വീണ്ടും തഴഞ്ഞു, നാലാം നമ്പറില്‍ അവന്‍ തന്നെ; ടെസ്റ്റിലെ നേട്ടം ആവര്‍ത്തിക്കാന്‍ അരങ്ങേറ്റക്കാരന്‍
Sports News
വീണ്ടും തഴഞ്ഞു, നാലാം നമ്പറില്‍ അവന്‍ തന്നെ; ടെസ്റ്റിലെ നേട്ടം ആവര്‍ത്തിക്കാന്‍ അരങ്ങേറ്റക്കാരന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 27th July 2023, 6:58 pm

ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ ആദ്യ ഏകദിനത്തില്‍ സഞ്ജുവിന് സ്ഥാനമില്ല. വിക്കറ്റ് കീപ്പറായി ഇഷാന്‍ കിഷനെ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ആദ്യ മത്സരത്തിനുള്ള ടീം പ്രഖ്യാപിച്ചിരിക്കുന്നത്.

രോഹിത് ശര്‍മക്കൊപ്പം ശുഭ്മന്‍ ഗില്‍ ഓപ്പണ്‍ ചെയ്യുന്ന ഇന്നിങ്‌സില്‍ മൂന്നാം നമ്പറില്‍ വിരാട് കോഹ്‌ലിയും നാലാം നമ്പറില്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനും കളത്തിലിറങ്ങും.

വൈസ് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ഷര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ മധ്യനിരയില്‍ കരുത്താകുമ്പോള്‍ ലോവര്‍ ഓര്‍ഡറില്‍ കുല്‍ദീപ് യാദവ്, ഉമ്രാന്‍ മാലിക്, മുകേഷ് കുമാര്‍ എന്നിവരും ഇറങ്ങും.

 

നേരത്തെ നടന്ന ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ റെഡ് ബോള്‍ ഫോര്‍മാറ്റില്‍ അരങ്ങേറ്റം കുറിച്ച മുകേഷ് കുമാര്‍ ഇപ്പോള്‍ വൈറ്റ് ബോള്‍ ഫോര്‍മാറ്റിലും അരങ്ങേറ്റം നടത്താന്‍ ഒരുങ്ങുകയാണ്.

ടെസ്റ്റില്‍ ഇന്ത്യക്കായി പന്തെറിഞ്ഞ ആദ്യ മത്സരത്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തിയ മുകേഷ് കുമാര്‍ ഏകദിനത്തിലെ അരങ്ങേറ്റ മത്സരത്തിലും ഇതേ നേട്ടം ആവര്‍ത്തിക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

അതേസമയം, സഞ്ജു സാംസണ് പകരം ഇഷാനെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ഇരുവരുടെയും സ്റ്റാറ്റ്‌സുകള്‍ സഹിതം താരതമ്യം ചെയ്തുകൊണ്ടാണ് ആരാധകര്‍ എത്തിയിരിക്കുന്നത്.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ഫീല്‍ഡിങ് തെരഞ്ഞെടുത്തു.

ഇന്ത്യ പ്ലെയിങ് ഇലവന്‍

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, ഷര്‍ദുല്‍ താക്കൂര്‍, ഉമ്രാന്‍ മാലിക്, മുകേഷ് കുമാര്‍.

വെസ്റ്റ് ഇന്‍ഡീസ് പ്ലെയിങ് ഇലവന്‍

ഷായ് ഹോപ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), കൈല്‍ മയേഴ്‌സ്, റോവ്മന്‍ പവല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ബ്രാന്‍ഡന്‍ കിങ്, അലിക് അത്തനാസ്, ഡൊമനിക് ഡ്രേക്‌സ്, യാനിക് കരിയ, ജെയ്ഡന്‍ സീല്‍സ്, ഗുഡാകേഷ് മോട്ടി.

 

Content highlight: India vs West Indies, 1st ODI