വനിത അണ്ടര്‍ 19 ടി-20 ലോകകപ്പിന്റെ സെമി ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനെ നേരിടും. ശ്രീലങ്കയെ തകര്‍ത്തെറിഞ്ഞാണ് ഇന്ത്യ ടി-20 ലോകകപ്പിന്റെ സെമി ഫൈനലില്‍ പ്രവേശിച്ചിരിക്കുന്നത്.
ഇന്ത്യന്‍ പുരുഷ ടീമിന് എന്നും വെല്ലുവിളിയുയര്‍ത്തുന്ന ന്യൂസിലാന്‍ഡിനെയാണ് ഷെഫാലിക്കും സംഘത്തിനും നേരിടാനുള്ളത് എന്നതാണ് ഇന്ത്യന്‍ ആരാധകരെ നിരാശരാക്കുന്നത്. പല തവണ ഐ.സി.സി ഇവന്റുകളില്‍ നോക്ക് ഔട്ട് ഘട്ടത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയ ചരിത്രമുള്ള കിവികള്‍ വീണ്ടും മറ്റൊരു നോക്ക് ഔട്ട് സ്‌റ്റേജില്‍ ഇന്ത്യയെ നേരിടാനൊരുങ്ങുകയണ്.
2019 ലോകകപ്പിന്റെ സെമി ഫൈനലിലും 2021 ലോക ടെസ്റ്റ് ചമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലുമാണ് സമീപകാലത്ത് ന്യൂസിലാന്‍ഡ് ഇന്ത്യയെ കണ്ണീര് കുടിപ്പിച്ചത്.
2019 ലോകകപ്പില്‍ എം.എസ്. ധോണിയുടെ റണ്‍ ഔട്ട് ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങളെയൊന്നാകെയാണ് തല്ലിക്കെടുത്തിയത്. 2021ല്‍ വിരാടിന്റെ നേതൃത്വത്തില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കളിക്കാനിറങ്ങിയപ്പോഴും ഇന്ത്യന്‍ ടീമന്റെ വിധി മറ്റൊന്നായിരുന്നില്ല.
2019ന് സമാനമായി മറ്റൊരു സെമി ഫൈനലില്‍ ഇന്ത്യയും ന്യൂസിലാന്‍ഡും ഏറ്റുമുട്ടുകയണ്. സൗത്ത് ആഫ്രിക്കയിലെ സെന്യൂസ് പാര്‍ക്കില്‍ വെച്ച് ക്രിക്കറ്റിലെ രണ്ട് വമ്പന്‍മാര്‍ കൊമ്പുകോര്‍ക്കുമ്പോള്‍ ഫലം അപ്രവചനീയമാണ്.
ടൂര്‍ണമെന്റില്‍ മികച്ച പ്രകടനമാണ് ഇരുടീമും കാഴ്ചവെച്ചത്. ലോകകപ്പില്‍ ഓസ്‌ട്രേലിയയോട് മാത്രമാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്. എന്നാല്‍ ഒറ്റ മത്സരം പോലും തോല്‍ക്കാതെയാണ് കിവികള്‍ സെമിയില്‍ പ്രവേശിച്ചിരിക്കുന്നത്.
ക്യാപ്റ്റന്‍ ഷെഫാലി വര്‍മയുടെയും വൈസ് ക്യാപ്റ്റന്‍ ശ്വേതാ ഷെരാവത്തിന്റെയും മികച്ച ഫോം തന്നെയാണ് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നത്.
സൂപ്പര്‍ സിക്‌സില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ സെമിയില്‍ കടന്നത്. ടോസ് നേടി എതിരാളികളെ ബാറ്റിങ്ങിനയച്ച ഇന്ത്യ വെറും 59 റണ്‍സിന് ലങ്കയെ അവസാനിപ്പിക്കുകയായിരുന്നു. നാല് ഓവര്‍ പന്തെറിഞ്ഞ് അഞ്ച് റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയ പര്‍ഷവി ചോപ്രയണ് ഇന്ത്യയെ അനായസ ജയത്തിലേക്ക് നയിച്ചത്.
60 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 7.2 ഓവറില്‍ വിജയം പിടിച്ചടക്കുകയായിരുന്നു.
പാകിസ്ഥാനെ 103 റണ്‍സിന് തകര്‍ത്താണ് ന്യൂസിലാന്‍ഡ് സെമിയില്‍ പ്രവേശിച്ചിരിക്കുന്നത്.
ഇന്ത്യ സ്‌ക്വാഡ്:
ജി. തൃഷ, ശിഖ ഷാലോട്ട്, ശ്വേത ഷെരാവത്, സൗമ്യ തിവാരി, ഹര്‍ലി ഗല, ഷെഫാലി വര്‍മ (ക്യാപ്റ്റന്‍), സോണിയ മെന്‍ദിയ, യശശ്രീ, ഹൃഷ്ത ബസു, റിച്ച ഘോഷ്, അര്‍ച്ചന ദേവി, ഫലാഖ് നാസ്, മന്നത് കശ്യപ്, നാജിയ നൗഷാദ്, പര്‍ഷവി ചോപ്ര, ശബ്‌നം, സോനം മുകേഷ് യാദവ്, ടൈറ്റസ് സാധു.
ന്യൂസിലാന്‍ഡ് സ്‌ക്വാഡ്:
എമ്മ ഇര്‍വിന്‍, എമ്മ മക്‌ലിയോഡ്, ജോര്‍ജിയ പ്ലിമ്മര്‍, ഇസി ഷാര്‍പ് (ക്യാപ്റ്റന്‍), അബിഗാല്‍ ഹോട്ടണ്‍, അന്ന ബ്രോവിങ്, ബ്രിയാന്‍ ഇല്ലിങ്, കേറ്റ് ഷാന്‍ഡ്‌ലര്‍, കേറ്റ് ഇര്‍വിന്‍, പെയ്ജ് ലോഗന്‍ബെര്‍ഗ്, ടാഷ് വാക്‌ലിന്‍, അന്റോണിയ ഹാമില്‍ട്ടണ്‍, ഇസി ഗേസ്, ഫ്രാന്‍ ജോണ്‍സ്, കെയ്‌ലി നൈറ്റ്, ലൗസിയ കോട്കാംപ്, നടാഷ കോഡയര്‍, ഒലിവിയ ആന്‍ഡേഴ്‌സണ്‍.
Content highlight: India vs New Zealand, U19 T20 World Cup