രണ്ട് വിക്കറ്റ്, സിക്‌സര്‍, നോ ബോള്‍, ഫ്രീ ഹിറ്റ്; ഇത്രയും ത്രില്ലിങ്ങാവാന്‍ ഒരു സിനിമക്കും സാധിക്കില്ല; നെഞ്ചിടിപ്പിന്റെ അങ്ങേയറ്റത്തെ അവസാന ഓവര്‍
Sports News
രണ്ട് വിക്കറ്റ്, സിക്‌സര്‍, നോ ബോള്‍, ഫ്രീ ഹിറ്റ്; ഇത്രയും ത്രില്ലിങ്ങാവാന്‍ ഒരു സിനിമക്കും സാധിക്കില്ല; നെഞ്ചിടിപ്പിന്റെ അങ്ങേയറ്റത്തെ അവസാന ഓവര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 23rd October 2022, 6:19 pm

 

2022 ടി-20 ലോകകപ്പിലെ ഇന്ത്യ – പാകിസ്ഥാന്‍ എന്‍കൗണ്ടറില്‍ നാല് വിക്കറ്റിന് ഇന്ത്യ വിജയിച്ചിരുന്നു. അവസാന പന്ത് വരെ നീണ്ട മത്സരത്തില്‍ പാകിസ്ഥാന്റെ സ്വപ്‌നങ്ങള്‍ ചവിട്ടിയരച്ചുകൊണ്ടായിരുന്നു ഇന്ത്യ വിജയത്തിലേക്ക് നടന്നുകയറിയത്.

ഇത്രത്തോളം ത്രില്ലിങ്ങായ ഒരു മാച്ച് എന്‍ഡ് അടുത്ത കാലത്തൊന്നും ക്രിക്കറ്റില്‍ ഉണ്ടായിക്കാണില്ല. വിക്കറ്റുകളും സിക്‌സറും നോ ബോളും വൈഡുമായി ക്രിക്കറ്റ് എന്ന ഗെയിമിന്റെ അണ്‍പ്രഡിക്ടബിലിറ്റി വ്യക്തമാക്കിയ മത്സരമായിരുന്നു മെല്‍ബണിലേത്.

മുഹമ്മദ് നവാസ് എറിഞ്ഞ അവസാന ഓവറില്‍ ഇന്ത്യക്ക് ജയിക്കാന്‍ 16 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. അവസാന ഓവര്‍ വരെ ഇന്ത്യക്കും പാകിസ്ഥാനും തുല്യസാധ്യതയായിരുന്നു കല്‍പിച്ചിരുന്നത്.

19.1: 20ാം ഓവറിന്റെ ആദ്യ പന്തില്‍ തന്നെ ഇന്ത്യന്‍ ക്യാമ്പിന് ഞെട്ടലുണ്ടാക്കിയാണ് ഹര്‍ദിക് പുറത്തായത്. 37 പന്തില്‍ നിന്നും 40 റണ്‍സ് നേടിയ പാണ്ഡ്യയെ ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ കൈകളിലെത്തിച്ചാണ് നവാസ് സെഞ്ച്വറി പാര്‍ട്‌നര്‍ഷിപ്പ് പൊളിച്ചത്.

പാണ്ഡ്യക്ക് ശേഷം ഫിനിഷറായ ദിനേഷ് കാര്‍ത്തിക്കായിരുന്നു ക്രീസിലെത്തിയത്.

19.2: സിഗിള്‍ നേടി ദിനേഷ് കാര്‍ത്തിക് സ്‌ട്രൈക്ക് വിരാടിന് കൈമാറി. ആ നിമിഷം ജയിക്കാന്‍ 15 റണ്‍സായിരുന്നു വേണ്ടിയിരുന്നത്.

19.3: ഡബിള്‍ ഓടിയെടുത്ത് വിരാട് സ്‌ട്രൈക്ക് നിലനിര്‍ത്തി.

19.4: വിരാടിന്റെ ബാറ്റില്‍ നിന്നും ഒരു പടുകൂറ്റന്‍ സിക്‌സര്‍. ബൗണ്ടറി റോപ്പിനടുത്ത് വെച്ച് ഫീല്‍ഡര്‍ ഉയര്‍ന്നുചാടി ക്യാച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും ശ്രമം പാഴാവുകയായിരുന്നു.

പാകിസ്ഥാന്റെ നെഞ്ചില്‍ വീണ്ടും ഇടിത്തീ വെട്ടി ആ പന്ത് അമ്പയര്‍ നോ ബോള്‍ വിളിക്കുകയായിരുന്നു. ഇന്ത്യക്ക് ഫ്രീ ഹിറ്റും ലഭിച്ചു.

19.4: ഫ്രീ ഹിറ്റ് ഡെലിവറി വൈഡ് ആയി. ഒടുവില്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് രണ്ട് പന്തില്‍ നിന്നും അഞ്ച് റണ്‍സ്

19.4: ഫ്രീ ഹിറ്റ് ഡെലിവറി തുടരുന്നു. മൂന്ന് റണ്‍സ്  ബൈ ആയി ഇന്ത്യയുടെ അക്കൗണ്ടിലേക്ക്.

19.5: ദിനേഷ് കാര്‍ത്തിക്കിനെ പുറത്താക്കി നവാസിന്റെ ഷോക്ക് ട്രീറ്റ്‌മെന്റ്. വമ്പനടിക്ക് ശ്രമിച്ച ദിനേഷ് കാര്‍ത്തിക്കിന് പിഴക്കുകയും റിസ്വാന്‍ ദിനേഷ് കാര്‍ത്തിക്കിനെ സ്റ്റംപ് ചെയ്യുകയുമായിരുന്നു.

19.6: അവസാന പന്തില്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് രണ്ട് റണ്‍സ്. ആര്‍. അശ്വിന്‍ ക്രീസിലേക്ക്. അവസാന പന്തില്‍ രണ്ട് റണ്‍സ് വേണമെന്നിരിക്കെ മറ്റൊരു വൈഡ് കൂടി. സ്‌കോര്‍ ടൈഡ്.

19.6: ജയിക്കാന്‍ ഒറ്റ റണ്‍സ് മാത്രം ലക്ഷ്യം വെച്ച് അശ്വിന്റെ സിംഗിള്‍. അവസാന പന്തില്‍ നേടിയ സിംഗിളിലൂടെ ഇന്ത്യക്ക് നാല് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം.

ഒമ്പത് ഡെലിവറികള്‍ എറിഞ്ഞ അവസാന ഓവറില്‍ 16 റണ്‍സും രണ്ട് വിക്കറ്റുമാണ് പിറന്നത്.

അവസാന ഓവര്‍: W, 1, 2, 7NB, 1WD, 3B, W, 1WD,1

 

Content Highlight: India vs Pakistan Melbourne T20, Most thrilling last over