കണ്ണീരില്‍ കുതിര്‍ന്ന് ത്രിവര്‍ണം
ICC WORLD CUP 2019
കണ്ണീരില്‍ കുതിര്‍ന്ന് ത്രിവര്‍ണം
ഗൗതം വിഷ്ണു. എന്‍
Thursday, 11th July 2019, 1:11 pm

പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായി സെമിയിലേക്ക് യോഗ്യത നേടിയതോടെ കരുത്തരായ ഇംഗ്ലണ്ടിനെ സെമിയില്‍ എതിരാളികളായി കിട്ടിയില്ലല്ലോ എന്ന ആശ്വാസത്തിലായിരുന്നു ഇന്ത്യ. എന്നാല്‍ അത്താഴം മുടങ്ങാന്‍ നീര്‍ക്കോലി കടിച്ചാലും മതി എന്നത് ഇന്നലെ ഇന്ത്യക്ക് മനസിലായിട്ടുണ്ടാകണം. മാഞ്ചസ്റ്ററില്‍ നിന്നും ലോര്‍ഡ്‌സിലേക്കൊരു ടിക്കറ്റ് ലക്ഷ്യമാക്കിയാണ് ഇന്ത്യയും ന്യൂസിലാന്‍ഡും ആദ്യ സെമിക്കിറങ്ങിയത്. മഴ പെയ്യുമെന്ന പ്രവചനം ഉണ്ടായെങ്കിലും കളി തുടങ്ങാന്‍ നേരത്ത് മഴ ഇല്ലായിരുന്നതു കൊണ്ടു കൃത്യ സമയത്ത് തന്നെ കളി തുടങ്ങി.

തോല്‍ക്കുന്നവര്‍ പുറത്താകുന്ന നോക്ക് ഔട്ട് റൗണ്ടിലെ ആദ്യ മത്സരത്തില്‍ ടോസ് ഭാഗ്യം കിവി നായകന്‍ വില്യംസനായിരുന്നു. ലോകകപ്പ് സെമി പോലൊരു വലിയ വേദിയില്‍ ഇന്ത്യയെ പോലൊരു ബാറ്റിംഗ് ടീം പടുത്തുയര്‍ത്താന്‍ സാധ്യതയുള്ള ഏതൊരു സ്‌കോറും പിന്തുടരുക എന്നത് തങ്ങള്‍ക്ക് വെല്ലുവിളിയാകുമെന്ന് മനസിലാക്കിയ കെയിന്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു.

പരിക്ക് മാറി അവരുടെ ബൗളിങ്ങിലെ കുന്തമുന ഫെര്‍ഗൂസന്‍ തിരിച്ചു വന്നതായിരുന്നു അവരുടെ നിരയിലെ ഏക മാറ്റം. മറുവശത്തു ഇന്ത്യ കുല്‍ദീപിനു പകരം ചാഹലിനെ കൊണ്ടു വന്നപ്പോള്‍ ഇന്ത്യന്‍ നിരയില്‍ ഷമിയുടെ അസ്സാന്നിദ്ധ്യം ചര്‍ച്ചാവിഷയമായി. കഴിഞ്ഞ കളിയില്‍ ഒരുപാട് റണ്‍ വിട്ടു കൊടുത്തെങ്കിലും ഭുവനേശ്വറില്‍ തന്നെ വിശ്വാസമര്‍പ്പിക്കാനാണ് കോഹ്ലി ശ്രമിച്ചത്.

 

എന്നാല്‍ നായകന്റെ ബാറ്റ് ചെയ്യാനുള്ള തീരുമാനം പിഴച്ചോ എന്ന തോന്നലുളവാക്കി കൊണ്ടാണ് കിവി ബാറ്റ്സ്മാന്മാര്‍ ബാറ്റ് വീശിയത്. ആദ്യ റണ്‍ എടുക്കാന്‍ മൂന്നാം ഓവര്‍ വരെ കാത്തിരിക്കേണ്ടി വന്ന അവര്‍ക്ക് ഇരുട്ടടി കൊടുത്തു ഗപ്ടിലിനെ ബുംറ പുറത്താക്കി.

