| Tuesday, 11th October 2022, 4:49 pm

എന്നാല്‍ പിന്നെ ചെണ്ടകള്‍ക്ക് പകരം ഇവരെ ലോകകപ്പിന് കൊണ്ടുപോയാല്‍ പോരായിരുന്നോ? സെലക്ടര്‍മാരുടെ കിളി പറത്തി ഇന്ത്യന്‍ ബൗളര്‍മാര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ – സൗത്ത് ആഫ്രിക്ക മൂന്നാം ഏകദിനത്തില്‍ പ്രോട്ടീസിനെ എറിഞ്ഞിട്ട് ഇന്ത്യന്‍ ബൗളര്‍മാര്‍. ഇന്ത്യന്‍ നിരയില്‍ എല്ലാവരും മികച്ച രീതിയില്‍ പന്തെറിഞ്ഞപ്പോള്‍ സൗത്ത് ആഫ്രിക്ക 27.1 ഓവറില്‍ 99 റണ്‍സിന് ഓള്‍ ഔട്ടായി.

66 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയില്‍ നിന്നാണ് 33 റണ്‍സ് ചേര്‍ക്കുന്നതിനിടെ അടുത്ത അഞ്ച് വിക്കറ്റും വീണത്. അഞ്ചിന് താഴെ എക്കോണമിയിലാണ് എല്ലാ താരങ്ങളും ഇന്ത്യക്കായി പന്തെറിഞ്ഞത്.

പ്രോട്ടീസ് സ്‌കോര്‍ ബോര്‍ഡില്‍ ഏഴ് റണ്‍സ് ചേര്‍ത്തപ്പോഴേക്കും ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിനെ പുറത്താക്കി വാഷിങ്ടണ്‍ സുന്ദറാണ് വെടിക്കെട്ടിന് തിരികൊളുത്തിയത്. പിന്നാലെ സിറാജും വിക്കറ്റ് വീഴ്ത്തി തുടങ്ങിയപ്പോള്‍ പ്രോട്ടീസ് നിര തകര്‍ന്നടിഞ്ഞു.

34 റണ്‍സ് നേടിയ ഹെന്റിച്ച് ക്ലാസ്സനാണ് പ്രോട്ടീസ് നിരയിലെ ടോപ് സ്‌കോറര്‍. 15 റണ്‍സ് നേടിയ ഓപ്പണര്‍ ജാന്നേമന്‍ മലനാണ് അടുത്ത ടോപ് സ്‌കോറര്‍.

ക്യാപ്റ്റന്‍ ഡേവിഡ് മില്ലര്‍ അടക്കമുള്ള ഏഴ് താരങ്ങളാണ് ഇരട്ടയക്കം കാണാതെ പുറത്തായത്.

വാഷിങ്ടണ്‍ സുന്ദര്‍ നാല് ഓവര്‍ എറിഞ്ഞ് 15 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അഞ്ചോവറില്‍ 17 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റാണ് സിറാജ് നേടിയത്.

കരിയറിലെ രണ്ടാമത് മാത്രം അന്താരാഷ്ട്ര മത്സരത്തിനിറങ്ങിയ ഷഹബാസ് അഹമ്മദും തകര്‍ത്തെറിഞ്ഞു. ഏഴ് ഓവറില്‍ 32 റണ്‍സിന് രണ്ട് വിക്കറ്റാണ് താരം നേടിയത്.

അഞ്ച് ഓവര്‍ പന്തെറിഞ്ഞ ആവേശ് ഖാന്‍ ഒരു മെയ്ഡിനടക്കം എട്ട് റണ്‍സ് മാത്രമാണ് വിട്ടുനല്‍കിയത്. വിക്കറ്റൊന്നും ലഭിച്ചില്ലെങ്കില്‍ കൂടിയും താരത്തിന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സായിരുന്നു ഇത്.

അക്ഷരാര്‍ത്ഥത്തില്‍ പ്രോട്ടീസിന്റെ നടുവൊടിച്ചത് ചൈനാമാന്‍ സ്പിന്നറായ കുല്‍ദീപ് യാദവായിരുന്നു. 4.1 ഓവറില്‍ 18 റണ്‍സിന് നാല് വിക്കറ്റാണ് താരം വീഴ്തതിയത്.

ഇന്ന് ജയിക്കുന്ന ടീമിന് പരമ്പര നേടാമെന്നിരിക്കെ ബാറ്റര്‍മാരുടെ പണി എളുപ്പമാക്കിയിരിക്കുകയാണ് ബൗളര്‍മാര്‍.

Content highlight: India vs South Africa 3rd ODI, Indian bowlers destroyed South Africa

Latest Stories

We use cookies to give you the best possible experience. Learn more