| Tuesday, 3rd October 2023, 8:57 am

ഏഴ് സിക്‌സും എട്ട് ഫോറുമായി 48 പന്തില്‍ സെഞ്ച്വറി, ഒപ്പം തകര്‍പ്പന്‍ ഫിനിഷിങ്ങും; ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഏഷ്യന്‍ ഗെയിംസ് പുരുഷ വിഭാഗം ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ വമ്പന്‍ ടോട്ടല്‍ പടുത്തുയര്‍ത്തി ഇന്ത്യ. ക്വാര്‍ട്ടര്‍ ഫൈനലില്‍ നേപ്പാളിനെതിരെ 202 റണ്‍സിന്റെ ടോട്ടലാണ് ഇന്ത്യ പടുത്തുയര്‍ത്തിയത്. നേരിട്ട് ക്വാര്‍ട്ടര്‍ പ്രവേശനം ലഭിച്ചതിനാല്‍ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ മത്സരമായിരുന്നു ഇത്.

ZJUT സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തുക്കൊണ്ട് യശസ്വി ജെയ്‌സ്വാളും ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദും ഇന്ത്യക്ക് മികച്ച തുടക്കം നല്‍കി.

ടീം സ്‌കോര്‍ 103ല്‍ നില്‍ക്കവെ ഗെയ്ക്വാദിനെ ഇന്ത്യക്ക് നഷ്ടമായി. ദീപേന്ദ്ര സിങ് ഐറിയുടെ പന്തില്‍ രോഹിത് പൗഡലിന് ക്യാച്ച് നല്‍കിയാണ് ഗെയ്ക്വാദ് പുറത്തായത്. പിന്നാലെയെത്തിയ തിലക് വര്‍മ പത്ത് പന്തില്‍ രണ്ട് റണ്‍സും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജിതേഷ് ശര്‍മ നാല് പന്തില്‍ അഞ്ച് റണ്‍സുമായി മടങ്ങി.

ടീം സ്‌കോര്‍ 50 നില്‍ക്കവെ ജെയ്‌സ്വാളും മടങ്ങി. 49 പന്തില്‍ നൂറടിച്ചായിരുന്നു രാജസ്ഥാന്‍ റോയല്‍സ് ഓപ്പണറുടെ മടക്കം. ഏഴ് സിക്‌സറും എട്ട് ബൗണ്ടറിയുമായിരുന്നു ജെയ്‌സ്വാളിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്. 204.08 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു ജെയ്‌സ്വാള്‍ റണ്ണടിച്ചുകൂട്ടിയത്.

അഞ്ചാം നമ്പറില്‍ ഇറങ്ങിയ ശിവം ദുബെയും ഫിനിഷറുടെ റോളിലെത്തിയ റിങ്കു സിങ്ങും ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചു. ദുബെ 19 പന്തില്‍ 25 റണ്‍സ് നേടിയപ്പോള്‍ 15 പന്തില്‍ 37 റണ്‍സായായിരുന്നു റിങ്കു സിങ്ങിന്റെ സമ്പാദ്യം. നാല് സിക്‌സറും രണ്ട് ബൗണ്ടറിയുമായിരുന്നു റിങ്കുവിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

ഒടുവില്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റിന് 202 എന്ന നിലയില്‍ ഇന്ത്യ പോരാട്ടം അവസാനിപ്പിച്ചു. നേപ്പാളിനായി ദീപേന്ദ്ര സിങ് ഐറി രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ സന്ദീപ് ലാമിഷാനും സോംപല്‍ കാമിയും ഓരോ വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ നേപ്പാള്‍ അഞ്ച് ഓവര്‍ പിന്നിടുമ്പോള്‍ 40 റണ്‍സിന് ഒരു വിക്കറ്റ് എന്ന നിലയിലാണ്. ആറ് പന്തില്‍ പത്ത് റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ ആസിഫ് ഷെയ്ഖിന്റെ വിക്കറ്റാണ് നേപ്പാളിന് നഷ്ടമായത്. ആവേശ് ഖാന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മക്ക് ക്യാച്ച് നല്‍കിയാണ് ആസിഫ് ഷെയ്ഖ് മടങ്ങിയത്.

22 പന്തില്‍ 26 റണ്‍സുമായി കുശാല്‍ ഭര്‍ട്ടലും രണ്ട് പന്തില്‍ റണ്‍സൊന്നും നേടാതെ കുശാല്‍ മല്ലയുമാണ് ക്രീസില്‍.

Content highlight: India vs Nepal, Asian Games. India scored 202 runs

Latest Stories

We use cookies to give you the best possible experience. Learn more