Sports News
അവസാന ടെസ്റ്റിലും രക്ഷയില്ല; കിവീസിന്റെ താണ്ഡവത്തില്‍ ഇന്ത്യ തകരുന്നു!
സ്പോര്‍ട്സ് ഡെസ്‌ക്
2024 Nov 01, 12:52 pm
Friday, 1st November 2024, 6:22 pm

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അവസാന ടെസ്റ്റ് മത്സരം മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ന്യൂസിലാന്‍ഡിനെ ഇന്ത്യ ആദ്യ ദിനം തന്നെ പുറത്താക്കിയിരിക്കുകയാണ്. 65.4 ഓവറില്‍ 235 റണ്‍സിനാണ് ഇന്ത്യ കിവീസിനെ തകര്‍ത്തത്.

നിലവില്‍ ആദ്യ ദിനം അവസാനിച്ചപ്പോള്‍ ഇന്ത്യ വെറും 19 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സാണ് നേടിയത്. ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് വമ്പന്‍ തിരിച്ചടിയാണ് കിവീസ് നല്‍കിയത്. മുന്‍ നിര ബാറ്റര്‍മാരായ യശസ്വി ജെയ്‌സ്വാള്‍ (30), രോഹിത് ശര്‍മ (18), മുഹമ്മദ് സിറാജ് (0), വിരാട് കോഹ്‌ലി (4 റണ്‍ ഔട്ട്) എന്നിവരെയാണ് ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടത്. മാത്രമല്ല ടെയില്‍ എന്‍ഡില്‍ ബാറ്റ് ചെയ്യേണ്ട മുഹമ്മദ് സിറാജിനെ നാലാമനായി കൊണ്ടുവന്ന മണ്ടന്‍ ആശയവും ഇന്ത്യയ്ക്ക് സ്ഥിരത നല്‍കിയില്ല.

കിവീസിന് വേണ്ടി ക്യാപ്റ്റന്‍ രോഹിത്തിന്റെ വിക്കറ്റ് വീഴ്ത്തി തുടക്കമിട്ടത് മാറ്റ് ഹെന്റിയാണ്. ടോം ലാഥത്തിന്റെ കയ്യിലെത്തുകയായിരുന്നു രോഹിത്. പിന്നീട് ജെയ്‌സ്വാളിനെയും സിറാജിനേ അജാസ് പട്ടേലും പുറത്താക്കി. വിരാടിനെ റണ്‍ ഔട്ടിലൂടെ തിരികെ അയച്ചപ്പോള്‍ ഇന്ത്യയുടെ എല്ലാ നീക്കങ്ങളും വെട്ടിലാവുകയാണ്.

രവീന്ദ്ര ജഡേജയുടേയും വാഷിങ്ടണ്‍ സുന്ദറിന്റെയും മിന്നും പ്രകടനത്തിലാണ് ഇന്ത്യ കിവികളെ തകര്‍ത്തത്. സുന്ദര്‍ രണ്ട് മെയ്ഡന്‍ അടക്കം 81 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ഒരു മെയ്ഡന്‍ അടക്കം 65 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകളാണ് ജഡേജ സ്വന്തമാക്കിയത്. വില്‍ യങ് (71), ടോം ബ്ലണ്ടല്‍ (0), ഗ്ലെന്‍ ഫിലിപ്സ് (17), ഇഷ് സോധി (7), മാറ്റ് ഹെന്റി (0) എന്നിവരുടെ വിക്കറ്റുകളാണ് ജഡേജ സ്വന്തമാക്കിയത്.

മത്സരത്തില്‍ ആകാശ് ദീപ് ഡെവോണ്‍ കോണ്‍വേയുടെ വിക്കറ്റ് നേടിയാണ് ഇന്ത്യയ്ക്ക് വേണ്ടി വേട്ട ആരംഭിച്ചത്. കിവീസ് നിരയില്‍ മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെച്ചത് 82 റണ്‍സ് നേടിയ ഡാരില്‍ മിച്ചലാണ്.

നിലവില്‍ ഇന്ത്യയ്ക്ക് വേണ്ടി ക്രീസിലുള്ളത് ശുഭ്മന്‍ ഗില്ലും (31), റിഷബ് പന്തുമാണ് (1). അടുത്ത ദിനത്തില്‍ ഇന്ത്യ മികച്ച പ്രതിരോധം തീര്‍ത്ത് ലീഡ് ഉയര്‍ത്തിയില്ലെങ്കില്‍ വീണ്ടും ഇന്ത്യ നാണംകെടുമെന്നത് ഉറപ്പാണ്.

 

Content Highlight: India Vs New Zealand Test Match Update