| Friday, 4th August 2023, 8:07 am

സഞ്ജുവിന്റെ ആ റണ്‍ ഔട്ട്, അവിടെ മുതലാണ് നമുക്ക് എല്ലാം നഷ്ടപ്പെട്ടുതുടങ്ങിയത്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ ടി-20 പരമ്പരക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ടെസ്റ്റ് പരമ്പരക്കും ഏകദിന പരമ്പരക്കും ശേഷം ടി-20 പരമ്പരയും ആധികാരികമായി സ്വന്തമാക്കാമെന്ന ഇന്ത്യന്‍ മോഹങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ട് വിന്‍ഡീസ് ആദ്യ മത്സരത്തില്‍ വിജയം സ്വന്തമാക്കുകയായിരുന്നു. ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമിയില്‍ നടന്ന മത്സരത്തില്‍ നാല് റണ്‍സിനാണ് വിന്‍ഡീസ് വിജയം സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് തെരഞ്ഞെടുത്തു. ഓപ്പണര്‍ ബ്രാന്‍ഡന്‍ കിങ് മോശമല്ലാത്ത തുടക്കമാണ് ആതിഥേയര്‍ക്ക് നല്‍കിയത്. 19 പന്തില്‍ നിന്നും 28 റണ്‍സ് നേടിയാണ് താരം പുറത്തായത്.

എന്നാല്‍ രണ്ടാം ഓപ്പണറായ കൈല്‍ മയേഴ്‌സും മൂന്നാം നമ്പറില്‍ ഇറങ്ങിയ വിക്കറ്റ് കീപ്പര്‍ ജോണ്‍സണ്‍ ചാള്‍സും നിരാശപ്പെടുത്തി. മയേഴ്‌സ് ഏഴ് പന്തില്‍ ഒരു റണ്‍സുമായി പുറത്തായപ്പോള്‍ ചാള്‍സ് ആറ് പന്തില്‍ മൂന്ന് റണ്‍സും നേടി.

അഞ്ചാം ഓവറിലെ ആദ്യ മൂന്ന് പന്തില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയ യൂസ്വേന്ദ്ര ചഹല്‍ മത്സരം ഇന്ത്യക്ക് അനുകൂലമാക്കിയെന്ന് തോന്നിച്ചു.

എന്നാല്‍ നിക്കോളാസ് പൂരനും റോവ്മന്‍ പവലും തകര്‍ത്തടിച്ചതോടെ വിന്‍ഡീസ് സ്‌കോര്‍ ഉയര്‍ന്നു. പൂരന്‍ രണ്ട് സിക്‌സറും ഫോറുമായി 34 പന്തില്‍ 41 റണ്‍സ് നേടിയപ്പോള്‍ മൂന്ന് വീതം സിക്‌സറും ബൗണ്ടറിയുമായി 48 റണ്‍സാണ് ക്യാപ്റ്റന്‍ പവല്‍ സംഭാവന ചെയ്തത്.

ഒടുവില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ വിന്‍ഡീസ് 149 എന്ന പൊരുതാവുന്ന ടോട്ടല്‍ പടുത്തുയര്‍ത്തി.

ഇന്ത്യന്‍ നിരയില്‍ ചഹലും അര്‍ഷ്ദീപ് സിങ്ങും രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയും കുല്‍ദീപ് യാദവും ഓരോ വിക്കറ്റും സ്വന്തമാക്കി.

150 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് വളരെ മോശം തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. ഒമ്പത് പന്തില്‍ മൂന്ന് റണ്‍സുമായി ശുഭ്മന്‍ ഗില്ലും ഒമ്പത് പന്തില്‍ ആറ് റണ്‍സുമായി ഇഷാന്‍ കിഷനും പുറത്തായി. ടി-20 സ്‌പെഷ്യലിസ്റ്റ് സൂര്യകുമാര്‍ യാദവ് 21 പന്തില്‍ 21 റണ്‍സ് നേടി പുറത്തായി.

