മത്സരത്തിന് മുമ്പേ വെടിക്കെട്ട്, തകര്‍ത്തടിച്ച് സഞ്ജുവും കൂട്ടരും; പ്രൊവിഡന്‍സില്‍ തീ പാറും
Sports News
മത്സരത്തിന് മുമ്പേ വെടിക്കെട്ട്, തകര്‍ത്തടിച്ച് സഞ്ജുവും കൂട്ടരും; പ്രൊവിഡന്‍സില്‍ തീ പാറും
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 6th August 2023, 7:16 pm

ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ രണ്ടാം മത്സരത്തിനുള്ള മുന്നൊരുക്കത്തിലാണ് ഇന്ത്യന്‍ ടീം. ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയത്തിലാണ് രണ്ടാം മത്സരം അരങ്ങേറുന്നത്.

ആദ്യ മത്സരത്തിലേറ്റ പരാജയത്തിന്റെ അപമാന ഭാരം ചുമലില്‍ നിന്നും ഇറക്കിവെക്കാനാകും ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങുക. പരമ്പരയില്‍ തിരിച്ചുവരണമെങ്കില്‍ പ്രൊവിഡന്‍സ് സ്റ്റേഡിയത്തില്‍ നടക്കുന്ന രണ്ടാം ടി-20യില്‍ ഇന്ത്യക്ക് വിജയം അനിവാര്യമാണ്.

മത്സരത്തിന് മുമ്പ് ബി.സി.സി.ഐ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെച്ച വീഡിയോ ആരാധകര്‍ക്കിടയില്‍ തരംഗമാവുകരയാണ്. ഇന്ത്യന്‍ താരങ്ങളുടെ നെറ്റ്‌സ് സെഷന്റെ വീഡിയോ ആണ് ബി.സി.സി.ഐ പങ്കുവെച്ചിരിക്കുന്നത്.

തകര്‍പ്പന്‍ ഷോട്ടുകളുമായി ബാറ്റര്‍മാര്‍ തകര്‍ത്തടിക്കുമ്പോള്‍ ബൗളിങ് യൂണിറ്റിന് മൂര്‍ച്ച കൂട്ടാനുള്ള ശ്രമവുമായി പേസര്‍മാരും സ്പിന്നര്‍മാരും ഒപ്പമുണ്ട്.

അവസാന നെറ്റ്‌സ് സെഷനില്‍ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍, ടി-20 സ്‌പെഷ്യലിസ്റ്റ് സൂര്യകുമാര്‍ യാദവ്, ശുഭ്മന്‍ ഗില്‍ എന്നിവര്‍ ഏറെ നേരം ബാറ്റ് ചെയ്തിരുന്നു.

ഉമ്രാന്‍ മാലിക്, അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍ മുകേഷ് കുമാര്‍, യൂസ്വേന്ദ്ര ചഹല്‍ എന്നിവര്‍ പന്തെറിയുന്നതും വീഡിയോയിലുണ്ട്.

ബാറ്റിങ്ങിനെ തുണയ്ക്കുന്ന പ്രൊവിന്‍ഡന്‍സ് സ്റ്റേഡിയത്തിന്റെ സകല അഡ്വാന്റേജും മുതലാക്കാന്‍ വേണ്ടിയാകും ഇന്ത്യയൊരുങ്ങുക. ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ച് ആണെങ്കില്‍ക്കൂടിയും 50 റണ്‍സിന്റെ കുറഞ്ഞ ടോട്ടല്‍ ഡിഫന്‍ഡ് ചെയ്ത് വിജയിച്ച ചരിത്രവും പ്രൊവിഡന്‍സിലെ പിച്ചിനുണ്ട്. അതിനാല്‍ തന്നെ മത്സരത്തിന് മുമ്പ് സാധ്യതകള്‍ വിലയിരുത്തുക അസാധ്യമാണ്.

ഓഗസ്റ്റ് മൂന്നിന് ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമിയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ നാല് റണ്‍സിന് പരാജയപ്പെട്ടിരുന്നു. വിന്‍ഡീസ് ഉയര്‍ത്തിയ 149 റണ്‍സിന്റെ ടോട്ടല്‍ ചെയ്‌സ് ചെയ്തിറങ്ങിയ ഇന്ത്യക്ക് 145 റണ്‍സ് മാത്രമാണ് നേടാന്‍ സാദിച്ചത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വിന്‍ഡീസിനെ 149 എന്ന താരതമ്യേന ചെറിയ സ്‌കോറില്‍ ഒതുക്കിയെങ്കിലും ആ അഡ്വാന്റേജ് മുതലാക്കാന്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് സാധിച്ചില്ല. അരങ്ങേറ്റക്കാരന്‍ തിലക് വര്‍മയടക്കമുള്ള താരങ്ങള്‍ പ്രതീക്ഷ തെറ്റിച്ചപ്പോള്‍ ഇന്ത്യ ആദ്യ മത്സരത്തില്‍ പരാജയം ചോദിച്ചുവാങ്ങി.

 

പരമ്പര സജീവമാക്കി നിര്‍ത്താനുള്ള ഇന്ത്യക്ക് വിലങ്ങുതടിയാകാന്‍ തന്നെയാണ് വിന്‍ഡീസും ഒരുങ്ങുന്നത്. ജയപരാജയങ്ങള്‍ അപ്രവചനീയമായ പ്രൊവിഡന്‍സില്‍ പോരാട്ടം തീ പാറുമെന്നുറപ്പാണ്.

 

ഇന്ത്യ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, യശസ്വി ജെയ്സ്വാള്‍, അക്സര്‍ പട്ടേല്‍, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അര്‍ഷ്ദീപ് സിങ്, ആവേശ് ഖാന്‍, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍, രവി ബിഷ്ണോയ്, ഉമ്രാന്‍ മാലിക്, യൂസ്വേന്ദ്ര ചഹല്‍.

വെസ്റ്റ് ഇന്‍ഡീസ് സ്‌ക്വാഡ്

റോവ്മന്‍ പവല്‍ (ക്യാപ്റ്റന്‍), കൈല്‍ മയേഴ്‌സ് (വൈസ് ക്യാപ്റ്റന്‍), ജോണ്‍സണ്‍ ചാള്‍സ്, റോസ്ടണ്‍ ചേസ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ജേസണ്‍ ഹോള്‍ഡര്‍, ഷായ് ഹോപ്, അകീല്‍ ഹൊസൈന്‍, അല്‍സാരി ജോസഫ്, ബ്രാന്‍ഡന്‍ കിങ്, ഒബെഡ് മക്കോയ്, നിക്കോളാസ് പൂരന്‍, റൊമാരിയോ ഷെപ്പേര്‍ഡ്, ഓഡിയന്‍ സ്മിത്, ഒഷാന തോമസ്.

 

Content highlight: India vs West Indies, 2nd T20 BCCI Shares video of team India’s practice session