| Friday, 22nd July 2022, 11:28 pm

കൈയെത്തും ദൂരത്തെ സെഞ്ച്വറി നഷ്ടപ്പെടുത്തി ധവാന്‍, നിരാശപ്പെടുത്തി സഞ്ജു; വിന്‍ഡീസിന് മുമ്പില്‍ കരുത്ത് കാട്ടി ഇന്ത്യ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ ആദ്യ മത്സരം ക്യൂന്‍സ് പാര്‍ക്ക് ഓവലില്‍ വെച്ച് പുരോഗമിക്കുകയാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിറങ്ങേണ്ടി വന്നെങ്കിലും മികച്ച സ്‌കോറാണ് ഇന്ത്യ പടുത്തുയര്‍ത്തിയത്.

മികച്ച തുടക്കമായിരുന്നു ഓപ്പണര്‍മാര്‍ ഇരുവരും ചേര്‍ന്ന് ഇന്ത്യയ്ക്ക് നല്‍കിയത്. 119 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ടായിരുന്നു ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.

ഏകദിനത്തിലെ അരങ്ങേറ്റക്കാരന്‍ ശുഭ്മന്‍ ഗില്ലായിരുന്നു ഷോ ഓഫ് അട്രാക്ഷന്‍. ഡെബ്യൂ മത്സരത്തില്‍ തന്നെ അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയായിരുന്നു ഗില്‍ ആരാധകരെ ആവേശത്തിലാഴ്ത്തിയത്. ഒടുവില്‍ പൂരന്റെ ത്രോയില്‍ റണ്‍ ഔട്ടായി മടങ്ങുമ്പോള്‍ 53 പന്തില്‍ നിന്നും 64 റണ്‍സായിരുന്നു ഗില്ലിന്റെ സമ്പാദ്യം.

ക്യാപ്റ്റന്‍ സ്ഥാനമേറ്റെടുത്ത ശിഖര്‍ ധവാനും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ക്യാപ്റ്റന്റെ ഇന്നിങ്‌സ് പുറത്തെടുത്ത താരം സെഞ്ച്വറിക്ക് മൂന്ന് റണ്‍സകലെ കാലിടറി വീഴുകയായിരുന്നു.

ഗുഡാകേശ് മോട്ടിയുടെ പന്തില്‍ ബ്രൂക്‌സിന് ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ 99 പന്തില്‍ നിന്നും 97 റണ്‍സായിരുന്നു ‘ഗബ്ബര്‍’ സ്വന്തമാക്കിയത്.

വണ്‍ഡൗണായെത്തിയ വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും നിരാശപ്പെടുത്തിയില്ല. 57 പന്തില്‍ നിന്നും 54 റണ്ണടിച്ചാണ് താരം പുറത്തായത്.

ആരാധകര്‍ ഏറെ പ്രതീക്ഷവെച്ച താരങ്ങളായിരുന്നു സൂര്യകുമാര്‍ യാദവും സഞ്ജു സാംസണും. എന്നാല്‍ ഇരുവരും നിരാശപ്പെടുത്തി. 13 റണ്‍സ് നേടിയ സൂര്യകുമാറും 12 റണ്ണടിച്ച സഞ്ജുവും പെട്ടന്ന തന്നെ കൂടാരം കയറി.

പിന്നാലെയെത്തിയ ദീപക് ഹൂഡയും അക്‌സര്‍ പട്ടേലും ചെറുത്ത് നിന്നതോടെ ഇന്ത്യ മികച്ച സ്‌കോറിലെത്തി. ഒടുവില്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്.

വെസ്റ്റ് ഇന്‍ഡീസ് നിരയില്‍ അല്‍സാരി ജോസഫ് 61 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഗുഡാകേശ് മോട്ടി 54 റണ്‍സ് വിട്ടുനല്‍കി രണ്ട് വിക്കറ്റെടുത്തു. ഇവര്‍ക്ക് പുറമെ റൊമാരിയോ ഷെപ്പേര്‍ഡ്, അകീല്‍ ഹൊസൈന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

വെസ്റ്റ് ഇന്‍ഡീസിന് 6.16 റണ്‍ റേറ്റില്‍ 309 റണ്‍സാണ് വിജയിക്കാന്‍ വേണ്ടത്.

ഇന്ത്യന്‍ ടീം: ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ശ്രേയസ് അയ്യര്‍ (വൈസ് ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, അക്സര്‍ പട്ടേല്‍, ഷര്‍ദുല്‍ താക്കൂര്‍, യുസ്വേന്ദ്ര ചഹല്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്

വെസ്റ്റ് ഇന്‍ഡീസ് ടീം: ഷായ് ഹോപ്പ് (വിക്കറ്റ് കീപ്പര്‍), ബ്രാന്‍ഡന്‍ കിങ്, ഷമാര്‍ ബ്രൂക്‌സ്, കൈല്‍ മൈറിസ്, നിക്കോളാസ് പൂരന്‍, റോവ്മന്‍ പവല്‍, ആകീല്‍ ഹൊസൈന്‍, റൊമാരിയോ ഷെപ്പേര്‍ഡ്, അല്‍സാരി ജോസഫ്, ഗുഡാകേശ് മോട്ടി, ജെയ്ഡന്‍ സീല്‍സ്

Content Highlight: India vs West Indies 1st ODI, India Scores 308/7

We use cookies to give you the best possible experience. Learn more