ഇരു വശത്തു നിന്നും മികച്ച രീതിയില്‍ പന്തെറിയാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചതോടെ ന്യൂസിലന്‍ഡിന്റെ സ്‌കോര്‍ ബോര്‍ഡിന്റെ വേഗം ഒച്ചിഴയും വേഗത്തിലായി. നിലയുറപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ ജഡേജക്ക് വിക്കറ്റ് സമ്മാനിച്ചു മറ്റൊരു ഓപ്പണറായ നിക്കോള്‍സും മടങ്ങിയതോടെ ഭാരം മുഴുവന്‍ മധ്യനിരയുടെ ചുമലിലായി. നായകന്‍ വില്യംസണ്‍ പരിചയസമ്പന്നനായ ടെയ്ലറെയും കൂട്ടു പിടിച്ചു പതിയെ ന്യൂസിലന്‍ഡിനെ മുന്നോട്ടു നയിച്ചു.

വളരെ ശ്രദ്ധാപൂര്‍വം മാത്രം കളിച്ച ഇരുവരും റിസ്‌കുകള്‍ എടുക്കാന്‍ തുനിഞ്ഞതേയില്ല. എന്നാല്‍ സ്‌കോറിങ് നിരക്ക് ഉയര്‍ത്തേണ്ട സമയമായപ്പോഴേക്കും അര്‍ധശതകം തികച്ച വില്യംസണെ ചാഹല്‍ ജഡേജയുടെ കൈകളില്‍ എത്തിച്ചതോടെ അവര്‍ വീണ്ടും പ്രതിരോധത്തിലായി. സ്‌കോറിങ് ഉയര്‍ത്താന്‍ ലതാമിനും മുന്‍പേ ഇറങ്ങിയ നീഷാമിനും ഗ്രാന്‍ഡ്ഹോമിനും വലിയ രീതിയില്‍ അതിനു സാധിക്കുന്നതിനു മുന്‍പേ തന്നെ ഇരുവരും മടങ്ങി. എന്നാല്‍ അത്ര നേരം പതിഞ്ഞ താളത്തില്‍ പോയി കൊണ്ടിരുന്ന ടെയ്ലര്‍ ചാഹലിന്റെ അവസാന ഓവറില്‍ ആക്രമിച്ചു കളിക്കാന്‍ ആരംഭിച്ചു. എന്നാല്‍ ഇതിനെല്ലാമിടയില്‍ രസംകൊല്ലി ആയി മഴയെത്തി.

ചെറിയ ചാറ്റല്‍ മഴ എന്ന രീതിയിലാണ് വന്നത് എന്നതു കൊണ്ട് തത്ക്കാലത്തേക്ക് നിര്‍ത്തി വയ്‌ക്കേണ്ട അവസ്ഥ മാത്രമേ ഉണ്ടാകുകയുള്ളൂ എന്നു തോന്നിച്ചെങ്കിലും പിന്നീട് മഴ ശക്തിപ്പെട്ടതോടെ ഒരുപാട് തവണത്തെ കൂടിയാലോചനകള്‍ക്ക് ശേഷം കളി റിസര്‍വ് ദിനത്തിലേക്ക് മാറ്റി വക്കാന്‍ അമ്പയര്‍മാര്‍ നിര്ബന്ധിതരായി. എവിടെ നിര്‍ത്തിയോ അവിടെ നിന്നു തന്നെ കളി പുനരാംഭിക്കുമെന്ന തീരുമാനത്തില്‍ എല്ലാവരും പിരിഞ്ഞു. എടുത്ത ടിക്കറ്റ് ഉപയോഗിച്ചു തന്നെ അടുത്ത ദിനവും കളി കാണാനുള്ള അനുവാദം കാണികള്‍ക്ക് കൊടുത്തു.

