മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായി രാഹുല്‍ ദ്രാവിഡിനെ പരിഗണിക്കാന്‍ സാധ്യത. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായി ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്ക് പോകുമ്പോള്‍ ഒരു ടീമിനെ വെച്ച് ശ്രീലങ്കന്‍ പര്യടനം നടത്താനാണ് ബി.സി.സി.ഐ ഉദ്ദേശിക്കുന്നത്.
ശിഖര്‍ ധവാനായിരിക്കും ഈ ടീമിനെ നയിക്കുക. ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇന്ത്യന്‍ ടെസ്റ്റ് ടീം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനായും തുടര്‍ന്നുള്ള അഞ്ച് ടെസ്റ്റുകള്‍ ഉള്‍പ്പെടുന്ന പരമ്പരയ്ക്കായും ഇംഗ്ലണ്ടിലേക്കു പോകുന്നതിനാല്‍ വ്യത്യസ്തമായ ടീമിനെയാണ് ഇന്ത്യ ശ്രീലങ്കയിലേക്ക് അയയ്ക്കുന്നത്. രവി ശാസ്ത്രി ടെസ്റ്റ് ടീമിനൊപ്പം ഇംഗ്ലണ്ടിലേക്ക് പോകുന്ന സാഹചര്യത്തിലാണ് ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനൊപ്പം ദ്രാവിഡിനെ അയയ്ക്കുന്ന കാര്യം പരിഗണിക്കുന്നത്.
വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മ, ജസ്പ്രീത് ബുംറ, റിഷഭ് പന്ത് തുടങ്ങിയവരെല്ലാം ഇംഗ്ലണ്ടിലേക്ക് പോകുന്നുണ്ട്. ടീമിലിടം നേടാത്തവരേയും ഐ.പി.എല്ലില്‍ മികച്ച പ്രകടനം നടത്തിയവരേയുമാണ് ശ്രീലങ്കന്‍ പര്യടനത്തിലേക്ക് പരിഗണിക്കുക.
നിലവില്‍ ദേശീയ ക്രിക്കറ്റ് അക്കാദമി തലവനും അണ്ടര്‍ 19 ടീം പരിശീലകനുമാണ് ദ്രാവിഡ്. മൂന്ന് ഏകദിനങ്ങളും അഞ്ച് ടി-20 മത്സരങ്ങളുമാണ് ഇന്ത്യ ശ്രീലങ്കയില്‍ കളിക്കുക.
പൃഥ്വി ഷാ, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, നവ്ദീപ് സെയ്‌നി, ഖലീല്‍ അഹമ്മദ്, യുസ്വേന്ദ്ര ചെഹല്‍, കുല്‍ദീപ് യാദവ്, ദീപക് ചാഹര്‍, രാഹുല്‍ ചാഹര്‍ തുടങ്ങിയവര്‍ക്കാണ് രണ്ടാം ടീമില്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.
ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിനും ഇംഗ്ലണ്ട് പര്യടനത്തിനുമായി 20 അംഗ ടീമിനെയും നാല് റിസര്‍വ് താരങ്ങളെയുമാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചത്. ജൂണ്‍ 18 മുതല്‍ സതാംപ്ടണിലാണ് ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍.
അതിനുശേഷവും ഇംഗ്ലണ്ടില്‍ തുടരുന്ന ഇന്ത്യന്‍ ടീം ഓഗസ്റ്റ് ആദ്യവാരം മുതല്‍ അഞ്ച് ടെസ്റ്റുകള്‍ ഉള്‍പ്പെടുന്ന പരമ്പരയും ഇംഗ്ലണ്ടിനെതിരെ കളിക്കും.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക