വിരാട് കോഹ്‌ലിയുടെ കീഴില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി വിദേശ പരമ്പരകളിലെല്ലാം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഓസ്ട്രേലിയയില്‍ രണ്ട് തവണ പരമ്പര വിജയിച്ചതും കൊവിഡ് നിയന്ത്രണം കാരണം പകുതി വെച്ച് മുടങ്ങിയ പരമ്പയില്‍ ഇംഗ്ലണ്ടിനെതിരെ അവരുടെ നാട്ടില്‍ 2-1 ന് മുന്നിലെത്തിയതും ക്രിക്കറ്റിലെ വലിയ ഫോര്‍മാറ്റിലെ ഇന്ത്യയുടെ ആധിപത്യത്തെ കാണിക്കുന്നു.
വിദേശ പര്യടനങ്ങളിലെ ഇന്ത്യയുടെ വിപ്ലവകരമായ മുന്നേറ്റത്തിലും ദക്ഷിണാഫ്രിക്കയിലൊരു ടെസ്റ്റ് പരമ്പര ഇന്നും ഇന്ത്യക്ക് ഒരു സ്വപ്നമായി തുടരുകയാണ്. 2018ലാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ അവസാനമായി ടെസ്റ്റ് പര്യടനം നടത്തിയത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര 2-1ന് ദക്ഷിണാഫ്രിക്ക നേടുകയായിരുന്നു.
ഈ മാസം 26നാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ഇന്ത്യയുടെ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്
ബാറ്റര്‍മാര്‍ ഒരുപാട് പരീക്ഷിക്കപ്പെടുന്ന ദക്ഷിണാഫ്രിക്കന്‍ പിച്ചുകളില്‍ മികച്ച പ്രകടനം നടത്തിയാല്‍ മാത്രമേ ഇന്ത്യക്ക് എന്തെങ്കിലും സാധ്യതയുള്ളൂ. സമീപകാലത്ത് ദക്ഷിണാഫ്രിക്കയക്കെതിരെ കഴിവ് തെളിയിച്ച ബാറ്റര്‍മാര്‍ കോഹ്‌ലിയുടെ കൂടെ ഇപ്പോഴുമുണ്ട്.
ഇപ്പോഴുള്ള ഇന്ത്യന്‍ ബാറ്റര്‍മാരില്‍ ദക്ഷിണാഫ്രിക്കെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ 5 ബാറ്റര്‍മാര്‍ ഇവരാണ്:
വിരാട് കോഹ്‌ലി
ടെസ്റ്റ് ക്രിക്കറ്റിലെ വിരാടിന്റെ ഏറ്റവും ഇഷ്ടപ്പെട്ട എതിരാളികളിലൊന്നാണ് ദക്ഷിണാഫ്രിക്ക. ഹോം മത്സരങ്ങളിലും എവേ മത്സരങ്ങളിലും വിരാടിന് ദക്ഷിണാഫ്രിക്കയക്കെതിരെ മികച്ച റെക്കോഡുകളാണുള്ളത്.
12 കളികളില്‍ നിന്നും ഏകദേശം 60 നടുത്ത് ശരാശരിയില്‍ 1075 റണ്ണുകളാണ് വിരാട് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നേടിയിരിക്കുന്നത്. 2019ല്‍ പൂനെയില്‍ വെച്ച്് നേടിയ 254* റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ 5 മത്സരങ്ങളില്‍ നിന്നും 55.80 ആണ് വിരാടിന്റെ ശരാശരി. സെഞ്ചൂറിയനില്‍ നേടിയ 153 റണ്ണാണ് ദക്ഷിണാഫ്രിക്കയിലെ വിരാടിന്റെ ഉയര്‍ന്ന സ്‌കോര്‍.
കഴിഞ്ഞ രണ്ട് വര്‍ഷമായുള്ള വിരാടിന്റെ സെഞ്ച്വറി ക്ഷാമത്തിന് ഈ പരമ്പര ഒരു അവസാനമാകുമെന്ന് കരുതാം.
മത്സരം-12
റണ്‍സ്-1075
ഉയര്‍ന്ന സ്‌കോര്‍- 254
ശരാശരി-59.72
സെഞ്ച്വറി-3, അര്‍ധ സെഞ്ച്വറി-3
ചേത്വശര്‍ പൂജാര
ഇന്ത്യയുടെ ജൂനിയര്‍ വന്മതിലെന്ന് അറിയപ്പെടുന്ന പൂജാരയാണ് വിരാടിന് ശേഷം ഈ ലിസ്റ്റില്‍ രണ്ടാം സ്ഥാനുള്ളത്. ദക്ഷിണാഫ്രിക്കയില്‍ നാലാം തവണ പരമ്പര കളിക്കാനിറങ്ങുന്ന പൂജാരയില്‍ ഇന്ത്യക്ക് ഒരുപാട് പ്രതീക്ഷകളുണ്ട്.
ദക്ഷിണാഫ്രിക്കയ്ക്കെതിരെ 14 മത്സരങ്ങള്‍ കളിച്ച പൂജാരക്കാണ് ഇന്ത്യന്‍ നിരയില്‍ ഏറ്റവും കൂടുതല്‍ പരിചയസമ്പത്തുള്ളത്.
