ഏഷ്യാകപ്പില്‍ ഇന്ന് തീപാറും പോരാട്ടം. ശ്രീലങ്കയിലെ പല്ലേക്കലെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകുന്നേരം മൂന്ന് മണി മുതലാണ് മത്സരം നടക്കുക. മഴക്ക് സാധ്യതയുള്ളതിനാല്‍ മത്സരം തടസപ്പെടുമോ എന്ന ആശങ്കയിലാണ് ക്രിക്കറ്റ് ആരാധകര്‍. ഗ്രൂപ്പ് A യിലെ ആദ്യ മത്സരത്തില്‍ നേപ്പാളിനെ 238 റണ്‍സിന് തകര്‍ത്ത ആത്മവിശ്വാസവുമായാണ് പാകിസ്ഥാന്‍ വരുന്നത്.
നീണ്ട നാളുകള്‍ക്ക് ശേഷമാണ് ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ എത്തുന്നത്. ഏകദിന മത്സരത്തില്‍ 2019 ഐ.സി.സി ലോകകപ്പില്‍ ആയിരുന്നു ഇന്ത്യയും പാകിസ്ഥാനും അവസാനമായി ഏറ്റുമുട്ടിയത്. ഏഷ്യാകപ്പിന്റെ ചരിത്രത്തില്‍ ഇതുവരെ 13 മത്സരങ്ങളിലാണ് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയത്. അതില്‍ ഏഴ് തവണ ഇന്ത്യ വിജയിച്ചപ്പോള്‍ അഞ്ച് തവണ ആയിരുന്നു പാകിസ്ഥാന്റെ വിജയം. ഒരു മത്സരം മഴ മൂലം മുടങ്ങുകയും ചെയ്തു.
ഇന്ത്യന്‍ ടീമിലേക്കുള്ള ശ്രേയസ് അയ്യരുടെയും കെ.എല്‍. രാഹുലിന്റെയും തിരിച്ചുവരവ് ടീമിന് കൂടുതല്‍ കരുത്ത് നല്‍കും. എന്നാല്‍ പരിക്കിന്റെ പിടിയലകപ്പെട്ട രാഹുലിന് രണ്ട് മത്സരങ്ങള്‍ നഷ്ടമാവുമെങ്കിലും താരം തുടര്‍ന്നുള്ള കളികളില്‍ ടീമിനൊപ്പം ചേരും. വിക്കറ്റ് കീപ്പര്‍ ബാറ്ററായ രാഹുലിന് പകരം ഇഷാന്‍ കിഷന്‍ ആദ്യ ഇലവനില്‍ ഇടം പിടിച്ചേക്കും.
ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ തിരിച്ചുവരവും എടുത്തുപറയേണ്ട ഒന്ന് തന്നെയാണ്. അയര്‍ലന്റിനെതിരായ ടി-20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ ബുംറയാണ് നയിച്ചിരുന്നത്. ആ പരമ്പരയിലെ താരമായി മാറാനും അദ്ദേഹത്തിന് സാധിച്ചിരുന്നു. ഇവരുടെയെല്ലാം തിരിച്ചുവരവ് പുതിയ ഊര്‍ജം തന്നെയാണ് ഇന്ത്യന്‍ ടീമിന് നല്‍കുന്നത്.
പാക് നിരയില്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ ബാറ്റിങ് ഫോം തന്നെയാണ് ടീമിന്റെ. ബാബറിനൊപ്പം ഫക്കര്‍ സമാന്‍, മുഹമ്മദ് റിസ്വാന്‍, ഇമാം ഉള്‍ ഹഖ് തുടങ്ങിയ താരങ്ങള്‍ കൂടി ചേരുമ്പോള്‍ ബാറ്റിങ് നിര കൂടുതല്‍ ശക്തമാകുന്നു. ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ് എന്നിവരുള്‍പ്പെട്ട പേസ് നിരയും ടീമിന്റെ കരുത്ത് തന്നെയാണ്. ഇരുടീമുകളും ശക്തരായ താരനിരയാല്‍ സമ്പന്നമാണ്. അതുകൊണ്ടുതന്നെ മികച്ച പോരാട്ടം തന്നെയാണ് ക്രിക്കറ്റ് ലോകം പ്രതീക്ഷിക്കുന്നത്.
ഇന്ത്യ പ്ലേയിങ് ഇലവന്‍
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍/സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ
പാകിസ്ഥാന്‍ പ്ലേയിങ് ഇലവന്‍
ഫഖര്‍ സമാന്‍, ഇമാം ഉല്‍ ഹഖ്, ബാബര്‍ അസം (ക്യാപ്റ്റന്‍), മുഹമ്മദ് റിസ്‌വാന്‍, അഗ്ഹ സല്‍മാന്‍, ഇഫ്തിഖര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ഷഹീന്‍ അഫ്രീദി, നസീം ഷാ, ഹാരിസ് റഊഫ്
Content Highlights: India VS Pakistan in Asia Cup