| Monday, 4th September 2023, 5:00 pm

ആദ്യ പത്ത് പന്തില്‍ വിട്ടത് രണ്ട് ക്യാച്ച്; കൈവിട്ട് കൈവിട്ട് അവസാനം താളം കണ്ടെത്തിയല്ലോ!

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യാ കപ്പില്‍ നേപ്പാളിനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ ഫീല്‍ഡിങ് പിഴവുകളാണ് ചര്‍ച്ചയാകുന്നത്. ആദ്യ രണ്ട് ഓവറിനിടെ മികച്ച രണ്ട് അവസരങ്ങള്‍ കൈവന്നിട്ടും ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ അതെല്ലാം തുലച്ചുകളയുകയായിരുന്നു. ഇഷാന്‍ കിഷനും ശ്രേയസ് അയ്യരും വിരാട് കോഹ്‌ലിയുമെല്ലം ക്യാച്ച് വിടാന്‍ മത്സരിച്ചപ്പോള്‍ തലയില്‍ വെക്കാന്‍ മാത്രമായിരുന്നു ആരാധകര്‍ക്ക് സാധിച്ചത്.

ലോകകപ്പ് ഇയറില്‍ നേപ്പാള്‍ പോലെ ഒരു കുഞ്ഞന്‍ ടീമിന് മുമ്പില്‍ ഫീല്‍ഡിങ്ങില്‍ ഇരുട്ടില്‍ തപ്പുന്ന കാഴ്ച ഒരു ഇന്ത്യന്‍ ആരാധകനും അംഗീകരിക്കാന്‍ സാധിക്കുന്നതല്ല. ഇന്ത്യക്കായി പല മത്സരങ്ങളും ടൂര്‍ണമെന്റുകളും കളിച്ച സീനിയര്‍ താരങ്ങളുടെ ഭാഗത്ത് നിന്ന് പോലും നീതീകരിക്കാന്‍ സാധിക്കാത്ത തരത്തിലുള്ള പിഴവുകളാണ് വന്നുകൊണ്ടിരിക്കുന്നത്.

എന്നാല്‍ താളം വീണ്ടെടുത്ത ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചുവരികയാണ്.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ നേപ്പാളിന് മോശമല്ലാത്ത തുടക്കമാണ് ലഭിച്ചത്. ഏകദിനത്തില്‍ ടി-20 ഫോര്‍മാറ്റില്‍ ബാറ്റ് വീശിയ കുശാല്‍ ഭര്‍ട്ടല്‍ ഇന്ത്യയെ ഞെട്ടിച്ചു. 25 പന്തില്‍ 38 റണ്‍സാണ് താരം നേടിയത്. രണ്ട് സിക്‌സറും മൂന്ന് ബൗണ്ടറിയുമടക്കം 152.00 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശീയത്.

ടീം സ്‌കോര്‍ 65ല്‍ നില്‍ക്കവെ ഭര്‍ട്ടലിനെ പുറത്താക്കി ഷര്‍ദുല്‍ താക്കൂര്‍ ഇന്ത്യക്ക് ആവശ്യമായ ബ്രേക് ത്രൂ നല്‍കി. പത്താം ഓവറിലെ അഞ്ചാം പന്തില്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്റെ കൈകളിലെത്തിച്ചാണ് താരം പുറത്താക്കിയത്.

ഭര്‍ട്ടല്‍ വീണതോടെ സ്‌കോറിങ്ങിന് വേഗം കുറഞ്ഞു. ആദ്യ പത്ത് ഓവറില്‍ 65 റണ്‍സ് നേടിയ നേപ്പാള്‍ പിന്നീടുള്ള 15 ഓവറില്‍ 44 റണ്‍സാണ് നേടിയത്. നിലവില്‍ 25 ഓവര്‍ പിന്നിടുമ്പോള്‍ 109 റണ്‍സിന് നാല് എന്ന നിലയിലാണ് നേപ്പാള്‍.

17 പന്തില്‍ ഏഴ് റണ്‍സ് നേടിയ ഭീം ഷാര്‍കി, എട്ട് പന്തില്‍ അഞ്ച് റണ്‍സ് നേടിയ ക്യാപ്റ്റന്‍ രോഹിത് പൗഡല്‍, അഞ്ച് പന്തില്‍ രണ്ട് റണ്‍സ് നേടിയ കുശാല്‍ മല്ല എന്നിവരുടെ വിക്കറ്റാണ് നേപ്പാളിന് നഷ്ടമായത്.

ഭീം ഷാര്‍കിയെ ക്ലീന്‍ ബൗള്‍ഡാക്കിയ ജഡേജ പൗഡലിനെ രോഹിത് ശര്‍മയുടെ കൈകളിലെത്തിച്ചും പുറത്താക്കി. ജഡേജയുടെ തന്നെ പന്തില്‍ മുഹമ്മദ് സിറാജിന് ക്യാച്ച് നല്‍കിയായിരുന്നു മല്ലയുടെ മടക്കം.

നിലവില്‍ 84 പന്തില്‍ 47 റണ്‍സുമായി ഓപ്പണര്‍ ആസിഫ് ഷെയ്ഖും 11 പന്തില്‍ ആറ് റണ്‍സുമായി ഗുല്‍സന്‍ ഝായുമാണ് ക്രീസില്‍. ഇന്ന് ജയിക്കുന്ന ടീമിന് സൂപ്പര്‍ ഫോറില്‍ പ്രവേശിക്കാം എന്നതിനാല്‍ ഇരുടീമിനും മത്സരം നിര്‍ണായകമാണ്.

പാകിസ്ഥാനെതിരായ മത്സരം മഴ മൂലം ഉപേക്ഷിക്കേണ്ടി വരികയും പോയിന്റ് പങ്കുവെക്കേണ്ടി വരികയും ചെയ്ത സാഹചര്യത്തിലാണ് ഇന്ത്യയെ സംബന്ധിച്ച് ഈ മത്സരം ഡു ഓര്‍ ഡൈ എന്ന നിലയിലേക്കെത്തിയത്.

Content Highlight: India vs Nepal, India’s poor fielding performance

We use cookies to give you the best possible experience. Learn more