ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അവസാന ടി-20 മത്സരത്തിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു. ഇഷാന്‍ കിഷനും ശുഭ്മന്‍ ഗില്ലും തന്നെയാണ് മൂന്നാം മത്സരത്തിലും ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത്.
പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും പരാജയമായ ഓപ്പണിങ് പെയറിനെ തന്നെയാണ് ഇന്ത്യ നിര്‍ണായകമായ സീരീസ് ഡിസൈഡര്‍ മത്സരത്തിലും തെരഞ്ഞെടുത്തിരിക്കുന്നത്.
ഇഷാന്‍ കിഷന് പകരം യുവതാരം പൃഥ്വി ഷായെ ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇന്ത്യ ഗില്ലിനെയും ഇഷാന്‍ കിഷനെയും തന്നെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനുള്ള ചുമതലപ്പെടുത്തുകയായിരുന്നു.
ഏറെ നാളുകള്‍ക്ക് ശേഷമാണ് ഷാ ഇന്ത്യന്‍ സ്‌ക്വാഡില്‍ ഇടം നേടിയത്. എന്നാല്‍ പരമ്പരയിലെ ഒറ്റ മത്സരത്തില്‍ പോലും കളിക്കാന്‍ ഷാക്ക് സാധിച്ചില്ല.
ടി-20 ഫോര്‍മാറ്റിന് ഇത്രത്തോളം അനുയോജ്യനായ താരമായിട്ടുകൂടിയും ഇന്ത്യ പൃഥ്വി ഷായെ ടീമില്‍ ഉള്‍പ്പെടുത്തിയില്ല എന്നതാണ് സങ്കടകരമായ വസ്തുത. ഷാക്ക് വേണ്ടി നിലകൊണ്ട ആരാധകരെയും നിരാശപ്പെടുത്തിക്കൊണ്ടാണ് ഇന്ത്യ മൂന്നാം മത്സരത്തില്‍ ടീമിനെ പ്രഖ്യാപിച്ചത്.
ഇഷാനെയും ഗില്ലിനെയും ഏകദിന സ്‌പെഷ്യലിസ്റ്റുകളായി വളര്‍ത്തിയെടുക്കേണ്ടതിന് പകരം സ്ഥിരമായി ഫ്‌ളോപ്പാകുന്ന ടി-20യെന്ന എടുത്താല്‍ പൊങ്ങാത്ത ഭാരമാണ് ബി.സി.സി.ഐ എടുപ്പിക്കുന്നത്.
പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയുടെ ഭാഗ്യ ഗ്രൗണ്ടായ റാഞ്ചിയില്‍ വെച്ച് നടന്ന ആദ്യ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. 21 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ലഖ്‌നൗവില്‍ വെച്ച് നടന്ന രണ്ടാം മത്സരത്തില്‍ 100 റണ്‍സ് ചെയ്‌സ് ചെയ്തിറങ്ങിയ ഇന്ത്യ 19.5 ഓവറിലാണ് ലക്ഷ്യം കണ്ടത്.
നിര്‍ണായകമായ സീരീസ് ഡിസൈഡര്‍ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ വെച്ച് നടക്കുന്ന മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാന്‍ സാധിക്കും.
ഇന്ത്യ പ്ലെയിങ് ഇലവന്‍
ശുഭ്മന്‍ ഗില്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), രാഹുല്‍ ത്രിപാഠി, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), ദീപക് ഹൂഡ, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ശിവം മാവി, അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്.
ന്യൂസിലാന്‍ഡ് ഇലവന്‍
ഫിന്‍ അലന്‍, ഡെവോണ്‍ കോണ്‍വേ (വിക്കറ്റ് കീപ്പര്‍), മാര്‍ക് ചാപ്മാന്‍, ഗ്ലെന്‍ ഫിലിപ്‌സ്, ഡാരില്‍ മിച്ചല്‍, മിക്കല്‍ ബ്രേസ്വെല്‍, മിച്ചല്‍ സാന്റ്‌നര്‍ (ക്യാപ്റ്റന്‍), ഇഷ് സോധി, ലോക്കി ഫെര്‍ഗൂസന്‍, ബ്ലയര്‍ ടിക്‌നര്‍, ബെഞ്ചമിന്‍ ലിസ്റ്റര്‍.
Content highlight: India vs New Zealand 3rd T20, Prithvi Shaw again excluded from playing eleven