 

ന്യൂസിലാന്‍ഡ് ഇന്നിംഗ്‌സ് അവസാനിക്കാറായതു കൊണ്ട് ഇന്നിങ്‌സിനിടയിലെ ഇടവേള കേവലം 10 മിനിറ്റ് ആയി ചുരുക്കുകയും ചെയ്തു. ബാക്കിയുള്ള 23 പന്തുകളില്‍ പരമാവധി സ്‌കോര്‍ ചെയ്യാന്‍ ഉറച്ചു വന്ന ടെയ്ലറെ ഒരു നെടുനീളന്‍ ത്രോ സ്റ്റമ്പില്‍ നേരിട്ട് കൊള്ളിച്ചു ജഡേജ റണ്‍ ഔട്ടാക്കിയതോടെ കിവികള്‍ക്ക് വേണ്ടവിധത്തില്‍ ഇന്നിംഗ്‌സ് അവസാനിപ്പിക്കാനായില്ല. അവസാന സ്‌പെല്ലില്‍ മൂന്നു വിക്കറ്റുകള്‍ എടുത്ത ഭുവനേശ്വറും റണ്‍ വിട്ടു കൊടുക്കാതെ ബുമ്രയും മധ്യ ഓവറുകളില്‍ റണ്‍ ഒഴുക്ക് നിയന്ത്രിച്ച ജഡേജയും ബൗളിങ്ങിലെ താരങ്ങളായി.

ഇന്ത്യയുടെ പേരു കേട്ട ബാറ്റിംഗ് നിരയെ സംബന്ധിച്ചിടത്തോളം താരതമ്യേന ചെറിയ വിജയലക്ഷ്യമാണ് ന്യൂസിലാന്‍ഡ് ഉയര്‍ത്തിയത്. അതു ഇന്ത്യ അനായാസം മറികടക്കുമെന്നാണ് ഏവരും കരുതിയത്. എന്നാല്‍ മഴയുടെ ഈര്‍പ്പം നിലനിന്നിരുന്ന പിച്ചിന്റെയും വായുവിന്റെയും ആനുകൂല്യം പരമാവധി മുതലെടുക്കാന്‍ ന്യൂസിലന്‍ഡിന്റെ ന്യൂ ബോള്‍ ബൗളര്‍മാര്‍ക്ക് സാധിച്ചതോടെ ഇന്ത്യയുടെ വിശ്വസ്തരായ മുന്‍നിര തകര്‍ന്നു.

ഈ ലോകകപ്പിലെ ഇന്ത്യയുടെ വിജയങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച രോഹിതിന്റെതായിരുന്നു ആദ്യത്തെ ഊഴം. സ്വിങ് ചെയ്യുന്ന പന്തുകളില്‍ ഇന്നിങ്‌സിന്റെ ആദ്യം രോഹിതിനുള്ള ദൗര്‍ബല്യം മുതലെടുത്ത ഹെന്റി വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടു. പിന്നാലെ തന്റെ ഇഷ്ട ഷോട്ടായ മിഡ് വിക്കറ്റ് ഫ്‌ലിക്കിനു ശ്രമിച്ച കോഹ്ലിയെ വിക്കറ്റിനു മുന്നില്‍ കുടുക്കി ബോള്‍ട്ട് ഇരട്ടപ്രഹരമേല്പിച്ചു. അഞ്ചില്‍ നാലു തവണയും കൃത്യമായി ഫ്‌ലിക്ക് കളിക്കുന്ന കോഹ്ലിക്ക് പക്ഷേ ഇന്നലെ പിഴച്ചു. നോക്ക് ഔട്ട് റൗണ്ടുകളില്‍ നിറം മങ്ങുന്ന ശീലം കോഹ്ലി ഇന്നലെയും ആവര്‍ത്തിച്ചതോടെ ഇന്ത്യ പടുകുഴിയിലായി.

