കൊളംബോ: ദേശീയഗാനത്തിന്റെ അകമ്പടിയോടെയാണ് കായിക മത്സരങ്ങളെല്ലാം ആരംഭിക്കുക. ഇതില്‍ നിന്ന് ഒട്ടും വിഭിന്നമല്ല ക്രിക്കറ്റും. എന്നാല്‍ ലങ്കയുമായി ഇനിയുള്ള നാലു മത്സരങ്ങളില്‍ ഇന്ത്യ ഇറങ്ങുക ദേശീയ ഗാനം ഇല്ലാതെയാണ്. ഇന്നു നടക്കുന്ന രണ്ടാം ഏകദിനം മുതലാണ് ഇത് നടപ്പിലാകുന്നത്.
ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നിയമമനുസരിച്ച് അവരുടെ രാജ്യത്ത് കളിക്കുന്നത് കൊണ്ടാണ് ഇന്ത്യ ദേശീയ ഗാനമില്ലാതെ ഇറങ്ങാന്‍ നിര്‍ബന്ധിതരാകുന്നത്. ടെസ്റ്റ്, ടി-ട്വന്റി, ഏകദിന പരമ്പരകള്‍ തുടങ്ങുമ്പോള്‍ ഓരോന്നിലെയും ആദ്യ മത്സരത്തില്‍ മാത്രമേ ദേശീയ ഗാനം ചൊല്ലാവൂ എന്നാണ് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ നയം.
ഇത് ടീം മീഡിയ മാനേജര്‍ ദിനേശ് രത്നസിംഗം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. ഗാലെയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇരു രാജ്യങ്ങളുടെയും ദേശീയഗാനമുണ്ടായിരുന്നു. എന്നാല്‍ കൊളംബോയില്‍ നടന്ന രണ്ടാം ടെസ്റ്റിലും കാന്‍ഡിയിലെ മൂന്നാം ടെസ്റ്റിലും ദേശീയ ഗാനമുണ്ടായിരുന്നില്ല.
ഇനി സെപ്തംബര്‍ ആറിന് കൊളംബോ പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ ടി-ട്വന്റിയിലേ ഇന്ത്യന്‍ ടീമിന് ദേശീയ ഗാനത്തിനായി മൈതാനത്ത് അണിനിരക്കാന്‍ കഴിയു.
ടെസ്റ്റ് മത്സരത്തിലെ മിന്നുന്ന ഫോം പിന്തുടരുന്ന ഇന്ത്യ ഏകദിനത്തിലും വിജയം തുടരുകയാണ് അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. ധാംബുള്ളയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഒമ്പത് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്.