വനിതാ ക്രിക്കറ്റില്‍ ഇന്ത്യന്‍ താരം ദീപ്തി ശര്‍മ ഇംഗ്ലണ്ട് താരം ഷാര്‍ലറ്റ് ഡീനിനെ റണ്ണൗട്ടാക്കിയത് ക്രിക്കറ്റ് ലോകത്ത് വലിയ വിവാദത്തിനും ചര്‍ച്ചകള്‍ക്കും കാരണമായിരുന്നു. എന്നാല്‍, ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ട്രൈസ്റ്റന്‍ സ്റ്റബ്‌സിനെ റണ്ണൗട്ടാക്കാന്‍ ലഭിച്ച ഇത്തരത്തിലുള്ള അവസരം വേണ്ടെന്നുവെച്ച ദീപക് ചാഹറിന്റെ നടപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
മത്സരത്തിലെ പതിനാറാം ഓവറിലായിരുന്നു സംഭവം നടന്നത്. പന്തെറിയാനായി ചാഹര്‍ റണ്ണപ്പ് എടുത്ത് ക്രീസിലെത്തിയപ്പോഴേക്കും നോണ്‍ സ്‌ട്രൈക്കറായിരുന്ന സ്റ്റബ്‌സ് റണ്ണിനായി ക്രീസ് വിട്ടിരുന്നു. പന്തെറിയാതെ തിരിച്ചുനടന്ന ചാഹര്‍ സ്റ്റംപിളക്കുന്നതുപോലെ കാണിച്ചെങ്കിലും സ്റ്റമ്പ് ചെയ്യാതെ മടങ്ങുകയാണുണ്ടായത്.
ചാഹലിന്റെ ഈ നടപടി സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നുണ്ട്. ബോള്‍ എറിയുന്നതിന് മുമ്പ് ക്രീസ് വിടുന്ന നോണ്‍ സ്‌ട്രൈക്കറെ പുറത്താക്കുന്നതിനെ മങ്കാദിങ് എന്നതിന് പകരം റണ്ണൗട്ട് എന്നാക്കി ഐ.സി.സി പുനര്‍നാമകരണം ചെയ്തിരുന്നു.
നേരത്തെ ആര്‍. അശ്വിന്‍ ഐ.പി.എല്ലില്‍ ജോസ് ബട്ലറെ ഇത്തരത്തില്‍ പുറത്താക്കിയത് വലിയ ചര്‍ച്ചയായിരുന്നു. മങ്കാദിങ് നിയമപരമായി ശരിയായിരുന്നെങ്കിലും മാന്യതയില്ലാത്ത ആക്ട് ആണെന്നാണ് വിമര്‍ശിക്കപ്പെടാറുള്ളത്.
അതേസമയം, ഇന്‍ഡോറിലെ ഹോള്‍ക്കര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മൂന്നാമത്തെയും അവസാനത്തെയും ടി-20യില്‍ ഇന്ത്യക്ക് വന്‍ പരാജയമാണ് ഏറ്റുവാങ്ങേണ്ടിവന്നത്. 49 റണ്‍സിനാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്. ടി-20 ഹോം മത്സരത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയോട് ഇതാദ്യമായാണ് ഇത്ര മാര്‍ജിനില്‍ തോല്‍ക്കുന്നത്. 228 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 18.3 ഓവറില്‍ 178 റണ്‍സിന് ഓള്‍ ഔട്ടായി.
ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും നേരത്തെ വിക്കറ്റ് നഷ്ടപ്പെടുത്തിയപ്പോള്‍ 21 പന്തില്‍ 46 റണ്‍സെടുത്ത ദിനേശ് കാര്‍ത്തിക് ആണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. രോഹിത്തിനൊപ്പം ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത റിഷബ് പന്ത് 14 പന്തില്‍ 27 റണ്‍സെടുത്തപ്പോള്‍ ദീപക് ചാഹര്‍ 17 പന്തില്‍ 31 റണ്‍സെടുത്ത് ഇന്ത്യയുടെ തോല്‍വിഭാരം കുറച്ചു. തോറ്റെങ്കിലും ഇന്ത്യ 2-1ന് പരമ്പര സ്വന്തമാക്കി.
Content Highlights: India vs South Africa: deepak chahar without running out Tristan Stubbs