| Friday, 17th June 2022, 11:23 pm

നാലാം ടി 20യില്‍ 83 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം, ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയില്‍ ഒപ്പമെത്തി ഇന്ത്യ, താരമായി കാര്‍ത്തിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

രാജ്‌കോട്ട്: ദക്ഷിണാഫ്രിക്കയെ ട്വന്റി 20 പരമ്പരയിലെ നിര്‍ണായകമായ നാലാം മത്സരത്തില്‍ തകര്‍പ്പന്‍ വിജയവുമായി ടീം ഇന്ത്യ. ഈ വിജയത്തോടെ പരമ്പര 2-2ന് സമനിലയിലായി. ഞായറാഴ്ച നടക്കുന്ന അവസാന മത്സരത്തില്‍ വിജയിക്കുന്നവര്‍ പരമ്പര സ്വന്തമാക്കും.

170 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയെ 16.5 ഓവറില്‍ 87 റണ്‍സിലൊതുക്കിയ ഇന്ത്യ 82 റണ്‍സിന്റെ വിജയമാണ് സ്വന്തമാക്കിയത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനിറങ്ങിയ ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്തിരുന്നു.
അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ഹാര്‍ദിക് പാണ്ഡ്യ – ദിനേഷ് കാര്‍ത്തിക്ക് സഖ്യമാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.
ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയ 65 റണ്‍സാണ് ഇന്ത്യന്‍ സ്‌കോര്‍ 150 കടത്തിയത്. 27 പന്തില്‍ നിന്ന് രണ്ട് സിക്‌സും ഒമ്പത് ഫോറുമടക്കം 55 റണ്‍സാണ് കാര്‍ത്തിക്ക് നേടിയത്. അവസാന ഓവറുവരെ താരം പിടിച്ചുനിന്നു. 31 പന്തുകള്‍ നേരിട്ട പാണ്ഡ്യ മൂന്ന് വീതം സിക്‌സും ഫോറുമടക്കം 46 റണ്‍സെടുത്തു.

അതേസമയം, ബാറ്റിങിനിടെ പരിക്കേറ്റ് മടങ്ങിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബാ ബാവുമ ബാറ്റ് ചെയ്യാനിറങ്ങിയില്ല. 20 പന്തില്‍ 20 റണ്‍സെടുത്ത റാസി വാന്‍ഡര്‍ ഡസ്സനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ഇന്ത്യക്കായി ആവേശ് ഖാന്‍ 18 റണ്‍സിന് നാല് വിക്കറ്റെടുത്തു. ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് 16.5 ഓവറില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അവസാനിപ്പിച്ചു.

നാല് ഓവറില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആവേശ് ഖാന്‍ നാലു വിക്കറ്റ് വീഴ്ത്തി. ചഹല്‍ രണ്ട് വിക്കറ്റുകളും ഹര്‍ഷല്‍ പട്ടേല്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. 19ന് ബെംഗളൂരുവിലാണ് അവസാന മത്സരം.

CONTENT HIGHLIGHTS: India vs South Africa 4th T20, India crush South Africa by 82 runs to level the series 2-2

We use cookies to give you the best possible experience. Learn more