| Friday, 24th June 2022, 7:46 am

ഒറ്റ മത്സരം ഇംഗ്ലീഷ് ടീമിന്റെ തലവര തന്നെ മാറ്റിക്കളഞ്ഞു; ഇനി അവരുടെ ചരിത്രം ഇന്ത്യയുടെ വരവിന് മുമ്പും ശേഷവും

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ഒറ്റ ടെസ്റ്റിന് മുന്നോടിയായി നടക്കുന്ന സന്നാഹമത്സരത്തിന്‍ ഇന്ത്യയും – ലെസ്റ്റര്‍ഷെയറും ഏറ്റുമുട്ടുന്നു. ചതുര്‍ദിന സന്നാഹ മത്സരത്തിലാണ് ഇരുവരും തമ്മില്‍ ഏറ്റുമുട്ടുന്നത്.

ഇന്ത്യന്‍ താരങ്ങള്‍ ലെസ്റ്റര്‍ഷെയറിനായി കളിക്കുന്നു എന്ന പ്രത്യേകതയും സന്നാഹ മത്സരത്തിനുണ്ട്. പ്രസിദ്ധ് കൃഷ്ണ, റിഷബ് പന്ത്, ചേതേശ്വര്‍ പൂജാര, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ എന്നിവരാണ് ഇന്ത്യയ്‌ക്കെതിരെ കളിക്കുന്നത്.

മഴമൂലം ആദ്യദിവസത്തെ കളി നേരത്തെ അവസാനിപ്പിച്ചിരുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ 246 റണ്‍സിന് എട്ട് വിക്കറ്റ് എന്ന നിലയിലാണ് ആദ്യ ദിനം അവസാനിപ്പിച്ചിരിക്കുന്നത്.

മുന്‍നിര വിക്കറ്റുകളെല്ലാം ഒന്നിന് പിന്നാലെ ഒന്നായി വീണപ്പോള്‍ ഇന്ത്യന്‍ നിര പരുങ്ങലിലായിരുന്നു. എന്നാല്‍ കെ.എസ്. ഭരതിന്റെ അണ്‍ബീറ്റണ്‍ പെര്‍ഫോര്‍മെന്‍സാണ് ഇന്ത്യയ്ക്ക് തുണയായത്. 111 പന്തില്‍ നിന്നും പുറത്താവാതെ 70 റണ്‍സെടുത്ത ഭരതും 26 പന്തില്‍ നിന്നും 18 റണ്‍സ് നേടിയ ഷമിയുമാണ് ഇപ്പോള്‍ ക്രീസിലുള്ളത്.

ഭരത് തന്നെയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. 69 പന്തില്‍ നിന്നും 33 റണ്‍സടിച്ച വിരാട് കോഹ്‌ലിയാണ് ഇന്ത്യന്‍ നിരയില്‍ രണ്ടാമത്തെ വലിയ സ്‌കോര്‍ കണ്ടെത്തിയ താരം.

ലെസ്റ്റര്‍ഷെയറിനായി ബുംറ അമ്പത് ഓവറാണ് എറിഞ്ഞിട്ടുള്ളത്, വിക്കറ്റൊന്നും ലഭിച്ചിട്ടുമില്ല.

ഇന്ത്യയോടുള്ള ഏറ്റുമുട്ടല്‍ ഏറ്റവുമധികം ഗുണം ചെയ്തിരിക്കുന്നത് ലെസ്റ്റര്‍ഷയറിന് തന്നെയാണെന്ന് നിസ്സംശയം പറയാം. ഇന്ത്യ പോലുള്ള ഒരു ടീമിനെതിരെ കളിക്കുന്നതും, ഇന്ത്യയുടെ സൂപ്പര്‍ താരങ്ങള്‍ തങ്ങളുടെ ടീമിന് വേണ്ടി കളിക്കുന്നതുമെല്ലാം ലെസ്റ്റര്‍ഷെയറിനെ സംബന്ധിച്ച് പുത്തന്‍ അനുഭവം തന്നെയായിരിക്കും.

ഇതിനെല്ലാം പുറമെ ലെസ്റ്റര്‍ഷെയറിന്റെ ഒഫീഷ്യല്‍ യൂട്യൂബ് ചാനലിനും ഈ മത്സരം കാരണം നേട്ടമുണ്ടായിട്ടുണ്ട്. മത്സരം ലൈവായി സ്ട്രീം ചെയ്തതുതന്നെയായിരുന്നു നേട്ടത്തിന് കാരണം.

ഇന്ത്യയുമായുള്ള മത്സരം തുടങ്ങുന്നതിന് മുമ്പ് 47,000ത്തോളം സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ടായിരുന്നത് ഒറ്റ ദിവസം കൊണ്ട് ഒരു ലക്ഷത്തി ഇരുപതിനായിരത്തിലേക്കുയര്‍ന്നിട്ടുണ്ട്. 122K സബ്‌സ്‌ക്രൈബേഴ്‌സാണ് നിലവില്‍ ചാനലിനുള്ളത്. ഇത് ഇന്ത്യന്‍ ആരാധകര്‍ തന്നെയാണെന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ.

മത്സരത്തിന്റെ രണ്ടാം ദിനം തുടങ്ങാനിരിക്കെ വിജയം സ്വന്തമാക്കാന്‍ തന്നെയാണ് ഇന്ത്യ ഒരുങ്ങുന്നത്.

ടീം ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍, വിരാട് കോഹലി, ശ്രേയസ് അയ്യര്‍, ഹനുമ വിഹാരി, കെ.എസ്. ഭരത്, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ താക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്.

ലെസ്റ്റര്‍ഷെയര്‍: സാം ഇവന്‍സ് (ക്യാപ്റ്റന്‍), റെഹാന്‍ അഹമ്മദ്, സാം ബേറ്റ്‌സ്, നാറ്റ് ബൗളി, വില്‍ ഡേവിസ്, ജോയി എവിസണ്‍, ലൂയിസ് കിംബര്‍, അബി സകന്ദേ, റോമന്‍ വാക്കര്‍, ചേതേശ്വര്‍ പൂജാര, റിഷബ് പന്ത്, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ.

Content Highlight: India vs Leicestershire match continues,  Leicestershire’s YouTube channel got record subscribers

We use cookies to give you the best possible experience. Learn more