ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടെസ്റ്റ് മത്സരം ആരംഭിച്ചു. തുടര്‍ച്ചയായി രണ്ടാം ടെസ്റ്റിലും വിന്‍ഡീസിനായിരുന്നു ടോസ് ഭാഗ്യം ലഭിച്ചത്. ഇത്തവണ ബൗളിങ്ങാണ് വിന്‍ഡീസ് തെരഞ്ഞെടുത്തത്. ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് തമ്മിലുള്ള നൂറാമത്തെ ടെസ്റ്റ് മത്സരമാണ് രണ്ടാം ടെസ്റ്റ് എന്നുള്ളത് മത്സരത്തിന്റെ മാറ്റ് കൂട്ടുന്നു.
മത്സരത്തിന് മുന്നോടിയായി ഇരുവരും തമ്മിലുള്ള നൂറാം ടെസ്റ്റ് മത്സരമായതിന്റെ ഭാഗമായി ഇന്ത്യന്‍ ടീമിന് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് മൊമെന്റൊ നല്‍കിയിരുന്നു. നായകന്‍ രോഹിത് ശര്‍മയാണ് മൊമെന്റൊ സ്വീകരിച്ചത്. ഇരു ടീമുകളും ഒരുമിച്ച് ഫോട്ടോക്കും പോസ് ചെയ്തിരുന്നു.
ഇതുവരെ കളിച്ച 99 മത്സരത്തില്‍ വിന്‍ഡീസ് 30 മത്സരം വിജയിച്ചപ്പോള്‍ ഇന്ത്യന്‍ ടീം 23 മത്സരത്തിലാണ് വിജയിച്ചത്. 46 മത്സരം സമനിലയില്‍ കലാശിക്കുകയായിരുന്നു. രസകരമായ കാര്യമെന്തെന്നാല്‍ 2002ന് ശേഷം വിന്‍ഡീസ് ഇന്ത്യയെ ഒരു മത്സരത്തില്‍ പോലും തോല്‍പിച്ചിട്ടില്ല എന്നുള്ളതാണ്. വിന്‍ഡീസ് ജയിച്ച 30 മത്സരവും 2002ന് മുമ്പായിരുന്നു.
ഇത് വിന്‍ഡീസിന്റെ പ്രതാപകാലത്തെയാണ് സൂചിപ്പിക്കുന്നത്. ഇന്ന് ലോകകപ്പില്‍ പോലും ഇടം നേടാന്‍ സാധിക്കാതിരുന്ന വിന്‍ഡീസ് ടീമിന് ഒരു കഴിഞ്ഞ കാലമുണ്ടായിരുന്നു, അന്ന് ഇന്ത്യയൊന്നും അവര്‍ക്ക് ഒരു എതിരാളിയേ അല്ലായിരുന്നു എന്നാണ് ചരിത്രം പരിശേധിക്കുമ്പോള്‍ കാണാന്‍ സാധിക്കുന്നത്.
A special memento for Indian team for the 100th Test between India vs West Indies. pic.twitter.com/HVvc1eN0PN
രണ്ടാം മത്സരത്തില്‍ വിജയിച്ചുകൊണ്ട് പരമ്പര സമനിലയാക്കാനും 2002ന് ശേഷം ഇന്ത്യക്കെതിരെ ജയിക്കാം എന്നുമുള്ള പ്രതീക്ഷയിലാണ് വിന്‍ഡീസെങ്കില്‍ രണ്ടാം മത്സരവും വിജയിച്ചുകൊണ്ട് പരമ്പര നേടാനാണ് ഇന്ത്യ ശ്രമിക്കുക.
രണ്ടാം മത്സരത്തില്‍ ഒരു മാറ്റവുമായാണ് ഇന്ത്യന്‍ ടീം ഇറങ്ങിയത്. പരിക്കേറ്റ ഷര്‍ദുല്‍ താക്കൂറിന് പകരം അരങ്ങേറ്റക്കാരന്‍ മുകേഷ് കുമാറാണ് കളത്തിലിറങ്ങിയത്. പേസ് ബൗളറായ മുകേഷ് കുമാര്‍ ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപിറ്റല്‍സിന്റെ താരമാണ്.
ആദ്യ മത്സരത്തില്‍ ഒരിന്നിങ്‌സിനും 141 റണ്‍സിനുമായിരുന്നു ഇന്ത്യ വിജയിച്ചത്. ഇന്ത്യക്കായി ജെയ്‌സ്വാള്‍ ആദ്യ ഇന്നിങ്‌സില്‍ 171 റണ്‍സ് നേടിയ ജെയ്‌സ്വാളാണ് കളിയിലെ താരമായത്. രണ്ട് ഇന്നിങ്‌സില്‍ നിന്നുമായി ആര്‍. അശ്വിന്‍ 12 വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു.