ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ മത്സരത്തില്‍ ടോസ് ഭാഗ്യം ശ്രീലങ്കക്കൊപ്പം. ടോസ് നേടിയ ലങ്കന്‍ നായകന്‍ ദാസുന്‍ ഷണക ഇന്ത്യയെ ബാറ്റിങ്ങിനയച്ചു.
ശ്രീലങ്കക്കെതിരായ അവസാന ടി-20യില്‍ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ച സൂര്യകുമാര്‍ യാദവിനെ പുറത്തിരുത്തിയാണ് ഇന്ത്യ ആദ്യ മത്സരത്തിനിറങ്ങിയിരിക്കുന്നത്.
ഇന്ത്യയുടെ അവസാന ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടിയ ഇഷാന്‍ കിഷനെ ആദ്യ മത്സരത്തില്‍ പരിഗണിക്കില്ല എന്ന് രോഹിത് ശര്‍മ നേരത്തെ വ്യക്തമാക്കിയിരുന്നു. രോഹിത്തിനൊപ്പം ശുഭ്മന്‍ ഗില്ലാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുക.
ഇഷാന്‍ പുറത്തായതോടെ വിക്കറ്റ് കീപ്പറായി കെ.എല്‍. രാഹുലാണ് പ്ലെയിങ് ഇലവനില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തില്‍ വിക്കറ്റ് കീപ്പിങ്ങിന്റെ പേരില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന താരമാണ് രാഹുല്‍.
ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിനിടെ തള്ളവിരലിന് പരിക്കേറ്റ നായകന്‍ രോഹിത് ശര്‍മ ടീമിനൊപ്പം മടങ്ങിയെത്തിയിരിക്കുകയാണ്.
ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, ഓള്‍ റൗണ്ടര്‍മാരായ ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍ എന്നിവരാണ് മിഡില്‍ ഓര്‍ഡറില്‍ ഇറങ്ങുന്നത്. അയ്യരിന്റെയും അക്‌സറിന്റെയും ഫോം തന്നെയാണ് ഇന്ത്യന്‍ ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്.
മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയും ഉമ്രാന്‍ മാലിക്കും പേസ് ബൗളിങ്ങില്‍ കരുത്താകുമ്പോള്‍ എതിരാളികളെ കറക്കി വീഴ്ത്താന്‍ ചഹലാണ് പ്യുവര്‍ സ്പിന്‍ ഓപ്ഷനായി ടീമിനൊപ്പമുള്ളത്.
ഇന്ത്യ പ്ലെയിങ് ഇലവന്‍:
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഉമ്രാന്‍ മാലിക്, യൂസ്വേന്ദ്ര ചഹല്‍.
ശ്രീലങ്ക പ്ലെയിങ് ഇലവന്‍:
പാതും നിസങ്ക, കുശാല്‍ മെന്‍ഡിസ് (വിക്കറ്റ് കീപ്പര്‍), അവിഷ്‌ക ഫെര്‍ണാണ്ടോ, ധനഞ്ജയ ഡി സില്‍വ, ചരിത് അസലങ്ക, ദാസുന്‍ ഷണക (ക്യാപ്റ്റന്‍), വാനിന്ദു ഹസരങ്ക, ചമീക കരുണരത്‌നെ, ദുനിത് വെല്ലലാഗെ, കസുന്‍ രാജിത, ദില്‍ഷന്‍ മധുശങ്ക.
Content highlight: India vs Sri Lanka 1st ODI