രണ്ടും എന്തൊരു അടിയാടോ... തീയുണ്ട വീണ്ടും നൂലുണ്ടയാകുന്നു; പ്രതികാരം തീര്‍ക്കാന്‍ ഉറച്ച് തന്നെയോ
ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ വെടിക്കെട്ടുമായി ഇന്ത്യന്‍ ഓപ്പണര്‍മാര്‍. 79ാം പന്തില്‍ ടീം സ്‌കോര്‍ നൂറ് കടത്തിയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും യുവതാരം ശുഭ്മന്‍ ഗില്ലും ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തുന്നത്.
പാക് ബൗളര്‍മാരെ അറ്റാക് ചെയ്ത് കളിച്ചാണ് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ആര്‍. പ്രേമദാസ സ്റ്റേഡിയത്തെ കിടിലം കൊള്ളിക്കുന്നത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ ഓവര്‍ മുതല്‍ക്കുതന്നെ നയം വ്യക്തമാക്കിയിരുന്നു.
ഷഹീന്‍ അഫ്രിദിയെറിഞ്ഞ ആദ്യ ഓവറില്‍ തന്നെ സിക്‌സര്‍ നേടിയാണ് രോഹിത് ശര്‍മ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡ് തുറന്നത്. ഓവറിലെ ആദ്യ അഞ്ച് പന്തും ഡോട്ട് ആയെങ്കിലും അവസാന പന്ത് ബാക്ക്‌വാര്‍ഡ് ഫൈന്‍ ലെഗിന് മുകളിലൂടെ രോഹിത് സിക്‌സര്‍ നേടുകയായിരുന്നു.
ഇതിന് പിന്നാലെ ഏകദിനത്തില്‍ ഷഹീനിന്റെ ആദ്യ ഓവറില്‍ തന്നെ സിക്‌സര്‍ നേടുന്ന ആദ്യ താരം എന്ന റെക്കോഡും രോഹിത് ശര്‍മക്ക് സ്വന്തമായി.
ശുഭ്മന്‍ ഗില്ലും ഷഹീനിനെ വെറുതെ വിട്ടിരുന്നില്ല. ഷഹീന്‍ എറിഞ്ഞ മൂന്നാം ഓവറില്‍ മൂന്ന് ബൗണ്ടറി സ്വന്തമാക്കിയ ഗില്‍ അഞ്ചാം ഓവറിലും മൂന്ന് ബൗണ്ടറി സ്വന്തമാക്കി.
ഇതുവരെ മൂന്ന് ഓവര്‍ എറിഞ്ഞ ഷഹീന്‍ 31 റണ്‍സാണ് വഴങ്ങിയത്. 10.33 ആണ് താരത്തിന്റെ നിലവിലെ എക്കോണമി.
സ്പിന്നര്‍ ഷദാബ് ഖാനെയും രോഹിത്തും ഗില്ലും അറ്റാക് ചെയ്ത് കളിക്കുകയാണ്. ഷഹീനിന്റെ ആദ്യ മൂന്ന് ഓവറില്‍ അടിച്ചെടുത്ത റണ്‍സ് ഷദാബിന്റെ രണ്ട് ഓവറില്‍ നിന്നുമായിരുന്നു ഇന്ത്യ നേടിയത്.
മൂന്ന് ഓവര്‍ എറിഞ്ഞ ഹാരിസ് റൗഫ് 18 റണ്‍സ് വഴങ്ങിയപ്പോള്‍ അഞ്ച് ഓവര്‍ എറിഞ്ഞ നസീം ഷാ 23 റണ്‍സ് മാത്രമാണ് വഴങ്ങിയത്. മൂന്ന് ഓവറില്‍ 15 റണ്‍സ് മാത്രം വഴങ്ങിയ ഫഹീം അഷ്‌റഫും മോശമല്ലാത്ത രീതിയില്‍ പന്തെറിയുന്നുണ്ട്.
പതിഞ്ഞ താളത്തിലായിരുന്നു രോഹിത് ശര്‍മ തുടങ്ങിയത്. ഒമ്പതാം ഓവറില്‍ ഇന്ത്യ 50 തികച്ചിരുന്നു. ഒമ്പത് ഓവറില്‍ 53 റണ്‍സ് ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ കുറിക്കവെ 24 പന്തില്‍ പത്ത് റണ്‍സ് മാത്രമായിരുന്നു രോഹിത്തിന്റെ സമ്പാദ്യം. അതേസമയം, 30 പന്തില്‍ 41 റണ്‍സാണ് ഗില്ലിനുണ്ടായിരുന്നത്.
എന്നാല്‍ രോഹിത് ശര്‍മ വീണ്ടും ഹിറ്റ്മാനായതോടെ സ്‌കോര്‍ ബോര്‍ഡ് അതിവേഗം ചലിച്ചു. ആദ്യ 24 പന്തില്‍ പത്ത് റണ്‍സെടുത്ത രോഹിത് അടുത്ത 18 പന്തില്‍ 40 റണ്‍സ് അടിച്ചെടുത്ത് അര്‍ധ സെഞ്ച്വറിയും പൂര്‍ത്തിയാക്കിയിരുന്നു.
അതേസമയം, 16 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 118 റണ്‍സ് എന്ന നിലയിലാണ്. 48 പന്തില്‍ നിന്നും 56 റണ്‍സുമായി രോഹിത് ശര്‍മയും 48 പന്തില്‍ 55 റണ്‍സുമായി ശുഭ്മന്‍ ഗില്ലുമാണ് ക്രീസില്‍ തുടരുന്നത്.
ഇന്ത്യ പ്ലെയിങ് ഇലവന്‍
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ.
പാകിസ്ഥാന്‍ പ്ലെയിങ് ഇലവന്‍
ഫഖര്‍ സമാന്‍, ഇമാം ഉള്‍ ഹഖ്, ബാബര്‍ അസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്വാന്‍ (വിക്കറ്റ് കീപ്പര്‍), സല്‍മാന്‍ അലി ആഘ, ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, ഫഹീം അഷ്‌റഫ്, ഷഹീന്‍ ഷാ അഫ്രിദി, നസീം ഷാ, ഹാരിസ് റൗഫ്.
Content Highlight: India vs Pakistan Super Four Match, India reach 100 runs in 79 balls