2025ല്‍ പാകിസ്ഥാനില്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ഹൈബ്രിഡ് മാതൃകയില്‍ നടത്താന്‍ തീരുമാനമായി. 2027 വരെയുള്ള ഐ.സി.സി ഇവന്റുകളില്‍ സമനമായ മാതൃകയിലാകും ഇന്ത്യയും പാകിസ്ഥാനും മത്സരങ്ങളില്‍ ഏര്‍പ്പെടുന്നത്. പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചാമ്പ്യന്‍സ് ട്രോഫി ഹൈബ്രിഡ് രീതിയില്‍ ദുബായില്‍ മത്സരങ്ങള്‍ കളിക്കാനാണ് ഇന്ത്യയുടെ തീരുമാനം.
ഉന്നത ഐ.സി.സി ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച് അപെക്സ് ബോഡിയുടെ പുതിയ ചെയര്‍മാന്‍ ജയ് ഷായും എല്ലാ അംഗങ്ങളുടെയും ഡയറക്ടര്‍ ബോര്‍ഡും തമ്മിലുള്ള യോഗത്തിലാണ് തീരുമാനം.
‘ചാമ്പ്യന്‍സ് ട്രോഫി യു.എ.ഇയിലും പാകിസ്ഥാനിലും നടത്താമെന്ന് ധാരണയായിട്ടുണ്ട്, മാന്‍ ഇന്‍ ബ്ലൂ അവരുടെ മത്സരങ്ങള്‍ ദുബായില്‍ കളിക്കും. ഇത് എല്ലാവര്‍ക്കും ഒരുപോലെ വിജയിക്കാനുള്ള സാഹചര്യമാണ്,’ ഐ.സി.സി വൃത്തങ്ങള്‍ പി.ടി.ഐയോട് പറഞ്ഞു.
സുരക്ഷ പ്രശ്നങ്ങളും രാഷ്ട്രീയ കാരണങ്ങളും ചൂണ്ടിക്കാട്ടി ഇന്ത്യ പാകിസ്ഥാനില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതോടെ ഇരു രാജ്യങ്ങളും വാക് പോരില്‍ ഏര്‍പ്പെടുകയും ടൂര്‍ണമെന്റിന്റെ കാര്യം അനിശ്ചിതത്തില്‍ ആവുകയും ചെയ്തിരുന്നു.
എന്നാല്‍ ഇന്ത്യയുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ പാകിസ്ഥാന്റെ ടൂര്‍ണമെന്റ് നടത്താനുള്ള അവകാശം എടുത്തുകളയുമെന്ന് ഐ.സി.സി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതോടെ ഹൈബ്രിഡ് മാതൃകയില്‍ ആഗോള ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ പാകിസ്ഥാന്‍ സമ്മതിക്കുകയായിരുന്നു. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് 2031 വരെയുള്ള എല്ലാ ഐ.സി.സി ഇവന്റുകള്‍ക്കും ഒരു ഹൈബ്രിഡ് മോഡല്‍ വേണമെന്ന് ആഗ്രഹിച്ചിരുന്നു, എന്നാല്‍ ഐ.സി.സി 2027 വരെ മാത്രമാണ് സമ്മതിച്ചത്.
ഈ കാലയളവില്‍ വനിതാ ഏകദിന ലോകകപ്പും (2025 ഒക്ടോബറില്‍) 2026ല്‍ ശ്രീലങ്കയ്ക്കൊപ്പം പുരുഷ ടി-20 ലോകകപ്പിനും ഇന്ത്യ ആതിഥേയത്വം വഹിക്കും. 2026ലെ പുരുഷ ടി-20 ലോകകപ്പില്‍ പാകിസ്ഥാന്‍ ശ്രീലങ്കയില്‍ എല്ലാ മത്സരങ്ങളും കളിക്കും.
Content Highlight: India VS Pakistan, 2025 ICC Champions Trophy Plays Hybrid Model