| Wednesday, 5th February 2020, 3:47 pm

അടിക്ക് തിരിച്ചടി, ടെയ്‌ലറിന് സെഞ്ച്വറി; ആദ്യ ഏകദിനത്തില്‍ ന്യൂസിലാന്റിന് തകര്‍പ്പന്‍ ജയം

സ്പോര്‍ട്സ് ഡെസ്‌ക്

സഡന്‍പാര്‍ക്ക്: ഇന്ത്യയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ ന്യൂസിലാന്റിന് നാല് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 347 റണ്‍സ് വിജയലക്ഷ്യം കിവീസ് റോസ് ടെയ്‌ലറുടെ തകര്‍പ്പന്‍ സെഞ്ച്വറി മികവിലാണ് മറികടന്നത്.

ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ന്യൂസിലാന്റ് 1-0ത്തിന് മുന്നിലെത്തി.

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ കിവീസിന് ഓപ്പണര്‍മാരായ മാര്‍ടിന്‍ ഗുപ്ടിലും ഹെന്റി നിക്കോളസും മികച്ച തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 85 റണ്‍സ് കൂട്ടിച്ചേര്‍ത്ത കിവീസിന് ആദ്യം നഷ്ടമായത് 32 റണ്‍സെടുത്ത ഗുപ്ടിലിനെയാണ്. പിന്നാലെ വന്ന ടോം ബ്ലണ്ടലിനെ നിലയുറപ്പിക്കും മുന്‍പ് കുല്‍ദീപ് യാദവ് മടക്കി അയച്ചു.

എന്നാല്‍ പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന നിക്കോളസും റോസ് ടെയ്‌ലറും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മേല്‍ ആധിപത്യം നേടി. നിക്കോളസിനെ 78 റണ്‍സില്‍ വിരാട് കോഹ്‌ലി റണ്‍ ഔട്ടാക്കിയെങ്കിലും പിന്നാലെ ടെയ്‌ലറിനൊപ്പം ക്രീസില്‍ ഒരുമിച്ച ടോം ലാഥം അതിവേഗം റണ്‍സ് നേടി.

ഇരുവരും അഞ്ചാം വിക്കറ്റില്‍ 138 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ അനായാസ വിജയത്തിലേക്ക് കുതിച്ച കിവീസിനെ കുല്‍ദീപ് തടഞ്ഞു. 69 റണ്‍സെടുത്ത ടോം ലാഥത്തെ ഷമിയുടെ കൈയിലെത്തിച്ച കുല്‍ദീപ് ഇന്ത്യയ്ക്ക് വിജയപ്രതീക്ഷ സമ്മാനിച്ചു.

എന്നാല്‍ സെഞ്ച്വറിയുമായി ഒരറ്റത്ത് നിലയുറപ്പിച്ച ടെയ്‌ലര്‍ കിവീസിനെ വിജയത്തിലെത്തിക്കുകയായിരുന്നു.

നേരത്തെ ശ്രേയസ് അയ്യരുടെ കന്നി സെഞ്ച്വറി മികവിലാണ് ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 347 റണ്‍സ് നേടിയത്. കോഹ്‌ലിയും (51) രാഹുലും (88) അര്‍ധസെഞ്ച്വറിയുമായി ശ്രേയസിന് മികച്ച പിന്തുണ നല്‍കി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ മുന്‍നിര ബാറ്റ്‌സ്മാന്‍മാരെല്ലാം ഭേദപ്പെട്ട സ്‌കോര്‍ കണ്ടെത്തിയതാണ് മികച്ച ടോട്ടല്‍ പടുത്തുയര്‍ത്താന്‍ സഹായിച്ചത്.

പൃഥ്വി ഷായും മയാങ്ക് അഗര്‍വാളും ചേര്‍ന്ന പുത്തന്‍ ഓപ്പണിംഗ് സഖ്യം ആദ്യ വിക്കറ്റില്‍ 50 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. പൃഥ്വി 20 റണ്‍സും മയാങ്ക് 32 റണ്‍സും നേടി. അടുത്തടുത്ത ഓവറില്‍ ഓപ്പണര്‍മാരെ നഷ്ടപ്പെട്ട ഇന്ത്യയെ പിന്നീട് നായകന്‍ വിരാട് കോഹ്‌ലിയും ശ്രേയസ് അയ്യരും ചേര്‍ന്ന് മുന്നോട്ടുനയിച്ചു.

ശ്രേയസും കോഹ്‌ലിയും 102 റണ്‍സാണ് മൂന്നാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്.

കോഹ്‌ലിയ്ക്ക് പിന്നാലെയെത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ കെ.എല്‍ രാഹുല്‍, ശ്രേയസിന് മികച്ച പിന്തുണ നല്‍കിയതോടെ ന്യൂസിലാന്റ് ബൗളര്‍മാര്‍ വിയര്‍ത്തു. 101 പന്തിലാണ് ശ്രേയസ് മൂന്നക്കം കടന്നത്. 11 ഫോറും ഒരു സിക്‌സും ശ്രേയസിന്റെ ഇന്നിംഗ്‌സില്‍ ഉള്‍പ്പെട്ടു.

സെഞ്ച്വറിയ്ക്ക് പിന്നാലെ സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെയാണ് ശ്രേയസ് പുറത്തായത്. മറുവശത്ത് ടി-20 പരമ്പരയിലെ ഫോം ആവര്‍ത്തിച്ച രാഹുല്‍ ആറ് സിക്‌സുകളാണ് പറത്തിയത്. 64 പന്തില്‍ 88 റണ്‍സുമായി രാഹുല്‍ പുറത്താകാതെ നിന്നു. 15 പന്തില്‍ 26 റണ്‍സെടുത്ത കേദാര്‍ ജാദവ് രാഹുലിന് മികച്ച പിന്തുണ നല്‍കി.

ന്യൂസിലാന്റിനായി ടിം സൗത്തി രണ്ട് വിക്കറ്റ് നേടി. പര്യടനത്തിലെ ടി-20 പരമ്പര നേരത്തെ ഇന്ത്യ 5-0 ത്തിന് സ്വന്തമാക്കിയിരുന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more