| Thursday, 9th June 2022, 10:14 pm

കളി കഴിയും മുമ്പ് തന്നെ റെക്കോഡ് ഇത് ചെറുത്, ഇതിലും വലുത് എന്തൊക്കെ കണ്ടിരിക്കുന്നു; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ റെക്കോഡ് നേട്ടവുമായി ഇന്ത്യ

സ്പോര്‍ട്സ് ഡെസ്‌ക്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന അഞ്ച് മത്സരത്തിന്റെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ തന്നെ റെക്കോഡ് നേട്ടവുമായി ടീം ഇന്ത്യ. ടി-20 മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നേടുന്ന തങ്ങളുടെ ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോഡാണ് ഇന്ത്യന്‍ ടീം സ്വന്തമാക്കിയത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 211 റണ്‍സാണ് ഇന്ത്യ നേടിയത്. നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ഈ സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

ബാറ്റിംഗിനിറങ്ങിയ ഇന്ത്യന്‍ ടീമിലെ എല്ലാവരും ഒന്നിനൊന്ന് മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ഓപ്പണര്‍ ഇഷാന്‍ കിഷനാണ് വെടിക്കെട്ടിന് തുടക്കമിട്ടത്. 48 പന്തില്‍ നിന്നും 78 റണ്‍സാണ് ഇഷാന്‍ നേടിയത്. 11 ഫോറിന്റെയും മൂന്ന് സിക്‌സറിന്റെയും അകമ്പടിയിലായിരുന്നു താരത്തിന്റെ ആറാട്ട്.

ഇഷാന് പുറമെ സഹ ഓപ്പണര്‍ ഋതുരാജ് ഗെയ്ക്വാദ് 15 പന്തില്‍ നിന്നും 23, ശ്രേയസ് അയ്യര്‍ 27 പന്തില്‍ നിന്നും 36, ക്യാപ്റ്റന്‍ റിഷബ് പന്ത് 16 പന്തില്‍ നിന്നും 29 എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ പ്രകടനം.

ഏറെ നാളുകള്‍ക്ക് ശേഷം ഇന്ത്യന്‍ ജേഴ്‌സിയിലേക്ക് മടങ്ങിയെത്തിയ ഹര്‍ദിക് പാണ്ഡ്യയുടെ അഴിഞ്ഞാട്ടത്തിനായിരുന്നു അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയം സാക്ഷിയായത്.

12 പന്തില്‍ നിന്നും മൂന്ന് സിക്‌സറും രണ്ട് ഫോറും സഹിതം 258.33 സ്‌ട്രൈക്ക് റേറ്റില്‍ 31 റണ്‍സെടുത്ത് ഹര്‍ദിക് പുറത്താവാതെ നിന്നു. രണ്ട് പന്തില്‍ നിന്നും ഒരു റണ്ണെടുത്ത ദിനേഷ് കാര്‍ത്തിക്കും പുറത്താവാതെ നിന്നു.

ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പന്തെറിഞ്ഞ എല്ലാവരും തന്നെ സാമാന്യം ഭേദപ്പെട്ട രീതിയില്‍ അടി വാങ്ങിക്കൂട്ടിയിരുന്നു. കേശവ് മഹാരാജ്, ആന്റിച്ച് നോര്‍ട്‌ജെ, വെയ്ന്‍ പര്‍നെല്‍, ഡ്വെയ്ന്‍ പ്രിട്ടോറിയസ് എന്നിവരാണ് പ്രോട്ടീസിന് വേണ്ടി വിക്കറ്റ് സ്വന്തമാക്കിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ക്യാപ്റ്റന്‍ തെംബ ബെവുമയെ നേരത്തെ നഷ്ടമായിരുന്നു. എട്ട് പന്തില്‍ നിന്നും പത്ത് റണ്‍സെടുത്താണ് ബെവുമ പുറത്തായത്.

നിലവില്‍ 16 ഓവറില്‍ മൂന്ന് വിക്കറ്റിന് 156 എന്ന നിലയിലാണ് സൗത്ത് ആഫ്രിക്ക.

Content Highlight:  India vs South Africa, India Sets Record Target For South Africa

We use cookies to give you the best possible experience. Learn more