|

കാത്തിരുന്നവര്‍ക്ക് നിരാശ മാത്രം; എന്നാലും എന്റെ സഞ്ജൂ....

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിനെതിരെയുള്ള ടി-20 പരമ്പരയ്ക്ക് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ നിരാശപ്പെടുത്തി സഞ്ജു സാംസണ്‍. നൊര്‍താംപ്റ്റണ്‍ ഷെയറിനെതിരെ നടക്കുന്ന മത്സരത്തില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായാണ് സഞ്ജു ആരാധകരെ ഒന്നടങ്കം നിരാശപ്പെടുത്തിയത്.

ടോസ് നേടി ഇന്ത്യയെ ബാറ്റിങ്ങിനയച്ച നൊര്‍ത്താംപ്റ്റണ്‍ഷെയര്‍ ക്യാപ്റ്റന്‍ ജോഷ് കോബ് തന്റെ തീരുമാനം ശരിയാണെന്ന് ആദ്യ പന്തില്‍ തന്നെ തെളിയിക്കുകയായിരുന്നു. സഞ്ജുവിനെ വിക്കറ്റിന് മുമ്പില്‍ കുടുക്കി ഗോള്‍ഡന്‍ ഡക്കാക്കിയാണ് കോബ് പുറത്താക്കിയത്.

സഞ്ജുവിന് പിന്നാലെ ക്രീസിലെത്തിയ സണ്‍റൈസേഴ്‌സിന്റെ സൂപ്പര്‍ താരം രാഹുല്‍ ത്രിപാഠിക്കും കാര്യമായൊന്നും തന്നെ ചെയ്യാന്‍ സാധിച്ചിരുന്നില്ല. നാല് റണ്‍സെടുത്ത് താരം മടങ്ങുകയായിരുന്നു.

ഇതോടെ എട്ടിന് രണ്ട് എന്ന നിലയില്‍ ഇന്ത്യ പരുങ്ങിയപ്പോള്‍ മഴയെത്തുകയും കളി തടസ്സപ്പെടുകയുമായിരുന്നു.

എന്നാല്‍ കളി പുനരാരംഭിച്ചപ്പോള്‍ തന്നെ നോര്‍താംപ്റ്റണ്‍ഷെയര്‍ ഒരിക്കല്‍ക്കൂടി ഇന്ത്യയെ ഞെട്ടിക്കുകയായിരുന്നു. അപകടകാരിയായ സൂര്യകുമാര്‍ യാദവിനെ ആര്‍.ഡി റിക്കല്‍ടണിന്റെ കൈകളിലെത്തിച്ച് ബ്രാന്‍ഡന്‍ ഗ്ലോവര്‍ നോര്‍താംപ്റ്റണ് വീണ്ടും അപ്പര്‍ ഹാന്‍ഡ് നല്‍കി.

പിന്നാലെയെത്തിയ ക്യാപ്റ്റന്‍ ദിനേഷ് കാര്‍ത്തിക്കിന്റെ പ്രകടനമായിരുന്നു ഇന്ത്യയ്ക്ക് രക്ഷയായത്. 26 പന്തില്‍ നിന്നും 34 റണ്‍സാണ് താരം സ്വന്തമാക്കിയത്.

എന്നാല്‍ കാര്‍ത്തിക്കിന് പിന്നാലെയെത്തിയ ഹര്‍ഷല്‍ പട്ടേലിന്റെ മാസ്മരിക പ്രകടനമായിരുന്നു പിന്നീട് കണ്ടത്. ടെസ്റ്റില്‍ ബുംറ നടത്തിയ ബാറ്റിങ്ങിനെ അനുസ്മരിപ്പിക്കുന്ന ഇന്നിങ്‌സുമായി ഹര്‍ഷല്‍ പട്ടേല്‍ അര്‍ധസെഞ്ച്വറി നേടിയപ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 20 ഓവറില്‍ 149 റണ്‍സിന് എട്ട് വിക്കറ്റ് എന്ന നിലയിലെത്തിയിരുന്നു.

36 പന്തില്‍ നിന്നും അഞ്ച് ഫോറും മൂന്ന് സിക്‌സറുമുള്‍പ്പടെ 54 റണ്‍സാണ് താരം നേടിയത്.

നാല് ഓവറില്‍ ഒരു മെയ്ഡനടക്കം 33 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ ബ്രാന്‍ഡന്‍ ഗ്ലോവറാണ് ഇന്ത്യയെ എറിഞ്ഞിട്ടത്. ഗ്ലോവറിന് പുറമെ നഥാന്‍ ബക്ക് ഫ്രഡി ഹെല്‍ഡ്രിച്ച് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും ക്യാപ്റ്റന്‍ ജോഷ് കോബ് ഒരു വിക്കറ്റും സ്വന്തമാക്കി.

കഴിഞ്ഞ സന്നാഹമത്സരത്തില്‍ ഇന്ത്യയുടെ ടോപ് സ്‌കോററായ സഞ്ജു രണ്ടാം മത്സരത്തില്‍ പരാജയപ്പെടുകയായിരുന്നു. ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടി-20 മത്സരത്തില്‍ സഞ്ജു ടീമിലുണ്ടാവുമോ എന്ന് കണ്ടുതന്നെ അറിയണം.

Content Highlight: India vs Northampton shire warm up match, Sanju Samson out for a duck

Latest Stories

Video Stories