| Thursday, 25th July 2024, 10:09 pm

ശ്രീലങ്കക്ക് ആശ്വസിക്കാം, അവന്‍ കളിച്ചേക്കില്ല; ആദ്യ മത്സരത്തിന് മണിക്കൂറുകള്‍ ശേഷിക്കെ ഇന്ത്യന്‍ സൂപ്പര്‍ താരത്തിന് പരിക്ക്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ ടി-20 പരമ്പരക്ക് തൊട്ടുമുമ്പ് ഇന്ത്യക്ക് തിരിച്ചടി. പരിശീലനത്തിനിടെ സൂപ്പര്‍ താരം മുഹമ്മദ് സിറാജിന് പരിക്കേറ്റിരിക്കുകയാണ്. താരത്തിന്റെ കാലില്‍ പന്തടിച്ചുകൊണ്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

താരത്തിന്റെ പരിക്ക് എത്രത്തോളം സാരമുള്ളതാണ് എന്നതിനെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ല. പരിക്കിന് പിന്നാലെ സിറാജ് ചികിത്സ തേടിയിട്ടുണ്ട്.

ഇന്‍സൈഡ് സ്‌പോര്‍ട് അടക്കമുള്ള നിരവധി കായിക മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ഇതോടെ ജൂലൈ 27ന് നടക്കുന്ന ടി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ താരം കളത്തിലിറങ്ങാനുള്ള സാധ്യതയും മങ്ങുകയാണ്.

സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറക്ക് വിശ്രമം നല്‍കിയ പര്യടനത്തില്‍ മുഹമ്മദ് സിറാജാണ് ഇന്ത്യയുടെ പേസാക്രമണത്തിന് നേതൃത്വം നല്‍കുന്നത്.

ഫോര്‍മാറ്റ് ഏത് തന്നെയായാലും ശ്രീലങ്കക്കെതിരെ എല്ലായ്‌പ്പോഴും മികച്ച പ്രകടനം പുറത്തെടുക്കുന്നതാണ് സിറാജിന്റെ ശീലം. ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലും കഴിഞ്ഞ ഏഷ്യാ കപ്പിലുമെല്ലാം വെടിക്കെട്ട് പ്രകടനമാണ് താരം പുറത്തെടുത്തത്.

ഏഷ്യാ കപ്പ് ഫൈനലില്‍ ആറ് വിക്കറ്റ് വീഴ്ത്തിയ സിറാജാണ് ശ്രീലങ്കയുടെ പതനം അതിവേഗത്തിലാക്കിയത്. വെറും 15.2 ഓവറില്‍ ലങ്ക 50 റണ്‍സിന് പുറത്താവുകയായിരുന്നു. പാതും നിസങ്ക, കുശാല്‍ മെന്‍ഡിസ്, സധീര സമരവിക്രമ, ചരിത് അസലങ്ക, ധനഞ്ജയ ഡി സില്‍വ, ക്യാപ്റ്റന്‍ ദാസുന്‍ ഷണക എന്നിവരെയാണ് സിറാജ് പുറത്താക്കിയത്. ഫൈനലിലെ താരവും സിറാജ് തന്നെയായിരുന്നു.

ഇപ്പോള്‍ ആദ്യ ടി-20ക്ക് മുമ്പ് സിറാജിന് പരിക്കേറ്റത് തെല്ലെങ്കിലും ആശ്വാസം നല്‍കുന്നത് ലങ്കന്‍ ബാറ്റിങ് യൂണിറ്റിനാണ്. സിറാജിന്റെ അഭാവം ആതിഥേയര്‍ക്ക് മുതലെടുക്കാന്‍ സാധിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ജൂലൈ 27നാണ് ടി-20 പരമ്പരയിലെ ആദ്യ മത്സരം. പല്ലേക്കലെയാണ് വേദി. ടി-20 പരമ്പരക്ക് ശേഷം മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും ഇന്ത്യ ശ്രീലങ്കയില്‍ കളിക്കും.

ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം, ടി-20 പരമ്പര

ആദ്യ മത്സരം: ജൂലൈ 27, ശനി – പല്ലേക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം.

രണ്ടാം മത്സരം: ജൂലൈ 28, ഞായര്‍ – പല്ലേക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം.

അവസാന മത്സരം: ജൂലൈ 30, ചൊവ്വ – പല്ലേക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം.

ടി-20 സ്‌ക്വാഡ്

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, റിങ്കു സിങ്, റിയാന്‍ പരാഗ്, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിങ്, ഖലീല്‍ അഹമ്മദ്, മുഹമ്മദ് സിറാജ്.

ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം, ഏകദിന പരമ്പര

ആദ്യ മത്സരം: ഓഗസ്റ്റ് 2, വെള്ളി – ആര്‍. പ്രേമദാസ സ്റ്റേഡിയം, കൊളംബോ.

രണ്ടാം മത്സരം: ഓഗസ്റ്റ് 4, ഞായര്‍ – ആര്‍. പ്രേമദാസ സ്റ്റേഡിയം, കൊളംബോ.

അവസാന മത്സരം: ഓഗസ്റ്റ് 7, ബുധന്‍ – ആര്‍. പ്രേമദാസ സ്റ്റേഡിയം, കൊളംബോ.

ഏകദിന സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, ശിവം ദുബെ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, വാഷിങ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിങ്, റിയാന്‍ പരാഗ്, അക്‌സര്‍ പട്ടേല്‍, ഖലീല്‍ അഹമ്മദ്, ഹര്‍ഷിത് റാണ.

Content highlight:  India vs Sri Lanka: Mohammed Siraj injured during practice

We use cookies to give you the best possible experience. Learn more