| Wednesday, 19th October 2022, 6:52 pm

ഇന്ത്യക്കിത് ഗുണമാകുമോ അതോ പണി പാളുമോ? ഇന്ത്യ പാകിസ്ഥാന്‍ മത്സരം ഉപേക്ഷിച്ചേക്കും

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പിലെ ഏറ്റവും ഗ്ലാമര്‍ പോരാട്ടങ്ങളിലൊന്നാണ് ഇന്ത്യ – പാകിസ്ഥാന്‍ മത്സരങ്ങള്‍. ആര്‍ച്ച് റൈവല്‍സായ ഇരുവരുടെയും ആരാധകര്‍ക്ക് നല്‍കുന്ന ആവേശം ചെറുതല്ല.

കഴിഞ്ഞ ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയെ പാകിസ്ഥാന്‍ തോല്‍പിച്ചിരുന്നു. ഒരു ഐ.സി.സി ലോകകപ്പില്‍ ആദ്യമായിട്ടായിരുന്നു ഇന്ത്യ പാകിസ്ഥാനോട് പരാജയപ്പെട്ടത്. ഇതിന്റെ റീ മാച്ച് എന്ന നിലയിലാണ് ഇന്ത്യ മെല്‍ബണില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ കളത്തിലിറങ്ങുന്നത്.

എന്നാല്‍ മത്സരം മഴയില്‍ ഒലിച്ചുപോയേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് തുടരെ തുടരെ വന്നുകൊണ്ടിരിക്കുന്നത്. നേരത്തെയും മഴ ഭീഷണി ഉണ്ടായിരുന്നുവെങ്കിലും മത്സര ദിവസം അടുത്തുകൊണ്ടിരിക്കവെ മഴ ഭീഷണി വീണ്ടും ഉയരുകയാണ്.

മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ച് ഒക്ടോബര്‍ 23ന് നടക്കേണ്ട മത്സരമാണ് ഇപ്പോള്‍ ത്രിശങ്കുവിലായിരിക്കുന്നത്. മത്സരത്തിന് മാസങ്ങള്‍ മുമ്പ് ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റുപോയിരുന്നു. ആരാധകര്‍ അത്രത്തോളം ആവേശത്തിലാണ് ഈ മത്സരത്തിനായി കാത്തിരിക്കുന്നത്.

എന്നാല്‍ ആരാധകര്‍ക്ക് നിരാശരാകേണ്ടി വരുമെന്ന റിപ്പോര്‍ട്ടുകളാണ് വീണ്ടും പുറത്തുവരുന്നത്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടും സമീപ പ്രദേശങ്ങളും ഇപ്പോഴും മഴ ഭീഷണിയിലാണെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ ബ്യൂറോ ഓഫ് മെറ്ററോളജിയുടെ കണക്കനുസരിച്ച് ഞായറാഴ്ച, പ്രത്യേകിച്ച് വൈകുന്നേരം മഴ പെയ്യാന്‍ 80 ശതമാനം സാധ്യത കല്‍പിക്കുന്നുണ്ട്.

‘ക്ലൗഡി. ഉയര്‍ന്ന മഴക്ക് (80%) സാധ്യത. പ്രത്യേകിച്ചും വൈകുന്നേരങ്ങളില്‍. തെക്ക് നിന്നും 15 മുതല്‍ 25 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കാനും സാധ്യതയുണ്ട്,’ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തിന് മുമ്പുള്ള ദിവസങ്ങളിലും മെല്‍ബണില്‍ മഴ ഭീഷണിയുണ്ട്. വെള്ളി, ശനി ദിവസങ്ങളില്‍ 95 ശതമാനം മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഒരുപക്ഷേ, മഴ കാരണം കളി നടക്കാതിരിക്കുകയാണെങ്കില്‍ മത്സരം റീഷെഡ്യൂള്‍ ചെയ്യാന്‍ സാധ്യതയില്ല. ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതം നല്‍കാനാവും തീരുമാനിക്കുക.

ഇന്ന് നടക്കേണ്ടിയിരുന്ന ഇന്ത്യയുടെ അവസാന സന്നാഹ മത്സരവും മഴ മൂലം ഉപേക്ഷിച്ചിരുന്നു. ന്യൂസിലാന്‍ഡിനെതിരെ ഗാബയില്‍ നടക്കേണ്ടിയിരുന്ന മത്സരമാണ് ഒറ്റ പന്ത് പോലും എറിയാന്‍ സാധിക്കാതെ ഉപേക്ഷിച്ചത്.

Content highlight: India Vs Pakistan: Excessive Rain Predicted In Melbourne, Washout Threat Looms

We use cookies to give you the best possible experience. Learn more