വിന്റേജ് കോഹ്‌ലി ഇസ് ബാക്ക്, ഇന്ത്യയെ താങ്ങിനിര്‍ത്തി വിരാട്; ഫോര്‍മാറ്റ് മനസിലാക്കി കെ.എല്‍. രാഹുല്‍; മികച്ച നിലയില്‍ ഇന്ത്യ
Sports News
വിന്റേജ് കോഹ്‌ലി ഇസ് ബാക്ക്, ഇന്ത്യയെ താങ്ങിനിര്‍ത്തി വിരാട്; ഫോര്‍മാറ്റ് മനസിലാക്കി കെ.എല്‍. രാഹുല്‍; മികച്ച നിലയില്‍ ഇന്ത്യ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 4th September 2022, 9:26 pm

പാകിസ്ഥാനെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍. നിശ്ചിത ഓവര്‍ പിന്നിടുമ്പോള്‍ 181 റണ്‍സിന് 7 വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ കളിയവസാനിപ്പിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് സ്വപ്‌നതുല്യമായ തുടക്കമായിരുന്നു ഓപ്പണര്‍മാര്‍ നല്‍കിയത്. ഒരുവേള 200+ കടക്കുമെന്ന് തോന്നിച്ചായിരുന്നു ഇന്ത്യന്‍ ബാറ്റര്‍മാര്‍ ആദ്യ ഓവറുകളില്‍ ആഞ്ഞടിച്ചത്.

5.1 ഓവറിന് 50 കടന്ന ഇന്ത്യക്ക് ഓപ്പണര്‍മാരെ നഷ്ടപ്പെട്ടപ്പോള്‍ വേഗം കുറഞ്ഞു.

ഏഷ്യാ കപ്പ് നടക്കുന്നത് ടി-20 ഫോര്‍മാറ്റിലാണെന്ന കാര്യം മനസിലാക്കിയ പ്രകടനമായിരുന്നു കെ.എല്‍. രാഹുല്‍ നടത്തിയത്. ടൂര്‍ണമെന്റില്‍ ആദ്യമായി താരം 100+ സ്‌ട്രൈക്ക് റേറ്റ് നേടിയ മത്സരം കൂടിയായിരുന്നു ഇത്.

20 പന്തില്‍ നിന്നും 28 റണ്‍സാണ് താരം സ്വന്തമാക്കിയത്. രോഹിത് ശര്‍മ 16 പന്തില്‍ നിന്നും 28 റണ്‍സ് നേടി പുറത്തായി.

മൂന്നാമനായി എത്തിയ വിരാട് കോഹ്‌ലിയാണ് ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോളും മറുതലക്കല്‍ താരം ഉറച്ചുനിന്നു.

ഒരേസമയം, വിക്കറ്റ് നഷ്ടപ്പെടുത്താതെ ആങ്കര്‍ ചെയ്തും, ആക്രമിച്ചുമായിരുന്നു വിരാട് കളിച്ചത്. എന്നാല്‍ 19.4 ഓവറില്‍ സ്‌കോര്‍ 60ല്‍ നില്‍ക്കവെ താരം റണ്‍ ഔട്ടാവുകയായിരുന്നു.

കഴിഞ്ഞ കളിയില്‍ ആഞ്ഞടിച്ച സൂര്യകുമാറിന് കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. 10 പന്തില്‍ നിന്നും 13 റണ്‍സുമായി താരം മടങ്ങി. ഏഷ്യാ കപ്പ് 2022ലെ ആദ്യ മത്സരം കളിക്കാനിറങ്ങിയ പന്ത് 14 റണ്‍സില്‍ പുറത്തായി.

ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ മാച്ച് വിന്നര്‍ ഹര്‍ദിക് പാണ്ഡ്യ പൂജ്യത്തിനായിരുന്നു പുറത്തായത്. ഹസ്‌നെയ്‌ന്റെ പന്തില്‍ നവാസിന് ക്യാച്ച് നല്‍കിയാണ് താരം മടങ്ങിയത്.

പാകിസ്ഥാന് വേണ്ടി ഷദാബ് ഖാന്‍ രണ്ടും മറ്റ് ബൗളര്‍മാര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

 

Content Highlight: India vs Pakistan Super Four match, Virat Kohli’s incredible innings helps India to score 181