 

ചെറിയ സ്‌കോര്‍ മാത്രമേ വിജയലക്ഷ്യമായുള്ളൂ എന്നത് ഇന്ത്യന്‍ ക്യാമ്പിന് പിന്നെയും പ്രതീക്ഷ നല്‍കി. എന്നാല്‍ ഫോമിലുള്ള രാഹുലിനെയും മടക്കി ഹെന്റി ഒരു കൊടുംകാറ്റായി ആഞ്ഞു വീശി. പിന്നീട് പന്തിനു കൂട്ടായെത്തിയത് സ്ഥാനക്കയറ്റം ലഭിച്ച കാര്‍ത്തിക്കായിരുന്നു. പന്തിന്റെ ഷോട്ടുകളില്‍ ആത്മവിശ്വാസത്തിന്റെ കണികകള്‍ ദര്‍ശിക്കാനായപ്പോള്‍ കാര്‍ത്തിക് പേടിയോടെയാണ് കളിച്ചത്. തന്റെ പരിചയസമ്പത്ത് ഇവിടെ ആവശ്യമാണെന്നും ഇന്നു നന്നായി കളിച്ചാല്‍ ടീമില്‍ സ്ഥിരം സാന്നിധ്യമാകാമെന്നുള്ള ചിന്ത വരുത്തി വച്ച സമ്മര്‍ദ്ദം കാര്‍ത്തികില്‍ പ്രകടമായിരുന്നു. അദ്ദേഹം നേരിട്ട ഇരുപത്തൊന്നാം പന്തിലാണ് അക്കൗണ്ട് തുറന്നത്. എന്നാല്‍ അധികം താമസിയാതെ ഹെന്റിയുടെ മൂന്നാമത്തെ ഇരയായി കാര്‍ത്തിക്കും മടങ്ങി. നീഷാമിന്റെ ഒരു അമാനുഷിക ക്യാച്ചിന്റെ ഫലമായിരുന്നു ആ വിക്കറ്റ്.

പൊതുവെ വലം കയ്യനായ നീഷാം കവറില്‍ നിന്നും ഇടത്തോട്ട് ചാടി ഇടം കൈ കൊണ്ടു കാര്‍ത്തിക്കിനെ പുറത്താക്കി ഈ ലോകകപ്പിലെ ഏറ്റവും മികച്ച ക്യാച്ച് എന്ന ഖ്യാതി സ്വന്തം പേരില്‍ കുറിച്ചു. പിന്നീട് ക്രീസിലേക്ക് ധോനിയെ പ്രതീക്ഷിച്ച ഏവരെയും ആശ്ചര്യപ്പെടുത്തിക്കൊണ്ട് പാണ്ട്യ എത്തി. പന്തും പാണ്ട്യയും പതുക്കെ പതുക്കെ ഇന്ത്യയെ മുന്നോട്ടു കൊണ്ടു പോയി.ഇതിനിടയില്‍ പന്ത് നല്‍കിയ ഒരു ക്യാച്ച് നീഷാം തന്നെ കൈവിട്ടതോടെ നീഷാം നായകനില്‍ നായകനില്‍ നിന്നും വില്ലനാകുകയാണോ എന്നു തോന്നിച്ചു.

