രക്ഷകനാവാനും ടീമിന് ആവശ്യമുള്ളപ്പോള്‍ ഫോമിലെത്താനും അവനറിയാം
Sports News
രക്ഷകനാവാനും ടീമിന് ആവശ്യമുള്ളപ്പോള്‍ ഫോമിലെത്താനും അവനറിയാം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 25th July 2022, 8:40 am

ഇന്ത്യ – വെസ്റ്റ് വണ്‍ ഡേ പരമ്പരയിലെ രണ്ടാം മത്സരവും ജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു. ഓവലില്‍ വെച്ച് നടന്ന രണ്ടാം മത്സരത്തില്‍ രണ്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം.

ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍ എന്നിവരുടെ തകര്‍പ്പന്‍ ഇന്നിങ്‌സാണ് ഇന്ത്യയക്ക് തുണയായത്. അയ്യര്‍ 63ഉം സഞ്ജു 54ഉം റണ്‍സുമെടുത്ത് പുറത്തായപ്പോള്‍ അക്‌സര്‍ പട്ടേല്‍ 34 പന്തില്‍ നിന്നും പുറത്താവാതെ 64 റണ്‍സുമായി ഇന്ത്യയെ വിജയത്തിലെത്തിച്ചു.

കഴിഞ്ഞ മത്സരത്തില്‍ ബാറ്റിങ്ങിലെ മോശം പ്രകടനം കാരണം ഏറെ വിമര്‍ശനങ്ങള്‍ മിഡില്‍ ഓര്‍ഡര്‍ ബാറ്റര്‍ സഞ്ജു സാംസണ് കേള്‍ക്കേണ്ടി വന്നിരുന്നു. പാകിസ്ഥാന്‍ മുന്‍ താരം ഡാനിഷ് കനേരിയ അടക്കം സഞ്ജുവിനെതിരെ വിമര്‍ശനവുമായി എത്തിയിരുന്നു.

ബാറ്റിങ്ങില്‍ മങ്ങിയെങ്കിലും വിക്കറ്റ് കീപ്പറുടെ റോളില്‍ താരം തിളങ്ങിയിരുന്നു. ഒരുപക്ഷേ അവസാന ഓവറില്‍ സിറാജിന്റെ വൈഡ് സഞ്ജുവിന്റെ കൈകളിലെത്താതെ ബൗണ്ടറിയായിരുന്നുവെങ്കില്‍ മത്സരം ഇന്ത്യ തോല്‍ക്കുമെന്നുറപ്പായിരുന്നു.

മൂന്ന് റണ്‍സിനാണ് ഇന്ത്യ ജയിച്ചത് എന്നറിയുമ്പോഴാണ് സഞ്ജുവിന്റെ ആ സൂപ്പര്‍മാന്‍ സേവിന്റെ വില എത്രത്തോളുമുണ്ടെന്ന് മനസിലാവുന്നത്.

എന്നാല്‍ ആദ്യ മത്സരത്തിലെ എല്ലാ പോരായ്മകളും തീര്‍ത്തുകൊണ്ടാണ് സഞ്ജു കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയത്. മധ്യനിരയില്‍ സൂര്യകുമാര്‍ യാദവ് മാത്രം പരാജയപ്പെട്ട മത്സരത്തില്‍ സഞ്ജുവും ഹൂഡയും ഏഴാമനായി ഇറങ്ങിയ സഞ്ജുവും കളംനിറഞ്ഞു കളിച്ചു.

ടീം സ്‌കോര്‍ 79ല്‍ നില്‍ക്കവെ ക്രീസിലെത്തിയ സഞ്ജു ഇന്ത്യ 205ല്‍ നില്‍ക്കവെയാണ് മടങ്ങിയത്. ഇതിനിടെ ശ്രേയസ് അയ്യരിനൊപ്പവും ഹൂഡയ്‌ക്കൊപ്പവും മികച്ച കൂട്ടുകെട്ടുണ്ടാക്കാനും താരത്തിനായി.

ഇതോടെ കിട്ടിയ അവസരം മുതലാക്കാനറിയാത്തവന്‍, സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുന്നവന്‍ തുടങ്ങിയ ചീത്തപ്പേര് ഒരുപരിധി വരെ മാറ്റിയെടുക്കാനും സഞ്ജുവിനായി. ഇതിന് പുറമെ മൂന്നാം ഏകദിനത്തിലും ടീമിലെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് സഞ്ജു.

അതേസയം, വെസ്റ്റ് ഇന്‍ഡീസിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഷായ് ഹോപ്പും മികച്ച പ്രകടനമാണ് നടത്തിയത്. ടീമിന് വേണ്ടി സെഞ്ച്വറിയടിച്ചെങ്കിലും കരീബിയന്‍സ് ഉയര്‍ത്തിയ വിജയലക്ഷ്യം ഇന്ത്യ രണ്ട് പന്തും രണ്ട് വിക്കറ്റും ബാക്കിനില്‍ക്കെ മറികടക്കുകയായിരുന്നു.

ടോസ് നേടി ആദ്യം ബാറ്റിങ്ങ് തെരഞ്ഞെടുത്ത വെസ്റ്റ് ഇന്‍ഡീസ് ഓപ്പണര്‍ ഷായ് ഹോപ്പിന്റെയും ക്യാപ്റ്റന്‍ നിക്കോളാസ് പൂരന്റെയും ഇന്നിങ്‌സിന്റെ ബലത്തില്‍ 311 റണ്‍സ് സ്വന്തമാക്കിയിരുന്നു. കൈല്‍ മയേഴ്‌സും ഷമാര്‍ ബ്രൂക്‌സും ടീം സ്‌കോറിലേക്ക് സംഭാവന ചെയ്തിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മുന്‍നിരയുടെയും മധ്യനിരയുടെയും ഹാര്‍ഡ് ഹിറ്റിങ്ങില്‍ മത്സരം പിടിച്ചടക്കുകയായിരുന്നു.

ജൂലെെ 29നാണ് പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരം. പരമ്പര വൈറ്റ് വാഷ് ചെയ്യാന്‍ ഇറങ്ങുമ്പോള്‍ സ്വന്തം കാണികള്‍ക്ക് മുമ്പില്‍ മുഖം രക്ഷിക്കാനാവും വിന്‍ഡീസ് ഇറങ്ങുന്നത്. ഓവല്‍ തന്നെയാണ് വേദി.

 

Content Highlight: India vs West Indies, 2nd ODI, Sanju Samson Back in Form