ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ദിനം തന്നെ സൗത്ത് ആഫ്രിക്ക രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയിരിക്കുകയാണ്. ഒന്നിന് പിന്നാലെ ഒന്ന് എന്ന നിലയില്‍ ഇന്ത്യന്‍ ബാറ്റര്‍മാരെ പുറത്താക്കിയാണ് സൗത്ത് ആഫ്രിക്കന്‍ ബൗളര്‍മാര്‍ തിളങ്ങിയത്.
പേസിനെ തുണച്ച പിച്ചില്‍ ഇന്ത്യയുടെ പേസര്‍മാര്‍ക്ക് തങ്ങളുടെ ബൗളര്‍മാരിലൂടെയാണ് സൗത്ത് ആഫ്രിക്ക മറുപടി നല്‍കിയത്. ഒറ്റ റണ്‍സ് പോലും കൂട്ടിച്ചേര്‍ക്കാന്‍ സാധിക്കാതെ ആറ് ബാറ്റര്‍മാര്‍ മടങ്ങിയതോടെയാണ് ഇന്ത്യ 153 റണ്‍സിന് ഓള്‍ ഔട്ടായത്.
153ന് നാല് എന്ന നിലയില്‍ നിന്നുമാണ് ഇന്ത്യ 153ന് ഓള്‍ ഔട്ട് എന്ന നിലയിലേക്ക് കൂപ്പുകുത്തിയത്.
34ാം ഓവറിലെ ആദ്യ പന്തില്‍ കെ.എല്‍. രാഹുലിനെ നഷ്ടപ്പെട്ടുതുടങ്ങിയ ഇന്ത്യക്ക് ഓവറിലെ മൂന്നാം പന്തില്‍ ജഡേജയെയും അഞ്ചാം പന്തില്‍ ബുംറയെയും നഷ്ടമായി.
തൊട്ടടുത്ത ഓവറിലെ രണ്ടാം പന്തില്‍ വിരാട് കോഹ്‌ലിയും നാലാം പന്തില്‍ സിറാജും മടങ്ങി. ഓവറിലെ അഞ്ചാം പന്തില്‍ പ്രസിദ്ധ് കൃഷ്ണയും പുറത്തായതോടെ ഇന്ത്യന്‍ ഇന്നിങ്‌സിന് തിരശ്ശീല വീണു.
ഈ സംഭവ വികാസങ്ങളത്രെയും നടക്കവെ ഒറ്റ റണ്‍സ് പോലും ഇന്ത്യന്‍ ടോട്ടലില്‍ കയറിയിരുന്നില്ല. ജഡേജ മുതല്‍ ഇങ്ങോട്ടുള്ള താരങ്ങള്‍ പൂജ്യത്തിനാണ് പുറത്തായത്. മൂന്ന് താരങ്ങള്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ ഇരട്ടയക്കം കണ്ടത്.
ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യക്കായി വിരാട് കോഹ്‌ലി 44 റണ്‍സ് നേടിയപ്പോള്‍ രോഹിത് ശര്‍മ 39ഉം ശുഭ്മന്‍ ഗില്‍ 36ഉം റണ്‍സ് നേടി പുറത്തായി.
സൗത്ത് ആഫ്രിക്കക്കായി കഗീസോ റബാദ, ലുങ്കി എന്‍ഗിഡി, നാന്ദ്രേ ബര്‍ഗര്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്ക 55 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു. സിറാജ് ആറ് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബുംറയും മുകേഷ് കുമാറും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
98 റണ്‍സിന്റെ കടവുമായി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച സൗത്ത് ആഫ്രിക്ക എട്ട് ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 22 റണ്‍സ് എന്ന നിലയിലാണ്. 27 പന്തില്‍ 14 റണ്‍സുമായി ഏയ്ഡന്‍ മര്‍ക്രവും 22 പന്തില്‍ ഏഴ് റണ്‍സുമായി ഡീന്‍ എല്‍ഗറുമാണ് ക്രീസില്‍.
Content Highlight: India vs South Africa 2nd Test, India all out for 153