ഒരേസമയം മൂന്ന് ടീമിനെ ഇറക്കി മൂന്നും ജയിക്കാം എന്ന് പറഞ്ഞവന്റെ ടീമാ, ഇപ്പോള്‍ തലവഴി മുണ്ടിട്ട് നടക്കേണ്ട അവസ്ഥ
Sports News
ഒരേസമയം മൂന്ന് ടീമിനെ ഇറക്കി മൂന്നും ജയിക്കാം എന്ന് പറഞ്ഞവന്റെ ടീമാ, ഇപ്പോള്‍ തലവഴി മുണ്ടിട്ട് നടക്കേണ്ട അവസ്ഥ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 7th August 2023, 7:52 am

ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ രണ്ടാം ടി-20യിലും ഇന്ത്യക്ക് പരാജയം. കഴിഞ്ഞ ദിവസം ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ട് വിക്കറ്റിനാണ് വിന്‍ഡീസ് ഇന്ത്യയെ തകര്‍ത്തെറിഞ്ഞത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് മോശം തുടക്കമാണ് ലഭിച്ചത്. ശുഭ്മന്‍ ഗില്‍ ഒമ്പത് പന്തില്‍ ഏഴ് റണ്‍സിന് പുറത്തായപ്പോള്‍ ടി-20 സ്‌പെഷ്യലിസ്റ്റ് സൂര്യകുമാര്‍ യാദവ് മൂന്ന് പന്തില്‍ ഒറ്റ റണ്‍സുമായി പുറത്തായി. ആരാധകര്‍ ഏറെ പ്രതീക്ഷ വെച്ച സഞ്ജു സാംസണും നിരാശപ്പെടുത്തി. ഏഴ് പന്തില്‍ ഏഴ് റണ്‍സ് നേടി നില്‍ക്കവെ അനാവശ്യ ഷോട്ടിന് ശ്രമിച്ച് പുറത്താവുകയായിരുന്നു.

നാലാം നമ്പറില്‍ കളത്തിലിറങ്ങി മികച്ച പ്രകടനം കാഴ്ചവെച്ച തിലക് വര്‍മയുടെ കരുത്തിലാണ് ഇന്ത്യ പൊരുതാവുന്ന സ്‌കോറിലേക്ക് നടന്നുകയറിയത്. കരിയറിലെ രണ്ടാം അന്താരാഷ്ട്ര മത്സരം മാത്രം കളിക്കുന്ന തിലക് കരിയറിലെ ആദ്യ അന്താരാഷ്ട്ര അര്‍ധ സെഞ്ച്വറി തികച്ചാണ് കയ്യടി നേടിയത്.

41 പന്തില്‍ നിന്നും 51 റണ്‍സ് നേടിയാണ് താരം പുറത്തായത്. അഞ്ച് ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടെയാണ് താരം റണ്ണടിച്ചുകൂട്ടിയത്.

തിലകിന് പുറമെ 23 പന്തില്‍ 27 റണ്‍സ് നേടിയ ഇഷാന്‍ കിഷനും 18 പന്തില്‍ 24 റണ്‍സടിച്ച ഹര്‍ദിക് പാണ്ഡ്യയും ഇന്ത്യന്‍ സ്‌കോറിങ്ങില്‍ നിര്‍ണായകമായി.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സിലെത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയര്‍ക്കും തുടക്കം അമ്പേ പാളി. ഓപ്പണര്‍ ബ്രാന്‍ഡന്‍ കിങ്ങിനെ ഗോള്‍ഡന്‍ഡക്കായി മടക്കിയ ഹര്‍ദിക് പാണ്ഡ്യ ആദ്യ ഓവറിലെ നാലാം പന്തില്‍ ജോണ്‍സണ്‍ ചാള്‍സിനെയും മടക്കി.

എന്നാല്‍ നാലാം നമ്പറില്‍ കളത്തിലിറങ്ങിയ നിക്കോളാസ് പൂരന്റെ വെടിക്കെട്ടില്‍ ഇന്ത്യ തകര്‍ന്നടിയുകയായിരുന്നു. അര്‍ധ സെഞ്ച്വറിയുമായി ആഞ്ഞടിച്ച പൂരന്‍ സ്റ്റോമില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ നിന്ന് വിറച്ചു.

40 പന്തില്‍ ആറ് ബൗണ്ടറിയും നാല് സിക്‌സറുമായി 67 റണ്‍സാണ് പൂരന്‍ നേടിയത്. 19 പന്തില്‍ 21 റണ്‍സ് നേടിയ ക്യാപ്റ്റന്‍ റോവ്മന്‍ പവലും 22 പന്തില്‍ 22 റണ്‍സ് നേടിയ ഷിംറോണ്‍ ഹെറ്റ്‌മെയറും വിന്‍ഡീസ് സ്‌കോറിങ്ങില്‍ കരുത്തായപ്പോള്‍ ഏഴ് പന്തും രണ്ട് വിക്കറ്റും ബാക്കി നില്‍ക്കെ വിന്‍ഡീസ് വിജയം പിടിച്ചടക്കുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 2-0ന് ലീഡ് നേടാനും വിന്‍ഡീസിനായി.

ഈ തോല്‍വിക്ക് പിന്നാലെ ഹര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിക്കെതിരെയും വിമര്‍ശനമുയരുന്നുണ്ട്. നിര്‍ണായക ഘട്ടത്തില്‍ ചഹലിന് നാലാം ഓവര്‍ നല്‍കാത്തതും അത് യുവതാരം മുകേഷ് കുമാറിന് നല്‍കിയതുമെല്ലാം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ആരാധകര്‍ രംഗത്തെത്തിയിരിക്കുന്നത്.

ഇതിന് പുറമെ താരത്തിന്റെ പഴയ പ്രസ്താവനയും ചര്‍ച്ചയാകുന്നുണ്ട്. ഇന്ത്യയുടെ ബെഞ്ച് സ്‌ട്രെങ്ത് അപാരമാണെന്നും ഒരേ സമയം മൂന്ന് ടീമിനെ കളത്തിലിറക്കാനും ജയിക്കാനും സാധിക്കുമെന്നാണ് പാണ്ഡ്യ പറഞ്ഞിരുന്നത്.

എന്നാല്‍ അതേ പാണ്ഡ്യയുടെ നേതൃത്വത്തിലിറങ്ങിയ ടീം തുടര്‍ച്ചയായ രണ്ടാം മത്സരവും പരാജയപ്പെട്ട് പരമ്പര നഷ്ടപ്പെടുന്നതിന്റെ വക്കിലാണ്. ഇനി ശേഷിക്കുന്ന മൂന്ന് മത്സരത്തില്‍ മൂന്നും വിജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാന്‍ സാധിക്കൂ.

ചൊവ്വാഴ്ചയാണ് പരമ്പരയിലെ മൂന്നാം മത്സരം. പ്രൊവിന്‍ഡന്‍സ് സ്റ്റേഡിയം തന്നെയാണ് വേദി. പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ ഇന്ത്യക്ക് ഈ മത്സരത്തില്‍ വിജയം അനിവാര്യമാണ്.

 

Contented Highlight: India vs West Indies, 2nd T20, WI defeated India by 2 wickets