99 ല്‍ സ്റ്റീവ് വോയുടെ ക്യാച്ച് ഗിബ്‌സ് നിലത്തിട്ടത് പോലെയൊന്നാകുമോ ഇതും എല്ലാവരും ചിന്തിച്ചു. എന്നാല്‍ ഇന്ത്യ തകര്‍ച്ചയില്‍ നിന്നും കരകയറുകയാണെന്നു തോന്നിച്ചെങ്കിലും സാന്റ്‌നര്‍ പന്തെറിയാനെത്തിയതോടെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞു. തുടര്‍ച്ചയായി വഴങ്ങേണ്ടി വന്ന ഡോട്ട് ബോളുകളില്‍ അസ്വസ്ഥനായ പന്ത് സാന്റ്‌നറെ ഉയര്‍ത്തി അടിക്കാനുള്ള ശ്രമത്തില്‍ ആ കൂട്ടുകെട്ട് പിരിഞ്ഞു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി എന്നു വിശേഷിപ്പിക്കുന്ന പന്തില്‍ നിന്നും ഈ ഒരു സമയത്ത് ഇതിലുമേറെ പക്വത പ്രതീക്ഷിച്ചിരുന്നു എല്ലാവരും. എന്നാല്‍ ഡോട്ട് ബോളുകളുടെ സമ്മര്‍ദ്ദം താങ്ങാന്‍ സെമി ഫൈനല്‍ പോലൊരു വലിയ വേദിയില്‍ പന്തിനായില്ല.

 

പിന്നീട് പാണ്ട്യക്ക് കൂട്ടായി ധോണി എത്തി. എന്നാല്‍ ആ കൂട്ടുകെട്ടിന് അധികം ആയുസ്സുണ്ടായിരുന്നില്ല. പന്തിനെ പോലെ തന്നെ ഡോട്ട് ബോളുകളുടെ സമ്മര്‍ദത്തിനടിപ്പെട്ട പാണ്ട്യ സാന്റ്‌നര്‍ക്ക് തന്നെ വിക്കറ്റ് നല്‍കി മടങ്ങി. ഇതോടെ പ്രതീക്ഷ മങ്ങിയ ഇന്ത്യക്ക് പുത്തനുണര്‍വ് നല്‍കിയാണ് ജഡേജ ക്രീസിലെത്തിയത്. ധോണിയുടെ ശക്തമായ പിന്തുണയോടെ ജഡേജ തന്റെ പതിവു ശൈലിയില്‍ കളിച്ചു തുടങ്ങി. ആ കൂട്ടുകെട്ട് ശതകത്തിനുമപ്പുറം വളര്‍ന്നതോടെ ഇന്ത്യ ജയം മണത്തു. മറ്റു ബാറ്റ്സ്മാന്മാരെല്ലാം പേടിയോടെ സമീപിച്ച കിവി ബൗളര്‍മാര്‍ക്കെതിരെ പ്രത്യാക്രമണം അഴിച്ചു വിട്ട ജഡേജ ലോകകപ്പില്‍ കപില്‍ ദേവിന്റെ മറ്റൊരു അവതാരമാകുകയാണോ എന്നു തോന്നിച്ചു.

എന്നാല്‍ റണ്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെ ലോകകപ്പില്‍ ഇന്ത്യക്ക് വേണ്ടി എട്ടാം നമ്പറില്‍ ഇറങ്ങുന്ന ഒരാളുടെ ഏറ്റവും വലിയ സ്‌കോറും കുറിച്ച് ജഡേജ മടങ്ങി.പഴയ പ്രതാപമില്ലെങ്കിലും ബാക്കി ധോനിയെ കൊണ്ടു കൂട്ടിയാല്‍ കൂടാവുന്നതേയുള്ളൂ എന്നു എല്ലാ ആരാധകരും ഉറച്ചു വിശ്വസിച്ചു. ആ വിശ്വാസത്തെ സാധൂകരിച്ചു കൊണ്ടു ഫെര്‍ഗൂസനെ ആദ്യ പന്തില്‍ സിക്‌സിന് പറത്തി ധോണി ഇന്ത്യന്‍ പ്രതീക്ഷകള്‍ ജ്വലിപ്പിച്ചു. എന്നാല്‍ തൊട്ടടുത്ത പന്തില്‍ ഇന്ത്യന്‍ പ്രതീക്ഷകളെല്ലാം ഒരു റണ്‍ ഔട്ടിന്റെ രൂപത്തില്‍ ചിറകൊടിഞ്ഞു വീണു.

