| Wednesday, 6th February 2019, 4:37 pm

നിറഞ്ഞാടി സെഫീര്‍ട്ട്; ആദ്യ ട്വന്റി-20യില്‍ ഇന്ത്യയ്‌ക്കെതിരെ ന്യൂസീലന്‍ഡിന് തകര്‍പ്പന്‍ ജയം

സ്പോര്‍ട്സ് ഡെസ്‌ക്

വെല്ലിംഗ്ടണ്‍: ഇന്ത്യക്കെതിരായ ട്വന്റി-20 പരമ്പരയില്‍ ന്യൂസീലന്‍ഡിന് തകര്‍പ്പന്‍ ജയം. ന്യുസിലാന്‍ഡിന്റെ 220 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 19.2 ഓവറില്‍ 139 റണ്‍സിന് പുറത്താവുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി-20യില്‍ ന്യൂസീലന്‍ഡ് 1-0ത്തിന് മുന്നിലെത്തി.

ടോസ് നേടി ആദ്യം ഫീല്‍ഡിംഗ് തെരഞ്ഞെടുത്ത ഇന്ത്യന്‍ തീരുമാനം തെറ്റാണെന്ന് തെളിയിക്കുന്നതായിരുന്നു കിവീസ് ഓപ്പണര്‍മാരുടെ പ്രകടനം. കീവീസ് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്തു. അര്‍ധ സെഞ്ചുറി നേടിയ ടിം സെയ്ഫെര്‍ട്ടിന്റെ ഇന്നിങ്‌സാണ് ന്യൂസീലന്‍ഡ് സ്‌കോറില്‍ നിര്‍ണായകമായത്. മിച്ചല്‍ സാന്റ്‌നര്‍ (7), സ്‌കോട്ട് കുഗ്ഗെലെജിന്‍ (20) എന്നിവര്‍ പുറത്താകാതെ നിന്നു.

39 റണ്‍സെടുത്ത എം.എസ് ധോനിയാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. ടിം സൗത്തി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഫെര്‍ഗൂസണും സാന്റ്നറും സോധിയും രണ്ട് വിക്കറ്റ് വീതം നേടി.

84 റണ്‍സെടുത്ത ടിം സെഫീര്‍ട്ടും 34 റണ്‍സെടുത്ത കോളിന്‍ മണ്‍റോയും ത്രസിപ്പിക്കുന്ന പ്രകടനമാണ് കിവീസിന് നല്‍കിയത്. പിന്നാലെയെത്തിയ കെയ്ന്‍ വില്യംസണും മികച്ച പ്രകടനം കാഴ്ചവെച്ചു.

വില്യംസണ്‍ 34 റണ്‍സെടുത്തും ടെയ്ലര്‍ 23 റണ്‍സെടുത്തും പുറത്തായി. അവസാന ഓവറില്‍ കത്തിക്കയറിയ സ്‌കോട്ട് കുഗ്ലേജെയ്ന്‍ ഏഴ് പന്തില്‍ 20 റണ്‍സെടുത്തു.

ഇന്ത്യന്‍ നിരയില്‍ പന്തെറിഞ്ഞവരെല്ലാം നന്നായി തല്ല് കൊണ്ടു. ഹര്‍ദിക് പാണ്ഡ്യ നലോവറില്‍ 51 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് നേടി.

വിരാട് കോഹ്ലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മ്മയാണ് ഇന്ത്യയെ നയിക്കുന്നത്. വിക്കറ്റ് കീപ്പര്‍മാരായ ധോണിയും ദിനേഷ് കാര്‍ത്തിക്കും റിഷഭ് പന്തും ഒരുമിച്ച് ടീമില്‍ ഇടംനേടിയതും ശ്രദ്ധേയമായി. രണ്ടാം ട്വന്റി-20 വെള്ളിയാഴ്ച്ച ഓക്ക്ലന്‍ഡില്‍ നടക്കും.

We use cookies to give you the best possible experience. Learn more