വിശാഖപട്ടണം:ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തിരിച്ചടിയ്ക്ക് ശേഷം ദക്ഷിണാഫ്രിക്ക നിലയുറപ്പിക്കുന്നു. ഡീന്‍ എല്‍ഗര്‍-ഫാഫ് ഡുപ്ലെസി കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയെ കളിയിലേക്ക് തിരികെ കൊണ്ടുവന്നത്. 63 റണ്‍സിനിടെ നാലു വിക്കറ്റ് നഷ്ടത്തില്‍ നിന്ന ദക്ഷിണാഫ്രിക്കയെ ഇരുവരും ചേര്‍ന്ന് തിരികെ പിടിക്കുകയായിരുന്നു.
എയ്ഡന്‍ മാര്‍ക്രം (5), ത്യൂനിസ് ഡി ബ്രുയിന്‍ (4), ഡെയ്ന്‍ പിഡ്റ്റ് (0) എന്നിവരുടെ വിക്കറ്റുകള്‍ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം ദിനത്തില്‍ തന്നെ നഷ്ടമായിരുന്നു. മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 39 റണ്‍സെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ചത്.
നേരത്തെ മായങ്ക് അഗര്‍വാളിന്റെ ഇരട്ടസെഞ്ചുറിയുടെയും രോഹിത് ശര്‍മയുടെ സെഞ്ചുറിയുടെയും മികവില്‍ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ ഏഴിന് 502 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു.
358 പന്തില്‍ അഞ്ചു സിക്‌സും 22 ബൗണ്ടറികളുമടക്കമാണ് മായങ്ക് ആദ്യ ഇരട്ട സെഞ്ചുറി കുറിച്ചത്. പുറത്താകുമ്പോള്‍ 371 പന്തില്‍ 215 റണ്‍സായിരുന്നു മായങ്ക് നേടിയത്. 244 പന്തില്‍ ആറു സിക്‌സും 23 ബൗണ്ടറികളുമടക്കം രോഹിത് 176 റണ്‍സെടുത്തു.