ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ഏകദിന മത്സരം സമനിലയില്‍ കലാശിച്ചു. മത്സരത്തില്‍ ടോസ് നേടിയ ശ്രീലങ്ക ബാറ്റ് തെരഞ്ഞെടുക്കുകയായിരുന്നു. 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സ് ആണ് ശ്രീലങ്കയ്ക്ക് നേടാന്‍ സാധിച്ചത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 47.5 ഓവറില്‍ 230 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ രോഹിത് ശര്‍മ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. 47 പന്തില്‍ മൂന്ന് കൂറ്റന്‍ സിക്‌സറും 7 ബൗണ്ടറിയും ഉള്‍പ്പെടെ 58 റണ്‍സ് നേടിയാണ് പുറത്തായത്.
വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 35 പന്തില്‍ 16 റണ്‍സുമായി പുറത്തായപ്പോള്‍ വാഷിങ്ടണ്‍സുന്ദര്‍ അഞ്ച് റണ്‍സ് നേടിയാണ് പുറത്തായത്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിരാട് കോഹ്‌ലിക്ക് 24 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. കാലങ്ങള്‍ക്ക് ശേഷം ടീമില്‍ തിരിച്ചെത്തിയ ശ്രേയസ് അയ്യര്‍ 23 റണ്‍സും നേടി കളം വിട്ടു. കെ.എല്‍. രാഹുല്‍ 31 റണ്‍സും അക്‌സര്‍ പട്ടേല്‍ 33 റണ്‍സും നേടി സ്‌കോര്‍ ഉയര്‍ത്തി മടങ്ങിയപ്പോള്‍ ശിവം ദുബെ 25 റണ്‍സും നേടി. എന്നാല്‍ പിന്നീട് കുല്‍ദീപും അര്‍ഷ്ദീപും രണ്ടക്കം കാണാതെ പുറത്തായപ്പോള്‍ ഇന്ത്യ സമനിലയില്‍ കുരുങ്ങുകയായിരുന്നു.
ലങ്കയ്ക്ക് വേണ്ടി മികച്ച ബൗളിങ് പ്രകടനം നടത്തിയത് സ്പിന്നര്‍ വാനിന്ദു ഹസരങ്കയും ക്യാപ്റ്റന്‍ ചരിത് അസലങ്കയുമാണ്. ഇരുവരും മൂന്ന് വിക്കറ്റുകളാണ് നേടിയത്. ദുനിത് വെല്ലാലഗെ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ അസിത ഫെര്‍ണാണ്ടോ, അഖില ധനഞ്ജയ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ലങ്കയ്ക്ക് വേണ്ടി ഓപ്പണര്‍ പതും നിസങ്കയുടെയും മിഡില്‍ ഓര്‍ഡര്‍ ബാറ്റര്‍ ദുനിത് വെല്ലായുടെയും തകര്‍പ്പന്‍ പ്രകടനത്തിലാണ് കാഴ്ചവെച്ചത്.
നിസങ്ക 75 പന്തില്‍ 9 ബൗണ്ടറികള്‍ അടക്കം 56 റണ്‍സ് ആണ് നേടിയത്. ദുനിത് 65 പന്തില്‍ രണ്ട് സിക്‌സറും 7 ബൗണ്ടറിയും അടക്കം 67 റണ്‍സ് നേടി പുറത്താകാതെ നില്‍ക്കുകയും ചെയ്തു. ഇരുവര്‍ക്കും പുറമേ വാനിന്ദു ഹസരംഗ 24 റണ്‍സും ജനിത് ലിയനഗെ 20 റണ്‍സും നേടി. മറ്റുള്ളവര്‍ക്കൊന്നും കാര്യമായ സംഭാവന ടീമിന് നല്‍കാന്‍ സാധിച്ചില്ല.
ഇന്ത്യക്കുവേണ്ടി മുഹമ്മദ് സിറാജ്, ശിവം ദുബെ, കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടിയപ്പോള്‍ അര്‍ഷ്ദീപ് സിങ്, അക്സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റും നേടി
Content Highlight: India VS Sri Lanka First ODI Match IS Tied