വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ടി-20യില്‍ ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ തുടക്കം മുതല്‍ക്കുതന്നെ ആഞ്ഞടിച്ചിരുന്നു.
ഓപ്പണര്‍മാര്‍ നല്‍കിയ തുടക്കത്തില്‍ മറ്റുള്ളവരും മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സാണ് സ്വന്തമാക്കിയത്.
രോഹിത് ശര്‍മയുടെ വെടിക്കെട്ടായിരുന്നു ആദ്യം കണ്ടത്. മൂന്ന് സിക്‌സറും രണ്ട് ഫോറുമടക്കം 16 പന്തില്‍ നിന്നും 33 റണ്‍സ് നേടിയാണ് രോഹിത് ശര്‍മ കളം വിട്ടത്. 206.25 സ്‌ട്രൈക്ക് റേറ്റില്‍ റണ്ണടിച്ചുകൂട്ടിയ രോഹിത് ശര്‍മ മത്സരത്തില്‍ നിന്നും ഒരു റെക്കോഡും സ്വന്തമാക്കിയിരുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം സിക്‌സറടിച്ച രണ്ടാമത്തെ ബാറ്റര്‍ എന്ന റെക്കോഡാണ് താരത്തെ തേടിയെത്തിയിരിക്കുന്നത്. 477 സിക്‌സറാണ് രോഹിത് ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ നിന്നും സ്വന്തമാക്കിയത്.
രോഹിത് ശര്‍മ കമ്പക്കെട്ടിന് തിരികൊളുത്തിയപ്പോള്‍ സഹ ഓപ്പണര്‍ സൂര്യകുമാര്‍ യാദവും ഒട്ടും മോശമാക്കിയില്ല. 14 പന്തില്‍ നിന്നും 24 റണ്‍സുമായി അല്‍സാരി ജോസഫിന്റെ പന്തില്‍ വിക്കറ്റിന് മുമ്പില്‍ കുടുങ്ങിയായിരുന്നു സ്‌കൈയുടെ മടക്കം.
പിന്നാലെയെത്തിയ ദീപക് ഹൂഡ 19 പന്തില്‍ 21 റണ്‍സെടുത്ത് പുറത്തായപ്പോള്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററും വൈസ് ക്യാപ്റ്റനുമായ റിഷബ് പന്ത് തന്റെ ക്ലാസ് ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ചു.
31 പന്തില്‍ നിന്നും 44 റണ്‍സെടുത്താണ് പന്ത് കരുത്തുകാട്ടിയത്. ആറ് ബൗണ്ടറിയുമായി കളം നിറഞ്ഞാടിയ പന്ത് 141.94 സ്‌ട്രൈക്ക് റേറ്റിലായിരുന്നു സ്‌കോര്‍ പടുത്തുയര്‍ത്തിയത്.
.@RishabhPant17 top-scored for #TeamIndia and was our top performer from the first innings of the 4th #WIvIND T20I. 👌 👌
A summary of his knock 🔽 pic.twitter.com/0GjTI3TRyx
— BCCI (@BCCI) August 6, 2022
ടീമില്‍ ഇടം നേടിയ സഞ്ജു സാംസണും അക്‌സര്‍ പട്ടേലും അവസരമറിഞ്ഞു തന്നെ കളിച്ചു. 23 പന്തില്‍ നിന്നും 30 റണ്‍സുമായി സഞ്ജുവും എട്ട് പന്തില്‍ നിന്നും 20 റണ്‍സുമായി അക്‌സര്‍ പട്ടേലും പുറത്താവാതെ നിന്നു.
ഇന്ത്യന്‍ നിരയില്‍ ദിനേഷ് കാര്‍ത്തിക് മാത്രമാണ് അല്‍പ്പമെങ്കിലും മങ്ങിയത്. ഇരട്ടയക്കം കാണാതെ മടങ്ങിയത് ഡി.കെ മാത്രമായിരുന്നു. ഒമ്പത് പന്തില്‍ നിന്നും ആറ് റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.
വിന്‍ഡീസ് നിരയില്‍ ഏറ്റവുമധികം റണ്‍സ് വഴങ്ങിയത് പേസര്‍ ഒബെഡ് മക്കോയ് ആയിരുന്നു. രണ്ടാം മത്സരത്തില്‍ ഇന്ത്യയുടെ നട്ടെല്ലൊടിച്ച മക്കോയ് ഫ്‌ളോറിഡ ടി-20യില്‍ അക്ഷരാര്‍ത്ഥത്തില്‍ ചെണ്ടയായി മാറുകയായിരുന്നു.
നാല് ഓവറില്‍ 66 റണ്‍സാണ് മക്കോയ് വിട്ടുനല്‍കിയത്. 16.50 എക്കോണമിയില്‍ റണ്‍സ് വഴങ്ങിയ മക്കോയ് രണ്ട് വിക്കറ്റും നേടിയിരുന്നു. പന്തിന്റെയും ദിനേഷ് കാര്‍ത്തിക്കിന്റെയും വിക്കറ്റാണ് താരം നേടിയത്.
മക്കോയ്ക്ക് പുറമെ അല്‍സാരി ജോസഫ് രണ്ടും അകീല്‍ ഹൊസൈന്‍ ഒന്നും വിക്കറ്റ് വീഴ്ത്തിയിരുന്നു.
നാലാം മത്സരത്തില്‍ ജയിക്കാനായാല്‍ ഏകദിന പരമ്പരയ്ക്ക് പിന്നാലെ ടി-20 പരമ്പരയും ഇന്ത്യയ്ക്ക് സ്വന്തമാക്കാം. ഏഷ്യാ കപ്പും ടി-20 ലോകകപ്പും അടുത്തുവരവെ ഈ പരമ്പര വിജയം ഇന്ത്യയ്ക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതായിരിക്കില്ല.
Content Highlight: India vs West Indies 4th T20, India scores 191/5