| Friday, 31st January 2020, 4:44 pm

വീണ്ടും സൂപ്പര്‍ ഓവര്‍, വീണ്ടും ഇന്ത്യ

സ്പോര്‍ട്സ് ഡെസ്‌ക്

വെല്ലിങ്ടണ്‍: സൂപ്പര്‍ ഓവറിലേക്ക് നീണ്ട നാലാം ടി-20യിലും ഇന്ത്യയ്ക്ക് ജയം. ബുംറയെറിഞ്ഞ സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റു ചെയ്ത കിവീസ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 13 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിന് ഇന്ത്യയ്ക്ക് വേണ്ടി രാഹുലും കോഹ്‌ലിയുമാണ് ഓപ്പണ്‍ ചെയ്തത്.

ആദ്യ രണ്ട് പന്തില്‍ സിക്‌സും ഫോറും നേടി രാഹുല്‍ ഇന്ത്യയെ അനായാസം ലക്ഷ്യത്തിലെത്തിച്ചു. മൂന്നാം പന്തില്‍ രാഹുല്‍ പുറത്തായെങ്കിലും കോഹ്‌ലി ബൗണ്ടറി നേടി ഇന്ത്യയെ നാലാം വിജയത്തിലെത്തിക്കുകയായിരുന്നു.

നേരത്തെ നിശ്ചിത 20 ഓവറില്‍ ഇന്ത്യ ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസീലന്‍ഡിന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇതോടെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സൂപ്പര്‍ ഓവറിലേക്ക് മത്സരം നീളുകയായിരുന്നു.

ഷാര്‍ദുല്‍ താക്കൂറെറിഞ്ഞ അവസാന ഓവറില്‍ കിവീസിന് വിജയത്തിലേക്ക് ഏഴു റണ്‍സ് വേണമായിരുന്നു. എന്നാല്‍ ടിം സെയ്ഫേര്‍ട്ട്, ഡാരില്‍ മിച്ചെല്‍, മിച്ചെല്‍ സാന്റ്നര്‍ എന്നിവരുടെ വിക്കറ്റുകള്‍ അവര്‍ക്ക് അവസാന ഓവറില്‍ നഷ്ടമായി. അവസാന പന്തില്‍ ജയിക്കാന്‍ രണ്ടു റണ്‍സ് വേണമെന്നിരിക്കെ സാന്റ്നര്‍ റണ്‍ ഔട്ടായതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങുകയായിരുന്നു.

പരമ്പരയിലെ തുടര്‍ച്ചയായ രണ്ടാം മത്സരമാണ് ഇതോടെ സൂപ്പര്‍ ഓവറിലേക്ക് നീളുന്നത്.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 165 റണ്‍സാണ്. മറുപടി ബാറ്റിങ്ങില്‍ തകര്‍ത്തടിച്ചു മുന്നേറിയ ന്യൂസീലന്‍ഡിന് അവസാന ഓവറില്‍ പിഴച്ചതോടെ അവര്‍ക്കു നേടാനായത് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സ്.

ഓപ്പണര്‍ കോളിന്‍ മണ്‍റോ (47 പന്തില്‍ 64), ടിം സീഫര്‍ട്ട് (39 പന്തില്‍ 57) എന്നിവരുടെ അര്‍ധസെഞ്ചുറി പ്രകടനങ്ങളോടെ വിജയമുറപ്പിച്ച കിവീസിനെ അവസാന ഓവറിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെയാണ് ഇന്ത്യ ടൈയില്‍ കുരുക്കിയത്.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 165 റണ്‍സെടുത്തത്. ട്വന്റി20യിലെ മൂന്നാം അര്‍ധസെഞ്ചുറി കുറിച്ച പാണ്ഡെയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 36 പന്തില്‍ മൂന്നു ഫോറുകള്‍ സഹിതം പാണ്ഡെ 50 റണ്‍സെടുത്തു.

ലോകേഷ് രാഹുല്‍ (26 പന്തില്‍ 39), ഷാര്‍ദുല്‍ ഠാക്കൂര്‍ (15 പന്തില്‍ 20) എന്നിവരും മികവുകാട്ടി. കിവീസിനായി ഇഷ് സോധി നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസനു പരുക്കായതിനാല്‍ ടിം സൗത്തിയാണ് ഇന്ന് കിവീസിനെ നയിക്കുന്നത്.

88 റണ്‍സെടുക്കുന്നതിനിടെ ആറു വിക്കറ്റ് നഷ്ടമാക്കിയ ഇന്ത്യയ്ക്ക് ഏഴാം വിക്കറ്റില്‍ മനീഷ് പാണ്ഡെ-ഷാര്‍ദുല്‍ ഠാക്കൂര്‍ സഖ്യം പടുത്തുയര്‍ത്തിയ 43 റണ്‍സ് കൂട്ടുകെട്ടാണ് കരുത്തായത്. ഠാക്കൂര്‍ 15 പന്തില്‍ രണ്ടു ഫോറുകള്‍ സഹിതമാണ് 20 റണ്‍സെടുത്തത്.

30 പന്തില്‍ നിന്നാണ് ഇരുവരും ചേര്‍ന്ന് 43 റണ്‍സ് ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. ഇതിനിടെ, ലോകേഷ് രാഹുല്‍ ട്വന്റി20യില്‍ 4000 റണ്‍സ് പിന്നിട്ടു. ട്വന്റി20യില്‍ 2000നു മുകളില്‍ റണ്‍സ് നേടിയിട്ടുള്ള താരങ്ങളില്‍ ഏറ്റവും മികച്ച ശരാശരിയുള്ള (42.10*) രണ്ടാമത്തെ താരമാണ് രാഹുല്‍.

പരമ്പരയിലാദ്യമായി അവസരം ലഭിച്ച മലയാളി താരം സഞ്ജു സാംസണ്‍ നിരാശപ്പെടുത്തി. ഒരിക്കല്‍ക്കൂടി സിക്‌സറടിച്ച് പ്രതീക്ഷയോടെ തുടങ്ങിയ സഞ്ജു തൊട്ടുപിന്നാലെ പുറത്തായി. സമ്പാദ്യം അഞ്ചു പന്തില്‍ ഒരു സിക്‌സ് സഹിതം എട്ടു റണ്‍സ്. കഴിഞ്ഞ മത്സരത്തിലെ വിജയശില്‍പി രോഹിത് ശര്‍മയ്ക്ക് വിശ്രമം അനുവദിച്ചാണ് ഇന്ത്യ ഈ മത്സരത്തില്‍ സഞ്ജുവിനെ പരീക്ഷിച്ചത്.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more