| Tuesday, 22nd June 2021, 9:48 pm

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്: ഒന്നാം ഇന്നിങ്‌സില്‍ ന്യൂസ്‌ലാന്‍ഡ് 249ന് പുറത്ത്; ഇന്ത്യ മറുപടി ബാറ്റിങ്ങിനിറങ്ങി

സ്പോര്‍ട്സ് ഡെസ്‌ക്

സതാംപ്ടണ്‍: ഇടക്കിടെ മഴ തടസ്സപ്പെടുത്തിയ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ന്യൂസ്‌ലാന്‍ഡിനെതിരെ തിരിച്ചടിച്ച് ഇന്ത്യ. നാലാം ദിനമായ ചൊവ്വാഴ്ച ന്യൂസ്‌ലാന്‍ഡ് 249 റണ്‍സിന്  പുറത്തായി. ഒന്നാം ഇന്നിങ്‌സ് പൂര്‍ത്തിയായപ്പോള്‍ ന്യൂസ്‌ലാന്‍ഡിന് 32 റണ്‍സ് ലീഡുണ്ടായിരുന്നു. രണ്ടിന് 101 എന്ന നിലയിലായിരുന്നു ന്യൂസിലന്‍ഡ് ബാറ്റിങ് ആരംഭിച്ചത്.

അതേസമയം, ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ആറ് റണ്‍സിന് പൂജ്യം എന്ന നിലയിലാണ് ഇന്ത്യ. നേരത്തെ മഴ മൂലം ഒരു മണിക്കൂര്‍ വൈകിയാണ് മത്സരം തുടങ്ങിയിരുന്നത്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 217 റണ്‍സ് പിന്‍തുടര്‍ന്നാണ് കിവികള്‍ക്ക് ഇന്ന് ബാറ്റിങ് ആരംഭിച്ചത്. ഇന്ത്യക്കായി മുഹമ്മദ് ഷമി നാലും ഇഷാന്ത് ശര്‍മ്മ മൂന്നും വിക്കറ്റ് നേടി. ആര്‍. അശ്വിന് രണ്ട് വിക്കറ്റുണ്ട്.

ക്യാപ്റ്റന്‍ കെയിന്‍ വില്ല്യംസണ്‍ ആണ്(49) ന്യൂസിലാന്‍ഡിന്റെ ഇന്നത്തെ ടോപ് സ്‌കോറര്‍. നേരത്തെ അഞ്ച് വിക്കറ്റ് നേടിയ ജാമിസണ്‍ 21 റണ്‍സെടുത്ത് പുറത്തായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനിറങ്ങിയ ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 217 റണ്‍സില്‍ പുറത്തായിരുന്നു. 22 ഓവറില്‍ 31 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയ പേസര്‍ കെയ്ല്‍ ജാമീസണാണ് ഇന്ത്യയെ തകര്‍ത്തത്.

രോഹിത് ശര്‍മ്മ(34), ശുഭ്മാന്‍ ഗില്‍(28), ചേതേശ്വര്‍ പൂജാര (8 ), വിരാട് കോലി(44), അജിങ്ക്യ രഹാനെ(49), റിഷഭ് പന്ത്(4), രവീന്ദ്ര ജഡേജ(15), രവിചന്ദ്ര അശ്വിന്‍(22),  ഇഷാന്ത് ശര്‍മ്മ(4),  ജസ്പ്രീത് ബുമ്ര(0), മുഹമ്മദ് ഷമി(4) എന്നിങ്ങനെയാണ് ഇന്ത്യന്‍ താരങ്ങളുടെ സ്‌കോര്‍.

ടെസ്റ്റിന്റെ ആദ്യ ദിനവും നാലാം ദിനവും മഴ മൂലം പൂര്‍ണമായും ഉപേക്ഷിച്ചിരുന്നു. കളി നടന്ന രണ്ടാം ദിനവും മൂന്നാം ദിനവും വെളിച്ചക്കുറവ് മൂലം മത്സരം നേരത്തെ അവസാനിപ്പിക്കേണ്ടിയും വന്നിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: India vs New Zealand WTC Final Live Score Day 5: New Zealand 249 all out, take 32-run lead

We use cookies to give you the best possible experience. Learn more