14 മത്സരങ്ങളില്‍ നിന്നായി 33 ശരാശരിയില്‍ 758 റണ്‍സാണ് പൂജാരയുടെ സമ്പാദ്യം. ഇതില്‍ 1 സെഞ്ച്വറിയും 5 അര്‍ധസെഞ്ച്വറികളുമുള്‍പ്പെടും. 2013ല്‍ ജോഹാന്നസ്ബര്‍ഗില്‍ നേടിയ 153 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.
മത്സരം-14
റണ്‍സ്-758
ഉയര്‍ന്ന സ്‌കോര്‍- 153
ശരാശരി-32.95
സെഞ്ചറി-1 അര്‍ധസെഞ്ച്വറി-5
അജിങ്ക്യ രഹാനെ
സമീപകാലത്ത് ബാറ്റിങ്ങില്‍ വളരെ മോശം പ്രകടനം കാഴ്ചവെക്കുന്ന കളിക്കാരനാണ് രഹാനെ. എന്നാല്‍ ദക്ഷിണാഫ്രക്കയ്ക്കെതിരെ മികച്ച റെക്കോഡുകളാണ് രഹാനെക്കുള്ളത്.
10 ടെസ്റ്റുകളില്‍ നിന്നായി 748 റണ്‍സ് നേടിയ രഹാനെയുടെ ശരാശരി 57ന് മുകളിലാണ്. പ്രോട്ടീസിനെതിരെ 3 വീതം സെഞ്ച്വറികളും അര്‍ധസെഞ്ച്വറികളും താരം നേടിയിട്ടുണ്ട്. 127 റണ്ണാണ് ഉയര്‍ന്ന സ്‌കോര്‍.
മത്സരം-10
റണ്‍സ്-748
ഉയര്‍ന്ന സ്‌കോര്‍- 127
ശരാശരി-57.53
സെഞ്ചറി-3, അര്‍ധസെഞ്ച്വറി-3
മായങ്ക് അഗര്‍വാള്‍
ന്യൂസിലാന്റിനെതിരെ നടത്തിയ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസത്തിലാണ് മായങ്ക് ദക്ഷിണാഫ്രിക്കയിലേക്ക് വരുന്നത്. ആദ്യമായാണ് താരം ദക്ഷിണാഫ്രിക്കയില്‍ പര്യടനെത്തുന്നത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും പരിക്കേറ്റ് പുറത്തായസ്ഥിതിക്ക് മായങ്ക് തന്നെയായിരിക്കും ഓപ്പണിങ്ങിലെ ഇന്ത്യയുടെ ആദ്യ ചോയിസ്.
ദക്ഷിണാഫ്രിക്കയ്ക്കെതിരെ വെറും മൂന്ന് മത്സരങ്ങളെ മായങ്ക് കളിച്ചിട്ടുള്ളുവെങ്കിലും 85 റണ്‍സ് ശരാശരയില്‍ 340 റണ്ണുകള്‍ താരം നേടിയിട്ടുണ്ട്. 2019ല്‍ ഇന്ത്യയില്‍ വെച്ച നടന്ന പരമ്പരയിലാണ് 3 മത്സരങ്ങളും അഗര്‍വാള്‍ കളിച്ചത്. 2 സെഞ്ച്വറികള്‍ നേടിയ മായങ്കിന്റെ ഉയര്‍ന്ന സ്‌കോര്‍ 215 റണ്‍സാണ്.
മത്സരം-3
റണ്‍സ്-340
ഉയര്‍ന്ന സ്‌കോര്‍- 215 ശരാശരി-85
സെഞ്ചറി-2, അര്‍ധസെഞ്ച്വറി-0
ആര്‍. അശ്വിന്‍
ഇന്ത്യന്‍ മിഡില്‍ ഓര്‍ഡര്‍ തകരുമ്പോഴേല്ലാം രക്ഷകനായി അവതരിക്കുന്ന അശ്വിനാണ് ഈ ലിസ്റ്റിലെ അഞ്ചാമന്‍. ബൗളറാണെങ്കിലും ടീമിന് ആവശ്യമുള്ളപ്പോഴെല്ലാം ബാറ്റുകൊണ്ടും അശ്വിന്‍ തന്നാലാവുന്നത് ചെയ്യാറുണ്ട്.
പ്രോട്ടീസിനെതിരെ 10 മത്സരങ്ങള്‍ കളിച്ച അശ്വിന്‍ 22 റണ്‍സ് ശരാശരിയില്‍ 224 റണ്ണുകള്‍ നേടിയിട്ടുണ്ട്. 56 റണ്ണാണ് ഉയര്‍ന്ന സ്‌കോര്‍.
മത്സരം-10
റണ്‍സ്-224
ഉയര്‍ന്ന സ്‌കോര്‍- 56
ശരാശരി-22.40
സെഞ്ചറി-0, അര്‍ധസെഞ്ച്വറി-1
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: India vs South Africa: Top 5 Indian Test run-scorers vs SA in current squad