ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റില്‍ ആതിഥേയര്‍ക്ക് അടി പതറുന്നു. കേപ് ടൗണിലെ ന്യൂലാന്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ 55 റണ്‍സിനാണ് സൗത്ത് ആഫ്രിക്ക ഓള്‍ ഔട്ടായത്.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പ്രോട്ടിയാസിന് തുടക്കത്തിലേ പിഴച്ചു. ടീം സ്‌കോര്‍ 10 കടക്കും മുമ്പ് തന്നെ ഏയ്ഡന്‍ മര്‍ക്രമിനെയും ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗറിനെയും സൗത്ത് ആഫ്രിക്കക്ക് നഷ്ടമായി. മര്‍ക്രം രണ്ട് റണ്‍സിന് പുറത്തായപ്പോള്‍ എല്‍ഗര്‍ നാല് റണ്‍സിനാണ് മടങ്ങിയത്.
പിന്നാലെയെത്തിയ സൂപ്പര്‍ താരങ്ങള്‍ക്കൊന്നും കാര്യമായി സ്‌കോര്‍ ബോര്‍ഡില്‍ ചലനമുണ്ടാക്കാന്‍ സാധിച്ചില്ല. ആദ്യ ടെസ്റ്റില്‍ അര്‍ധ സെഞ്ച്വറികളുമായി ടീമിന്റെ നെടുംതൂണായ ബെഡ്ഡിങ്ഹാമിനോ മാര്‍കോ യാന്‍സെനോ ആരാധകരുടെ പ്രതീക്ഷ കാക്കാന്‍ സാധിച്ചില്ല.
രണ്ട് താരങ്ങള്‍ മാത്രമാണ് സൗത്ത് ആഫ്രിക്കന്‍ നിരയില്‍ രണ്ടക്കം കണ്ടത്. 30 പന്തില്‍ അഞ്ച് വിക്കറ്റ് നേടിയ കൈല്‍ വെരായ്‌നെയാണ് പ്രോട്ടിയാസിന്റെ ഉയര്‍ന്ന സ്‌കോറര്‍. 12 റണ്‍സ് നേടിയ ബെഡ്ഡിങ്ഹാമാണ് പ്രോട്ടിയാസ് നിരയില്‍ രണ്ടക്കം കണ്ട മറ്റൊരു താരം.
പേസര്‍മാരുടെ ആക്രമണത്തിന് മുമ്പില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെയാണ് സൗത്ത് ആഫ്രിക്ക വീണത്. ഇന്ത്യക്കായി മുഹമ്മദ് സിറാജ് ആറ് വിക്കറ്റ് വീഴ്ത്തിയപ്പോള്‍, മുകേഷ് കുമാറും ബുംറയും രണ്ട് വിക്കറ്റ് വീഴ്ത്തി.
കരിയറിലെ മൂന്നാം ടെസ്റ്റ് ഫൈഫറാണ് സിറാജ് കേപ്ടൗണില്‍ കുറിച്ചത്. ഏയ്ഡന്‍ മര്‍ക്രം, ക്യാപ്റ്റന്‍ ഡീന്‍ എല്‍ഗര്‍, ടോണി ഡി സോര്‍സി, ഡേവിഡ് ബെഡ്ഡിങ്ഹാം, മാര്‍കോ യാന്‍സെന്‍, കൈല്‍ വെരായ്‌നെ എന്നിവരെയാണ് സിറാജ് പുറത്താക്കിയത്.
പ്രോട്ടിയാസ് സൂപ്പര്‍ ഓള്‍ റൗണ്ടര്‍ മാര്‍കോ യാന്‍സെനെ ബ്രോണ്‍സ് ഡക്കാക്കി മടക്കിയാണ് സിറാജ് തന്റെ കരിയറിലെ മൂന്നാം ടെസ്റ്റ് ഫൈഫര്‍ പൂര്‍ത്തിയാക്കിയത്.
2.2 ഓവറില്‍ ഒറ്റ റണ്‍സ് പോലും വഴങ്ങാതെയാണ് മുകേഷ് രണ്ട് വിക്കറ്റ് വീഴ്ത്തിയത്. കേശവ് മഹാരാജിനെയും കഗദീസോ റബാദയെയുമാണ് മുകേഷ് കുമാര്‍ മടക്കിയത്. ട്രിസ്റ്റണ്‍ സ്റ്റബ്‌സും നാന്ദ്രേ ബര്‍റുമാണ് ബുംറക്ക് മുമ്പില്‍ വീണത്.
ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സ് തോല്‍വി വഴങ്ങിയതിന്റെ നാണക്കേട് മറക്കാന്‍ ഇന്ത്യക്ക് ലഭിച്ച സുവര്‍ണാവസരമാണിത്.
സൗത്ത് ആഫ്രിക്കന്‍ മണ്ണില്‍ ആദ്യമായി ടെസ്റ്റ് പരമ്പര നേടാനുറച്ച് വിമാനം കയറിയ ഇന്ത്യക്ക് ആദ്യ ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ ആ നേട്ടം സ്വപ്‌നം മാത്രമായി അവസാനിച്ചിരുന്നു. എന്നാല്‍ സൗത്ത് ആഫ്രിക്കയില്‍ പരമ്പര തോല്‍ക്കാതെ രക്ഷപ്പെടുന്ന രണ്ടാമത് നായകന്‍ എന്ന നേട്ടം രോഹിത്തിന് മുമ്പിലുണ്ട്.
ഇന്ത്യ പ്ലെയിങ് ഇലവന്‍
യശസ്വി ജെയ്സ്വാള്‍, രോഹിത് ശര്‍മ, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, മുകേഷ് കുമാര്‍.
സൗത്ത് ആഫ്രിക്ക പ്ലെയിങ് ഇലവന്‍
ഏയ്ഡന്‍ മര്‍ക്രം, ഡീന്‍ എല്‍ഗര്‍ (ക്യാപ്റ്റന്‍), ടോണി ഡി സോര്‍സി, ട്രിസ്റ്റണ്‍ സ്റ്റബ്സ്, ഡേവിഡ് ബെഡ്ഡിങ്ഹാം, കൈല്‍ വെരായ്നെ (വിക്കറ്റ് കീപ്പര്‍), മാര്‍കോ യാന്‍സെന്‍, കേശവ് മഹാരാജ്, കഗീസോ റബാദ, നാന്ദ്രേ ബര്‍ഗര്‍, ലുന്‍ഗി എന്‍ഗിഡി.
Content Highlight: India vs South Africa 2nd Test, SA all out for 55