ബംഗളൂരൂ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടി-20യില്‍ ഇന്ത്യയ്ക്ക് തോല്‍വി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുത്തു. ദുര്‍ബല ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ദക്ഷിണാഫ്രിക്ക ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി.
ദക്ഷിണാഫ്രിക്കയ്ക്കായി നായകന്‍ ക്വിന്റണ്‍ ഡികോക്ക് 79 റണ്‍സുമായി പുറത്താകാതെ നിന്നു. 52 പന്തില്‍ ആറ് ഫോറും അഞ്ച് സിക്‌സുമടക്കമാണ് ഡികോക്ക് 79 റണ്‍സ് നേടിയത്. ഓപ്പണര്‍ ഹെന്റിക്വസ് 28 റണ്‍സെടുത്ത് പുറത്തായി. തേംബ ബാവുമ 27 റണ്‍സുമായി ക്യാപ്റ്റനൊപ്പം പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിരാശപ്പെടുത്തി. ബാറ്റ്‌സ്മാന്‍മാര്‍ക്ക് മികച്ച സ്‌കോര്‍ കണ്ടെത്താനാവാതായോടെയാണ് ഇന്ത്യ കുറഞ്ഞ സ്‌കോറില്‍ ഒതുങ്ങിയത്. മുന്‍നിരയില്‍ 36 റണ്‍സെടുത്ത ശിഖര്‍ ധവാന്‍ മാത്രമാണ് പിടിച്ചുനിന്നത്.
ധവാന്‍ 25 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും അടക്കമാണ് 36 റണ്‍സെടുത്തത്. രോഹിത് ശര്‍മ്മയും വിരാട് കോഹ്‌ലിയും 9 വീതം റണ്‍സെടുത്തു. റിഷഭ് പന്ത് (19) വീണ്ടും നിരാശപ്പെടുത്തി. ശ്രേയസ് അയ്യര്‍ അഞ്ചും ക്രുണാല്‍ പാണ്ഡ്യ നാലും റണ്‍സെടുത്ത് പുറത്തായി.