സിംഗിള്‍ മാത്രം ഉണ്ടായിരുന്നിടത്ത് ഡബിള്‍ എടുക്കാന്‍ ശ്രമിച്ച ധോണിക്ക് പിഴച്ചു. ഗപ്ടിലിന്റെ നേരിട്ടുള്ള ഏറില്‍ ധോണി മടങ്ങിയതോടെ ഇന്ത്യ ലോര്‍ഡ്‌സിലേക്ക് വണ്ടി കേറില്ല എന്നു ഏറെ കുറേ ഉറപ്പായി. അത്യാവശ്യം ബാറ്റ് ചെയ്യാനറിയുന്ന ഭുവനേശ്വറിനെ വിശ്വാസത്തില്‍ എടുക്കാന്‍ ധോണി തയ്യാറായിരുന്നെങ്കില്‍ ഒരു പക്ഷേ ഇന്ത്യക്ക് ഈ അവസ്ഥ വരില്ലായിരുന്നു. ഭുവനേശ്വറിനു സ്‌ട്രൈക്ക് കൊടുക്കുന്നതിലും ഭേദം ഇല്ലാത്ത രണ്ടാം റണ്ണിനോടുകയാണെന്ന ധോണിയുടെ ചിന്ത ഇന്ത്യന്‍ പ്രതീക്ഷകള്‍ തച്ചുടച്ചു. പിന്നീട് ചടങ്ങുകള്‍ പൂര്‍ത്തിയാക്കും വിധം ശേഷിച്ച വിക്കറ്റുകള്‍ കൂടെ ന്യൂസിലാന്‍ഡ് വീഴ്ത്തിയപ്പോള്‍ ആരവങ്ങള്‍ മുഴക്കി എത്തിയ ഇന്ത്യന്‍ ആരാധക കൂട്ടം മൂകമായി. ഡ്രസിങ് റൂമിലിരുന്ന് രോഹിതും കോഹ്ലിയുമെല്ലാം ആ ദുഃഖത്തില്‍ പങ്കു ചേര്‍ന്നു.

 

ചോദ്യം ചെയ്യപ്പെട്ടേക്കാനിടയുള്ള ഒരുപാട് കാര്യങ്ങള്‍ ബാക്കി നിര്‍ത്തിയാണ് ഇന്ത്യ ഈ ലോകകപ്പില്‍ നിന്നും മടങ്ങുന്നത്. നന്നായി ബാറ്റ് ചെയ്യാനും കഴിയും,താനാണ് ശരിക്കുമുള്ള 3 ഡി കളിക്കാരനെന്ന ജഡേജയുടെ അവകാശവാദത്തെ വൈകി മാത്രം തിരിച്ചറിഞ്ഞ മാനേജ്‌മെന്റിന്റെ വിവേചന ബുദ്ധി, വിക്കറ്റുകള്‍ കൊയ്യാന്‍ മിടുക്കനായ ഷമിയെ സെമിഫൈനലില്‍ ഇറക്കാത്ത സമീപനം, വിക്കറ്റ് കളയാതെ പിടിച്ചു നില്‍ക്കണം എന്ന ഘട്ടത്തില്‍ ധോനിയെ ഇറക്കാതെ കാര്‍ത്തികിനെയും പാണ്ഡ്യയെയും ഇറക്കിയ തീരുമാനം… എല്ലാം ചോദ്യം ചെയ്യപ്പെടേണ്ടവയാണ്. പന്തിനു പിറകെ ധോണി ഇറങ്ങിയിരുന്നെങ്കില്‍ കാര്‍ത്തിക്കിന്റെയും പാണ്ട്യയുടെയും വിക്കറ്റ് സംരക്ഷിക്കാന്‍ ഒരു പക്ഷേ ഇന്ത്യക്ക് കഴിഞ്ഞേനെ.

