ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ രണ്ടാം ഏകദിനം ആരംഭിച്ചു. ആദ്യ മത്സരത്തിലെ ഇലവനില്‍ നിന്നും രണ്ട് പ്രധാന മാറ്റങ്ങളുമായാണ് ഇന്ത്യ കളത്തിലിറങ്ങിയിരിക്കുന്നത്.
ആദ്യ മത്സരത്തില്‍ ആറാമനായി കളത്തിലിറങ്ങിയ മലയാളി താരം സഞ്ജു സാംസണെയും സൂപ്പര്‍ താരം ഷര്‍ദുല്‍ താക്കൂറിനെയും വെളിയിലിരുത്തിയാണ് ഇന്ത്യ രണ്ടാം മത്സരത്തിനിറങ്ങിയിരിക്കുന്നത്. ദീപക് ഹൂഡയും ദീപക് ചഹറുമാണ് രണ്ടാം മത്സരത്തില്‍ ഇവര്‍ക്ക് പകരം സ്ഥാനം നേടിയിരിക്കുന്നത്.
വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ റോളില്‍ റിഷബ് പന്തില്‍ തന്നെ ഇന്ത്യ വിശ്വാസമര്‍പ്പിക്കുകയായിരുന്നു.
ആദ്യ മത്സരത്തില്‍ മികച്ച പ്രകടനമായിരുന്നു സഞ്ജു കാഴ്ചവെച്ചത്. 38 പന്തില്‍ നിന്നും നാല് ബൗണ്ടറികളുടെ അകമ്പടിയോടെ 36 റണ്‍സായിരുന്നു താരം നേടിയത്. ഇതിനോടൊപ്പം തന്നെ ശ്രേയസ് അയ്യരുമായി ചേര്‍ന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കാനും സഞ്ജുവിന് സാധിച്ചിരുന്നു.
രണ്ടാം മത്സരത്തില്‍ ടോസ് ഭാഗ്യം തുണച്ചത് കിവികളെയായിരുന്നു. ആദ്യ മത്സരത്തിലേതെന്ന പോലെ ടോസ് നേടിയ കിവീസ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
എന്നാല്‍ അഞ്ച് ഓവര്‍ എറിഞ്ഞ് പൂര്‍ത്തിയാക്കുന്നതിന് മുമ്പ് മഴയെത്തിയതോടെ മത്സരം തത്കാലത്തേക്ക് നിര്‍ത്തി വെച്ചിരിക്കുകയാണ്.
4.5 ഓവറില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 22 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. എട്ട് പന്തില്‍ നിന്നും രണ്ട് റണ്‍സുമായി ക്യാപ്റ്റന്‍ ശിഖര്‍ ധവാനും 21 പന്തില്‍ നിന്നും 19 റണ്‍സ് നേടിയ ശുഭ്മന്‍ ഗില്ലുമാണ് ഇന്ത്യക്കായി ക്രിസീല്‍.
ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 306 റണ്‍സിന്റെ പടുകൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയിരുന്നു. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ബ്ലാക് ക്യാപ്‌സ് ടോം ലാഥമിന്റെയും കെയ്ന്‍ വില്യംസണിന്റെയും ഇന്നിങ്‌സിന്റെ ബലത്തില്‍ 17 പന്തും ഏഴ് വിക്കറ്റും കയ്യിലിരിക്കെ വിജയം പിടിച്ചടക്കുകയായിരുന്നു.
രണ്ടാം ഇന്നിങ്‌സില്‍ വിജയിച്ചാല്‍ ന്യൂസിലാന്‍ഡിന് പരമ്പര സ്വന്തമാക്കാന്‍ സാധിക്കും.
ഇതിന് മുമ്പ് നടന്ന ടി-20 പരമ്പരയില്‍ മഴ കളിച്ചപ്പോള്‍ കഷ്ടിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.
ഇന്ത്യ ഇലവന്‍
ശിഖര്‍ ധവാന്‍ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, ശ്രേയസ് അയ്യര്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, വാഷിങ്ടണ്‍ സുന്ദര്‍, ദീപക് ചഹര്‍, ഉമ്രാന്‍ മാലിക്, അര്‍ഷ്ദീപ് സിങ്, യൂസ്വേന്ദ്ര ചഹല്‍.
ന്യൂസിലാന്‍ഡ് ഇലവന്‍
ഫിന്‍ അലന്‍, ഡെവോണ്‍ കോണ്‍വേ, കെയ്ന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍), ഡാരില്‍ മിച്ചല്‍, ടോം ലാഥം (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ ഫിലിപ്‌സ്, മൈക്കല്‍ ബ്രേസ്വാള്‍, മിച്ചല്‍ സാന്റ്‌നര്‍, മാറ്റ് ഹെന്റി, ടിം സൗത്തി, ലോക്കി ഫെര്‍ഗൂസന്‍
Content Highlight: India vs New Zealand 2nd ODI, Sanju Samson excluded from playing eleven