| Sunday, 24th July 2022, 7:53 pm

പരമ്പര പിടിക്കാന്‍ ഇന്ത്യ; സഞ്ജുവിനെ നിലനിര്‍ത്തി, ഒപ്പം പുതിയ താരത്തിന്റെ അരങ്ങേറ്റവും

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ വിന്‍ഡീസ് പര്യടനം തുടരുകയാണ്. ടോസ് നേടി വിന്‍ഡീസ് നായകന്‍ നിക്കോളാസ് പൂരന്‍ ബാറ്റിങ് തെരഞ്ഞെടുത്തു.

ആദ്യ മത്സരം നടന്ന ക്യൂന്‍സ് പാര്‍ക്കിലെ ഓവലില്‍ തന്നെയാണ് രണ്ടാം മത്സരവും നടക്കുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ ജയിച്ചിരുന്നു. ഇന്ന് നടക്കുന്ന മത്സരത്തിലും വിജയിക്കാനായാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാം.

ശിഖര്‍ ധവാന്‍ നയിക്കുന്ന ടീമില്‍ ഒരു മാറ്റമാണ് വരുത്തിയിട്ടുള്ളത്. രാജസ്ഥാന്‍ റോയല്‍സിന്റെ സ്റ്റാര്‍ പേസര്‍ പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം അവേശ് ഖാനാണ് ഇന്ത്യന്‍ ഇലവനില്‍ ഇടം പിടിച്ചിരിക്കുന്നത്. ആവേശ് ഖാന്റെ ഏകദിന അരങ്ങേറ്റം കൂടിയാണ് ഓവലില്‍ നടക്കുന്നത്.

മലയാളി താരം സഞ്ജു സാംസണെ ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ റോളില്‍ തന്നെയാണ് സഞ്ജു ടീമില്‍ ഇടം നേടിയിരിക്കുന്നത്. അഞ്ചാമനായി ബാറ്റിങ്ങിനും ഇറങ്ങും.

ആദ്യ മത്സരത്തില്‍ മോശം പ്രകടനം കാഴ്ചവെച്ച സഞ്ജുവിന് ഒരു അവസരം കൂടി നല്‍കുകയായിരുന്നു. ഇന്നത്തെ മത്സരത്തിലും നിരാശപ്പെടുത്തിയാല്‍ മൂന്നാം ഏകദിനത്തില്‍ നിന്ന് സഞ്ജു പുറത്താവുമെന്നുറപ്പാണ്.

കഴിഞ്ഞ മത്സരത്തില്‍ തകര്‍ന്നടിഞ്ഞ മധ്യനിരയെ കെട്ടിപ്പടുക്കാന്‍ തന്നെയാവും സൂര്യകുമാര്‍ യാദവ് – സഞ്ജു സാംസണ്‍ – ദീപക് ഹൂഡ ത്രയം ശ്രമിക്കുന്നത്. മിഡില്‍ ഓര്‍ഡറിലെ പോരായ്മ മറികടന്നാല്‍ ഇന്ത്യന്‍ ടീം ഡബിള്‍ സ്‌ട്രോങ്ങാവും.

ഇന്ത്യയില്‍ ഡി.ഡി സ്‌പോര്‍ട്‌സിലാണ് മത്സരം തത്‌സമയം കാണാന്‍ സാധിക്കുക. ഫാന്‍ കോഡ് ആപ്ലിക്കേഷന്‍ വഴി ലൈവ് സ്ട്രീമിങ്ങുമുണ്ട്. വെസ്റ്റ് ഇന്‍ഡീസില്‍ സ്‌പോര്‍ട്‌സ് മാക്‌സിലാണ് ലൈവ് സംപ്രേക്ഷണം.

അതേസമയം, വെസ്റ്റ് ഇന്‍ഡീസ് എട്ട് ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 63 റണ്‍സ് നേടിയിട്ടുണ്ട്.

ഇന്ത്യന്‍ ടീം: ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, അക്‌സര്‍ പട്ടേല്‍, ഷര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചഹല്‍, ആവേശ് ഖാന്‍.

വെസ്റ്റ് ഇന്‍ഡീസ് ടീം: ഷായ് ഹോപ് (വിക്കറ്റ് കീപ്പര്‍), കൈല്‍ മയേഴ്‌സ്, ഷമാര്‍ ബ്രൂക്‌സ്, ബ്രാന്‍ഡന്‍ കിങ്, നിക്കോളാസ് പൂരന്‍ (ക്യാപ്റ്റന്‍), റോവ്മന്‍ പവല്‍, അകീല്‍ ഹൊസൈന്‍, റൊമാരിയോ ഷെപ്പേര്‍ഡ്, ഹെയ്ഡന്‍ വാല്‍ഷ് ജൂനിയര്‍, അല്‍സാരി ജോസഫ്, ജെയ്ഡന്‍ സീല്‍സ്‌

Content highlight: India vs West Indies, 2nd ODI, Sanju retained as wicket keeper, debut for Avesh Khan

Latest Stories

We use cookies to give you the best possible experience. Learn more