിയില്‍ ഇന്ത്യ എ മൂന്ന് വിക്കറ്റിന് ഇംഗ്ലണ്ട് ലയണ്‍സിനെ തകര്‍ത്തു. ഇതിനിടെ സ്‌റ്റേഡിയത്തില്‍ കളി കണ്ടിരുന്നവരെ തേനീച്ചക്കൂട്ടം ആക്രമിച്ചിരുന്നു. ഗാലറിയുടെ ഒഴിഞ്ഞഭാഗത്തു കൂടുകൂട്ടിയിരുന്ന തേനീച്ചക്കൂട്ടത്തിലേക്ക് ആരോ കല്ലെറിഞ്ഞതോടെയാണു തേനീച്ചകള്‍ ആക്രമിച്ചത്. ഇതേത്തുടര്‍ന്ന് 10 മിനിറ്റോളം കളി നിര്‍ത്തിവെച്ചിരുന്നു.

ഈ സീസണലിലെ ഐ.പി.എല്‍ മത്സരങ്ങളില്‍ ഏതെങ്കിലും കാര്യവട്ടത്തു നടക്കുമോയെന്ന സംശയം ഉയര്‍ന്നിരുന്നെങ്കിലും ഉണ്ടായില്ല. ലോക്സഭാ തെരഞ്ഞെടുപ്പ് പരിഗണിച്ച് ബി.സി.സി.ഐ തയ്യാറാക്കിയ 20 വേദികളുടെ ചുരുക്കപ്പട്ടികയില്‍ തിരുവനന്തപുരവുമുണ്ടായിരുന്നു.