സ്‌കോറിങ് നിരക്ക് കുറഞ്ഞാലും പിന്നീടത്തുന്ന അവര്‍ക്ക് അതു സാധാരണ ഗതിയിലാക്കാനുള്ള കഴിവുമുണ്ട്. 2011 ലെ ഫൈനലില്‍ യുവരാജിനും മുന്‍പേ ഇറങ്ങാനുള്ള ധോണിയുടെ വിവേചനബുദ്ധി കോഹ്ലിക്കൊ ശാസ്ത്രിക്കോ ഇല്ലാതെ പോയത് ഇന്ത്യക്ക് തിരിച്ചടിയായി എന്നു തന്നെ പറയേണ്ടി വരും. ഇത്തരം ഘട്ടങ്ങളിലെടുക്കുന്ന തീരുമാനങ്ങള്‍ക്ക് പൊന്നും വിലയുണ്ടെന്നതു മനസിലാക്കാതെ പോയതാണ് ഇന്ത്യയുടെ പരാജയകാരണം. സെമിയിലെത്തിയ മറ്റു ടീമുകളൊന്നും നേരിടാത്ത അത്രയും പ്രശ്‌നങ്ങള്‍ ഇന്ത്യ നേരിടുന്നുണ്ടായിരുന്നു.

 

അസ്ഥിരമായ മധ്യനിര മുന്‍നിരയുടെ സമ്മര്‍ദ്ദമിരട്ടിപ്പിക്കുകയും അതു ഇത്തരത്തിലുള്ള മത്സരങ്ങളില്‍ ദോഷം ചെയ്യുമെന്നും ഇന്നലത്തെ മത്സരം തെളിയിച്ചു. കൂടാതെ ആറാം ബൗളറെന്ന ആഡംബരം ഇല്ലാതെ വലിയ റിസ്‌ക് എടുത്താണ് ഇന്ത്യ ഇറങ്ങിയിരുന്നത്. മറ്റൊരു ബൗളറെ കളിപ്പിച്ചാല്‍ ഏതെങ്കിലും ബാറ്റ്‌സ്മാനെ ഒഴിവാക്കേണ്ടി വരുമെന്നത് ഇന്ത്യയെ അഞ്ചു ബൗളര്‍ സംവിധാനത്തില്‍ വിശ്വാസമര്‍പ്പിക്കാന്‍ നിര്‍ബന്ധിതരാക്കി.

നന്നായി ബാറ്റിങ്ങും ഒരു പരിധി വരെ ബൗളിങ്ങും ചെയ്യാനറിയുന്ന ഒരു ബാറ്റിംഗ് ഓള്‍ റൗണ്ടറുടെ അഭാവം ടീമില്‍ വ്യക്തമായി നിഴലിക്കുന്നുണ്ടായിരുന്നു. ഐ. സി. സി. ടൂര്ണമെന്റുകളിലൊക്കെ പതിവായി സെമി ബെര്‍ത്ത് സ്വന്തമാക്കുന്ന ഇന്ത്യ സെമിയിലും ഫൈനലിലും തോല്‍ക്കുന്നതും പതിവാക്കിയിരിക്കുന്നു. ലോകകപ്പോടെ വിരമിക്കാമെന്ന ധോണിയുടെ സ്വപ്നത്തിനു അപ്രതീക്ഷിത വിരാമം കുറിച്ച ഈ തോല്‍വി ഇന്ത്യന്‍ ആരാധകരെ ഒരുപാട് കാലങ്ങളോളം വേട്ടയാടുമെന്നുറപ്പാണ്. 1983 ലെയും 2011 ലെയും ലോകകപ്പ് വിജയങ്ങളുടെ മധുരം നുണഞ്ഞു കൊണ്ട് മറ്റൊരു നാലു വര്‍ഷം കൂടെ ഇനിയും ഇന്ത്യ കാത്തിരിക്കേണ്ടിയിരിക്കുന്നു മറ്റൊരു ലോകകപ്പിനായി.

 

ഗൗതം വിഷ്ണു. എന്‍
എറണാകുളം ലോ കോളെജ് വിദ്യാര്‍ത്ഥിയാണ് ഗൗതം