| Sunday, 4th August 2024, 7:41 am

തിരിച്ചുവരാനൊരുങ്ങിയ ലങ്കക്ക് വീണ്ടും തിരിച്ചടി; ഇനിയുള്ള മത്സരങ്ങള്‍ കളിക്കുക അവനില്ലാതെ

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ ഏകദിന പരമ്പരക്ക് തുടക്കമായിരിക്കുകയാണ്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം സമനിലയില്‍ കലാശിച്ചിരുന്നു. ശ്രീലങ്ക ഉയര്‍ത്തിയ 231 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 230ന് പുറത്തായി.

ആദ്യ മത്സരത്തില്‍ ഇന്ത്യയോട് തോല്‍ക്കാതെ പിടിച്ചുനില്‍ക്കാന്‍ സാധിച്ച ശ്രീലങ്കക്ക് രണ്ടാം മത്സരത്തിന് മുമ്പ് വലിയ തിരിച്ചടി നേരിട്ടിരിക്കുകയാണ്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ വാനിന്ദു ഹസരങ്കയുടെ പരിക്കാണ് ആതിഥേയരെ വലയ്ക്കുന്നത്.

പരിക്കിന് പിന്നാലെ താരം പരമ്പരയില്‍ നിന്നും പുറത്തായിരിക്കുകയാണ്. ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും ഹസരങ്കക്ക് കളത്തിലിറങ്ങാന്‍ സാധിക്കില്ല.

‘പത്താം ഓവറിലെ അവസാന പന്തെറിയുമ്പോള്‍ അവന്റെ ലെഫ്റ്റ് ഹാംസ്ട്രിങ് പേശികള്‍ക്ക് വേദനയനുഭവപ്പെട്ടിരുന്നു. എം.ആര്‍.ഐയിലുടെ താരത്തിന് പരിക്കുള്ളതായി വ്യക്തമായിട്ടുണ്ട്,’ ക്രിക്കറ്റ് ശ്രീലങ്ക വ്യക്തമാക്കി.

ലെഗ് സ്പിന്നര്‍ ജെഫ്രി വാന്‍ഡേര്‍സായ്‌യെ ഹസരങ്കക്ക് പകരക്കാരനായി സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തുമെന്നും ക്രിക്കറ്റ് ശ്രീലങ്ക അറിയിച്ചു.

ഏകദിന പരമ്പരക്ക് മുമ്പ് തന്നെ രണ്ട് സ്റ്റാര്‍ പേസര്‍മാരെ ശ്രീലങ്കക്ക് നഷ്ടമായിരുന്നു. മതീശ പതിരാനയും ദില്‍ഷന്‍ മധുശങ്കയുമാണ് പരിക്കേറ്റ് പുറത്തായത്.

ഹാംസ്ട്രിങ് ഇന്‍ജുറിക്ക് പിന്നാലെയാണ് മധുശങ്ക പുറത്തായിരിക്കുന്നത്. മൂന്നാം ടി-20യില്‍ ഫീല്‍ഡിങ്ങിനിടെ തോളിന് പരിക്കേറ്റതാണ് പതിരാനക്ക് തിരിച്ചടിയായത്.

‘മതിശ പതിരാനയുടെ തോളിന് പരിക്കേറ്റിരിക്കുകയാണ്. കഴിഞ്ഞ ലോകകപ്പിലും സമാനമായ സംഭവം ഉണ്ടായിരുന്നു. ഇക്കാരണത്താല്‍ റിസ്‌ക് എടുക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നില്ല,’ ഇ.എസ്.പി.എന്‍ ക്രിക് ഇന്‍ഫോക്ക് നല്‍കിയ അഭിമുഖത്തില്‍ ടീം മാനേജര്‍ മഹീന്ദ ഹാലങ്കോട പറഞ്ഞു.

മൂന്നാം ടി-20യില്‍ ഒരു ബൗണ്ടറി സേവ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് പതിരാനക്ക് പരിക്കേറ്റത്. പരിക്കിന് പിന്നാലെ താരം കളം വിടുകയും ചെയ്തിരുന്നു. മൂന്നാം മത്സരത്തില്‍ ഒറ്റ പന്ത് പോലും എറിയാതെയായിരുന്നു പതിരാന പുറത്തായത്.

പ്രാക്ടീസ് സെഷനിടെയാണ് മധുശങ്കക്ക് പരിക്കേറ്റത്.

ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ ശ്രീലങ്കക്കായി മോശമല്ലാത്ത പ്രകടനമായിരുന്നു ഹസരങ്ക നടത്തിയത്. 35 പന്തില്‍ 24 റണ്‍സ് നേടിയ താരം പത്ത് ഓവര്‍ പന്തെറിഞ്ഞ് മൂന്ന് വിക്കറ്റും സ്വന്തമാക്കി.

അതേസമയം, ഞായറാഴ്ചയാണ് ഇന്ത്യ – ശ്രീലങ്ക പരമ്പരയിലെ രണ്ടാം മത്സരം. കൊളംബോ പ്രേമദാസ സ്റ്റേഡിയമാണ് വേദി.

ഇനിയുള്ള രണ്ട് മത്സരങ്ങളിലും വിജയിച്ചാല്‍ മാത്രമേ ഏതെങ്കിലും ഒരു ടീമിന് പരമ്പര സ്വന്തമാക്കാന്‍ സാധിക്കൂ. ഇക്കാരണത്താല്‍ തന്നെ രണ്ടാം മത്സരത്തില്‍ വിജയിച്ച് പരമ്പരയില്‍ മുന്‍തൂക്കം നേടാനാകും ഇരു ടീമുകളും ശ്രമിക്കുക.

ഇന്ത്യ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, ശിവം ദുബെ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ്, റിയാന്‍ പരാഗ്, അക്‌സര്‍ പട്ടേല്‍, ഖലീല്‍ അഹമ്മദ്, ഹര്‍ഷിത് റാണ.

ശ്രീലങ്ക സ്‌ക്വാഡ്

ചരിത് അസലങ്ക (ക്യാപ്റ്റന്‍), പാതും നിസങ്ക, അവിഷ്‌ക ഫെര്‍ണാണ്ടോ, കുശാല്‍ മെന്‍ഡിസ്, സധീര സമരവിക്രമ, കാമിന്ദു മെന്‍ഡിസ്, ജനിത് ലിയനാഗെ, നിഷന്‍ മധുഷ്‌ക, ജെഫ്രി വാന്‍ഡേര്‍സായ്, ദുനിത് വെല്ലാലാഗെ, ചമീക കരുണരത്നെ, മഹീഷ് തീക്ഷണ, അഖില ധനഞ്ജയ, മുഹമ്മദ് ഷിറാസ്, ഇഷാന്‍ മലിംഗ, അസിത ഫെര്‍ണാണ്ടോ.

Content Highlight: India vs Sri Lanka, ODI series; Wanindu Hasaranga ruled out from remaining matches

We use cookies to give you the best possible experience. Learn more