ആന്റിഗ്വ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 318 റണ്‍സിന്റെ കൂറ്റന്‍ ജയം. ഉപനായകന്‍ അജിങ്ക്യ രഹാനെ പേസര്‍മാരായ ഇശാന്ത് ശര്‍മ്മ, ജസ്പ്രീത് ബുംറ എന്നിവരുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് മികച്ച ജയം സമ്മാനിച്ചത്.
8 ഓവറില്‍ 7 റണ്‍സ് മാത്രം വഴങ്ങി 5 വിക്കറ്റെടുത്ത ബുമ്രയ്ക്കു മുന്നില്‍ ദിശാബോധം നഷ്ടമായ വിന്‍ഡീസിന്റെ രണ്ടാം ഇന്നിങ്‌സ് വെറും 100 റണ്‍സിന് അവസാനിച്ചു. ക്രെയ്ഗ് ബ്രാത്ത്വെയ്റ്റ് (1), ജോണ്‍ കാംബെല്‍ (7) എന്നിവരെ പുറത്താക്കി ജയ്പ്രീത് ബുമ്ര ഏല്‍പ്പിച്ച ഇരട്ട പ്രഹരത്തില്‍നിന്നു കരകയറാന്‍ വിന്‍ഡീസിനു കഴിഞ്ഞില്ല.
ഇതിനിടെ ഷര്‍മാര്‍ ബ്രൂക്‌സ് (2), ഷിമ്രോണ്‍ ഹെറ്റ്മയര്‍ (1) എന്നിവരെ പുറത്താക്കിയ ഇഷാന്ത് ശര്‍മയും കരുത്തുകാട്ടി. ഇതോടൊപ്പം 2 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയുടെ പ്രകടനം കൂടിയായപ്പോള്‍ വിന്‍ഡീസ് തീര്‍ന്നു. 38 റണ്‍സെടുത്ത കെമര്‍ റോഷാണ് അവരുടെ ടോപ് സ്‌കോറര്‍.
നേരത്തെ ആദ്യ ഇന്നിംഗ്‌സില്‍ നഷ്ടമായ സെഞ്ച്വറി രണ്ടാം ഇന്നിംഗ്‌സില്‍ നേടിയ രഹാനെയാണ് ഇന്ത്യയ്ക്ക് മികച്ച ലീഡ് സമ്മാനിച്ചത്. നാലാം ദിവസത്തെ ആദ്യ ഓവറില്‍ത്തന്നെ വിരാട് കോഹ്ലിയെ (51) മടക്കിയ റോസ്ടന്‍ ചേസ് വിന്‍ഡീസിനു ശുഭ സൂചന നല്‍കിയെങ്കിലും അഞ്ചാം വിക്കറ്റില്‍ 135 റണ്‍സ് ചേര്‍ത്ത രഹാനെ-വിഹാരി സഖ്യം അവരുടെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി.
നേരത്തേ ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് 297 റണ്‍സില്‍ അവസാനിച്ചിരുന്നു. എന്നാല്‍ 222 റണ്‍സിന് വിന്‍ഡീസിനെ വരിഞ്ഞുകെട്ടിയ ഇന്ത്യന്‍ ബൗളര്‍മാര്‍ ടീമിന് ഒന്നാം ഇന്നിങ്സ് ലീഡ് സമ്മാനിച്ചു. ഇഷാന്ത് ശര്‍മ നേടിയ അഞ്ച് വിക്കറ്റാണ് ഒന്നാം ഇന്നിംഗ്‌സില്‍ വിന്‍ഡീസിനെ തകര്‍ത്തത്.