ഇന്ത്യക്കെതിരെ സൗത്ത് ആഫ്രിക്കയുടെ തകര്‍പ്പന്‍ നീക്കം; ബാവുമയിലും മാഹാരാജിലും അവസാനിപ്പിക്കാതെ മുന്നോട്ട്...
Sports News
ഇന്ത്യക്കെതിരെ സൗത്ത് ആഫ്രിക്കയുടെ തകര്‍പ്പന്‍ നീക്കം; ബാവുമയിലും മാഹാരാജിലും അവസാനിപ്പിക്കാതെ മുന്നോട്ട്...
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 11th October 2022, 2:46 pm

ഇന്ത്യ – സൗത്ത് ആഫ്രിക്ക ഏകദിന പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരം ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ വെച്ച് നടക്കുകയാണ്. ഇന്നത്തെ മത്സരം ജയിക്കുന്നവര്‍ക്ക് പരമ്പരയും നേടാമെന്നിരിക്കെ ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്.

ആദ്യ മത്സരത്തില്‍ ഒമ്പത് റണ്‍സിന് വിജയിച്ചാണ് സൗത്ത് ആഫ്രിക്ക പരമ്പരയില്‍ ലീഡ് നേടിയത്. രണ്ടാം മത്സരത്തില്‍ തകര്‍ത്തടിച്ച് ഇന്ത്യ പരമ്പരയില്‍ ഒപ്പമെത്തുകയായിരുന്നു.

അതേസമയം, മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യ സൗത്ത് ആഫ്രിക്കയെ ബാറ്റിങ്ങിനയച്ചു. ആദ്യ മത്സരത്തില്‍ തെംബ ബാവുമയും രണ്ടാം മത്സരത്തില്‍ കേശവ് മഹാരാജും നയിച്ച പ്രോട്ടീസിനെ മൂന്നാം മത്സരത്തില്‍ നയിക്കുന്നത് ഡേവിഡ് മില്ലറാണ്.

പരമ്പരയിലെ ഓരോ മത്സരത്തിലും ഓരോ നായകന്‍മാരുമായിട്ടാണ് പ്രോട്ടീസ് ഇന്ത്യക്കെതിരെ പടക്കൊരുങ്ങിയത് എന്ന വസ്തുതയും ശ്രദ്ധേയമാണ്.

പരിക്കേറ്റ് പുറത്തായതിനാല്‍ കേശവ് മഹാരാജ് ഈ മത്സരം കളിക്കുന്നില്ല, ഈ സാഹചര്യത്തിലാണ് കില്ലര്‍ മില്ലര്‍ നായകസ്ഥാനമേറ്റെടുത്തിരിക്കതുന്നത്. ടോസ് വിജയിച്ചിരുന്നുവെങ്കില്‍ താനും ബൗളിങ് തന്നെയായിരിക്കും തെരഞ്ഞെടുക്കുക എന്നായിരുന്നു മില്ലറും പറഞ്ഞത്.

ദക്ഷിണാഫ്രിക്കക്ക് തിരിച്ചടിയായി സ്റ്റാര്‍ പേസര്‍ കഗീസോ റബാദയും ഈ മത്സരം കളിക്കുന്നില്ല.

 

അതേസമയം ഇന്ത്യന്‍ നിരയില്‍ കാര്യമായുള്ള മാറ്റങ്ങളില്ല. ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍ എന്നിവര്‍ കഴിഞ്ഞ മത്സരത്തിലെ പ്രകടനം ആവര്‍ത്തിച്ചാല്‍ ഇന്ത്യക്ക് മത്സരവും പരമ്പരയും സ്വന്തമാക്കാം.

അതേസമയം, ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിന്റെ ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ ടീം 20 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ്. സൂപ്പര്‍ താരം ക്വിന്റണ്‍ ഡി കോക്കിന്റെ വിക്കറ്റാണ് പ്രോട്ടീസിന് നഷ്ടമായിരിക്കുന്നത്.

പത്ത് പന്തില്‍ നിന്നും ആറ് റണ്‍സെടുത്ത് നില്‍ക്കവെ വാഷിങ്ടണ്‍ സുന്ദറിന്റെ പന്തില്‍ ആവേശ് ഖാന് ക്യാച്ച് നല്‍കിയായിരുന്നു ഡി കോക്കിന്റെ മടക്കം.

 

ദക്ഷിണാഫ്രിക്ക:

ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), ജാന്നെമന്‍ മലന്‍, റീസ ഹെന്‍ഡ്രിക്‌സ്, ഏയ്ഡന്‍ മര്‍ക്രം, ഹെന്റിച്ച് ക്ലാസ്സന്‍, ഡേവിഡ് മില്ലര്‍ (ക്യാപ്റ്റന്‍), മാര്‍ക്കോ ജെന്‍സെന്‍, ആന്‍ഡിലെ ഫെഹ്‌ലുക്വായോ, ജോര്‍ണ്‍ ഫോര്‍ച്യൂന്‍, നോര്‍ട്ട്‌ജെ, ലുങ്കി എന്‍ഗിഡി

ഇന്ത്യ:

ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), 6 വാഷിങ്ടണ്‍ സുന്ദര്‍, ഷഹബാസ് അഹമ്മദ്, ഷര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, അവേശ് ഖാന്‍, മുഹമ്മദ് സിറാജ്

 

 

Content Highlight: India vs South Africa 3rd ODI