അരങ്ങേറ്റക്കാരന്‍ തിലക് വര്‍മ മാത്രമാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് വെളിച്ചം നല്‍കിയത്. 22 പന്ത് നേരിട്ട് മൂന്ന് സിക്‌സറും രണ്ട് ബൗണ്ടറിയും അടക്കം 39 റണ്‍സാണ് താരം നേടിയത്. 177.27 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം റണ്‍സടിച്ചുകൂട്ടിയത്. ഇന്ത്യന്‍ നിരയിലെ ഏറ്റവും മികച്ച ബാറ്റിങ് സ്‌ട്രൈക്ക് റേറ്റാണിത്.

അഞ്ചാം നമ്പറില്‍ ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യയും ആറാം നമ്പറില്‍ സഞ്ജുവും ക്രീസിലെത്തുമ്പോള്‍ ആരാധകര്‍ക്ക് പ്രതീക്ഷയുണ്ടായിരുന്നു.

ആറ് വിക്കറ്റ് കയ്യിലിരിക്കെ 30 പന്തില്‍ വിജയിക്കാന്‍ 37 റണ്‍സ് മാത്രം മതിയെന്നിരിക്കെ ക്രീസില്‍ തുടര്‍ന്ന ഇരുവരും ഇന്ത്യക്ക് അനായാസ ജയം സമ്മാനിക്കുമെന്ന് ആരാധകര്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ 16ാം ഓവര്‍ പന്തെറിയാന്‍ രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജുവിന്റെ സഹതാരം കൂടിയായ ജേസണ്‍ ഹോള്‍ഡര്‍ എത്തിയതോടെ കളി മാറി.

ഓവറിലെ ആദ്യ പന്തില്‍ ഹര്‍ദിക് പാണ്ഡ്യയെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് ഹോള്‍ഡര്‍ തുടങ്ങിയത്. അടുത്ത പന്തില്‍ റണ്‍സൊന്നും പിറന്നില്ലെങ്കിലും ഓവറിലെ മൂന്നാം പന്തില്‍ സഞ്ജുവിനെയും ഹോള്‍ഡര്‍ മടക്കി.

ഹോള്‍ഡറിനെതിരെ സിംഗിളിന് ശ്രമിച്ച അക്‌സറിനും സഞ്ജുവിനും പിഴച്ചു. റണ്ണെടുക്കാന്‍ ഓടിയെങ്കിലും കൈല്‍ മയേഴ്‌സിന്റെ ഡയറക്ട് ഹിറ്റില്‍ സഞ്ജു പുറത്താവുകയായിരുന്നു. ആരാധകരുടെ സകല പ്രതീക്ഷകളെയും അസ്തമിപ്പിച്ചുകൊണ്ടാണ് മയേഴ്‌സിന്റെ ത്രോ വിക്കറ്റ് തെറിപ്പിച്ചത്.

അക്‌സറും (11 പന്തില്‍ 13) അര്‍ഷ്ദീപ് സിങ്ങും (ഏഴ് പന്തില്‍ 12) ചെറുത്ത് നിന്നെങ്കിലും വിജയിക്കാന്‍ അതൊന്നും പോരാതെ വരികയായിരുന്നു. ഒടുവില്‍ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റിന് ഇന്ത്യ 144 എന്ന നിലയില്‍ പോരാട്ടം അവസാനിപ്പിച്ചു.

വിന്‍ഡീസിനായി ജോസണ്‍ ഹോള്‍ഡര്‍, ഒബെഡ് മക്കോയ്, റൊമാരിയോ ഷെപ്പേര്‍ഡ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ അകീല്‍ ഹൊസൈന്‍ ഒരു വിക്കറ്റും വീഴ്ത്തി. രണ്ട് താരങ്ങളാണ് ഇന്ത്യന്‍ നിരയില്‍ റണ്‍ ഔട്ടായത്.

ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം അവസാനിച്ചപ്പോള്‍ 1-0ന് മുമ്പിലെത്താനും വെസ്റ്റ് ഇന്‍ഡീസിനായി. ആഗസ്റ്റ് ആറിനാണ് പരമ്പരയിലെ അടുത്ത മത്സരം. ഗയാനയിലെ പ്രൊവിഡന്‍സ് സ്റ്റേഡിയമാണ് വേദി.

Content highlight: India vs West Indies, 1st T20. Sanju Samson’s run out cause India the match

We use cookies to give you the best possible experience. Learn more