| Wednesday, 3rd January 2024, 2:32 pm

വിജയശില്‍പിയെ വീഴ്ത്തിയ ഗംഭീര തുടക്കം; സിറാജ് മാജിക്കില്‍ പ്രോട്ടിയാസ് പതറുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സൗത്ത് ആഫ്രിക്കയുടെ ടോപ് ഓര്‍ഡറിന്റെ മുനയൊടിച്ചാണ് ഇന്ത്യ രണ്ടാം ടെസ്റ്റില്‍ ഏര്‍ളി അഡ്വാന്റേജ് സ്വന്തമാക്കിയിരിക്കുന്നത്.

സൂപ്പര്‍ താരം ഏയ്ഡന്‍ മര്‍ക്രമിനെയും കഴിഞ്ഞ മത്സരത്തിലെ സൗത്ത് ആഫ്രിക്കയുടെ വിജയശില്‍പി ഡീന്‍ എല്‍ഗറിനെയും തുടക്കത്തിലേ മടക്കിയാണ് ഇന്ത്യ തുടങ്ങിയത്. ഇരുവരെയും ഒറ്റയക്കത്തിനാണ് പ്രോട്ടിയാസിന് നഷ്ടമായത്.

സ്റ്റാര്‍ പേസര്‍ മുഹമ്മദ് സിറാജാണ് ഇരുവരെയും പുറത്താക്കിയത്. നാലാം ഓവറിലെ രണ്ടാം പന്തില്‍ മര്‍ക്രമിനെ ജെയ്‌സ്വാളിന്റെ കൈകളിലെത്തിച്ച് മടക്കിയ സിറാജ് പ്രോട്ടിയാസിന് ആദ്യ ഷോക്ക് നല്‍കി. പത്ത് പന്തില്‍ രണ്ട് റണ്‍സ് മാത്രം നേടി നില്‍ക്കവെയാണ് മര്‍ക്രം മടങ്ങുന്നത്.

15 പന്തില്‍ നാല് റണ്‍സുമായി നില്‍ക്കവെ ക്ലീന്‍ ബൗള്‍ഡായിട്ടാണ് എല്‍ഗറിന്റെ മടക്കം. ടീം സ്‌കോര്‍ എട്ടില്‍ നില്‍ക്കവെയാണ് സെഞ്ചൂറിയന്‍ ടെസ്റ്റിലെ സെഞ്ചൂറിയന്‍ പവലിയനിലേക്ക് മടങ്ങിയത്.

സൂപ്പര്‍ താരം ട്രിസറ്റണ്‍ സ്റ്റബ്‌സിനെ മടക്കി ജസ്പ്രീത് ബുംറയും പ്രോട്ടിയാസിനെ ഞെട്ടിച്ചിരിക്കുകാണ്. സ്‌കോര്‍ ബോര്‍ഡില്‍ 11 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോഴേക്കും മൂന്നാം വിക്കറ്റും നഷ്ടപ്പെട്ടാണ് സൗത്ത് ആഫ്രിക്ക പതറുന്നത്. 11 പന്തില്‍ മൂന്ന് റണ്‍സുമായി നില്‍ക്കവെ സ്റ്റബ്‌സിനെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ കൈകളിലെത്തിച്ചാണ് ബുംറ പുറത്താക്കിയത്.

നിലവില്‍ ഒമ്പത് ഓവര്‍ പിന്നിടുമ്പോള്‍ 15 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ് സൗത്ത് ആഫ്രിക്ക. മൂന്ന് പന്ത് നേരിട്ട് അക്കൗണ്ട് തുറക്കാതെ ഡേവിഡ് ബെഡ്ഡിങ്ഹാമും 15 പന്തില്‍ രണ്ട് റണ്‍സുമായി ടോണി ഡി സോര്‍സിയുമാണ് ക്രീസില്‍.

ഇന്ത്യയെ സംബന്ധിച്ച് ഈ മത്സരം ഏറെ നിര്‍ണായകമാണ്. പരമ്പര തോല്‍ക്കാതിരിക്കാന്‍ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് വിജയിച്ചേ മതിയാകൂ. ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സ് തോല്‍വി വഴങ്ങേണ്ടി വന്നതിന്റെ നാണക്കേട് മറക്കുക എന്ന ഉദ്ദേശവും രോഹിത്തിനും സംഘത്തിനും ഉണ്ടാകും.

സൗത്ത് ആഫ്രിക്ക പ്ലെയിങ് ഇലവന്‍

ഏയ്ഡന്‍ മര്‍ക്രം, ഡീന്‍ എല്‍ഗര്‍ (ക്യാപ്റ്റന്‍), ടോണി ഡി സോര്‍സി, ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, ഡേവിഡ് ബെഡ്ഡിങ്ഹാം, കൈല്‍ വെരായ്‌നെ (വിക്കറ്റ് കീപ്പര്‍), മാര്‍കോ യാന്‍സെന്‍, കേശവ് മഹാരാജ്, കഗീസോ റബാദ, നാന്ദ്രേ ബര്‍ഗര്‍, ലുന്‍ഗി എന്‍ഗിഡി.

ഇന്ത്യ പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്‌സ്വാള്‍, രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, മുകേഷ് കുമാര്‍.

Content Highlight: India vs South Africa 2nd test, SA lost 3 wickets within first 9 overs

We use cookies to give you the best possible experience. Learn more