| Monday, 8th August 2022, 9:35 am

സഞ്ജുവിന്റെ സ്വപ്‌നങ്ങളെ തല്ലിക്കെടുത്തിയ, ഓഫ് സ്റ്റംപ് പമ്പരം പോലെ കറക്കിയ ഇവന്‍ ആര്?

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ അവസാന മത്സരത്തിലും ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 4-1നായിരുന്നു ഇന്ത്യ സ്വന്തമാക്കിയത്.

സീനിയര്‍ താരങ്ങള്‍ക്കെല്ലാം വിശ്രമം അനുവദിച്ച മത്സരത്തില്‍ ഹര്‍ദിക് പാണ്ഡ്യയായിരുന്നു ഇന്ത്യയെ നയിച്ചത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 188 റണ്‍സായിരുന്നു സ്വന്തമാക്കിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് നൂറ് റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. പരമ്പര തോറ്റെങ്കിലും അവസാന മത്സരത്തില്‍ ഓഡിയന്‍ സ്മിത് എന്ന സൂപ്പര്‍ താരത്തിന്റെ പ്രകടനമോര്‍ത്ത് വിന്‍ഡീസിന് അഭിമാനിക്കാന്‍ സാധിക്കും.

ബാറ്റിങ്ങില്‍ ഡക്കായെങ്കിലും ബൗളിങ്ങില്‍ ഒരു റണ്‍ ഔട്ടടക്കം നാല് വിക്കറ്റായിരുന്നു ഓഡിയന്‍ സ്വന്തമാക്കിയത്. നാല് ഓവറില്‍ 33 റണ്‍സ് വഴങ്ങിയായിരുന്നു ഈ ബൗളിങ് ഓള്‍ റൗണ്ടര്‍ കളം നിറഞ്ഞാടിയത്.

മലയാളി താരം സഞ്ജു സാംസണെ പുറത്താക്കിയായിരുന്നു ഓഡിയന്റെ തുടക്കം. ഓഡിയന്റെ പേസിന് മുമ്പില്‍ ഉത്തരമില്ലാതെയായിരുന്നു സഞ്ജു മടങ്ങിയത്. തന്റെ ഓഫ് സ്റ്റംപ് തെറിക്കുന്നത് നോക്കി നില്‍ക്കാന്‍ മാത്രമായിരുന്നു സഞ്ജുവിന് സാധിച്ചത്.

‘ഓഫ് സ്റ്റംപ് കാര്‍ട്ട് വീലിങ് എവിഡന്‍സ് ഓഫ് ഹിസ് പേസ്’ എന്ന കമന്റേറ്റര്‍ പറഞ്ഞത് വെറുതെയായിരുന്നില്ല. അക്ഷരാര്‍ത്ഥത്തില്‍ അത് ഒരൊന്നൊന്നര ഡെലിവറി തന്നെയായിരുന്നു.

സഞ്ജുവിന് ശേഷം ദിനേഷ് കാര്‍ത്തിക്കായിരുന്നു ഓഡിയന്‍ സ്മിത്തിന്റെ ഇര. വിക്കറ്റിന് മുമ്പില്‍ കുടുക്കിയായിരുന്നു താരം ഡി.കെയെ മടക്കിയത്.

ഇതിന് പിന്നാലെ ഹര്‍ദിക്കിനെ റണ്‍ ഔട്ടാക്കുകയും അക്‌സര്‍ പട്ടേലിനെ ക്യാപ്റ്റന്‍ നിക്കോളാസ് പൂരന്റെ കൈകളില്‍ എത്തിച്ചും താരം മടക്കുകയായിരുന്നു ചെയ്തു.

ബൗളിങ്ങില്‍ തിളങ്ങിയെങ്കിലും ബാറ്റിങ്ങില്‍ ഒന്നും ചെയ്യാന്‍ സ്മിത്തിനായില്ല. പൂജ്യത്തിന് പുറത്തായ അഞ്ച് പേരില്‍ ഒരാളായിരുന്നു സ്മിത്. കുല്‍ദീപ് യാദവിന്റെ പന്തില്‍ ഇന്ത്യന്‍ നായകന്‍ ഹര്‍ദിക് പാണ്ഡ്യയ്ക്ക് ക്യാച്ച് നല്‍കിയായിരുന്നു ഓഡിയന്റെ മടക്കം.

ആ വര്‍ഷം ആദ്യമായിട്ടായിരുന്നു താരം ഐ.പി.എല്ലിനെത്തിയത്. സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സിലേക്ക് സ്മിത്ത് എത്തുമെന്നായിരുന്നു നിരവധി ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ താരം പഞ്ചാബ് കിങ്‌സിലേക്കായിരുന്നു എത്തിയത്.

ഐ.പി.എല്ലിലും തരക്കേടില്ലാത്ത പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്.

അതേസമയം, ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് ശ്രേയസ് അയ്യരും ദീപക് ഹൂഡയും ചേര്‍ന്ന് മികച്ച സ്‌കോര്‍ സമ്മാനിച്ചിരുന്നു. 40 പന്തില്‍ നിന്നും 64 റണ്‍സുമായി അയ്യരും 25 പന്തില്‍ നിന്നും 38 റണ്‍സുമായി ഹൂഡയും പുറത്തായി.

ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയും മോശമാക്കിയില്ല. 16 പന്തില്‍ നിന്നും രണ്ട് വീതം ഫോറും സിക്സറുമായി 28 റണ്‍സാണ് പാണ്ഡ്യ സ്വന്തമാക്കിയത്. ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 188 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ ഇന്നിങ്സ് അവസാനിപ്പിച്ചു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിന് തുടക്കത്തിലേ പിഴച്ചിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ ആദ്യ റണ്‍ ചേര്‍ക്കുന്നതിന് മുമ്പ് തന്നെ ജേസണ്‍ ഹോള്‍ഡറിനെ അക്സര്‍ പട്ടേല്‍ പുറത്താക്കിയിരുന്നു.

നാലാമനായി ഇറങ്ങിയ ഷിംറോണ്‍ ഹെറ്റ്മെയര്‍ മാത്രമാണ് പിടിച്ചുനിന്നത്. 35 പന്തില്‍ നിന്നും അഞ്ച് ഫോറും ആറ് സികസറുമായി 56 റണ്‍സാണ് ഹെറ്റ്‌മെയര്‍ സ്വന്തമാക്കിയത്.

ഷമാര്‍ ബ്രൂക്സ് നേടിയ 13 റണ്‍സാണ് വിന്‍ഡീസ് നിരയിലെ രണ്ടാമത്ത മികച്ച സ്‌കോര്‍. ഇവര്‍ക്കു പുറമെ ഡെവോണ്‍ തോമസ് മാത്രമാണ് ഇരട്ടയക്കം കണ്ടത്. അഞ്ച് വിന്‍ഡീസ് താരങ്ങള്‍ ഡക്കായാണ് മടങ്ങിയത്.

2.4 ഓവറില്‍ 16 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ രവി ബിഷ്ണോയിയും മൂന്ന് ഓവറില്‍ 15 റണ്‍സ് നേടി മൂന്ന് വിക്കറ്റ് വീഴ്ത്തിയ അക്സര്‍ പട്ടേലും നാല് ഓവറില്‍ 12ന് മൂന്ന് വിക്കറ്റ് നേടിയ കുല്‍ദീപ് യാദവുമാണ് വിന്‍ഡീസിനെ കറക്കിവീഴ്ത്തിയത്.

Content highlight: India vs West Indies Odean Smith brilliant in bowling for West Indies

We use cookies to give you the best possible experience. Learn more